പള്ളികളുടെ നാട്ടിലെ പെരുന്നാള്‍
ചരിത്രമുറങ്ങുന്ന തുറമുഖ നഗരമെന്നും മലബാറിന്റെ മക്കയെന്നും ഖ്യാതിയുള്ള പൊന്നാനി പള്ളികളുടെ സംഗമഭൂമി കൂടിയാണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്കും അധിനിവേശ വിരുദ്ധ മുന്നേറ്റങ്ങള്‍ക്കും കരുത്ത് പകര്‍ന്ന ഈ മണ്ണില്‍ മുസ്‌ലിം സാംസ്‌കാരികതയുടെ വേറിട്ട മുഖം പള്ളികളുടെ ആധിക്യം പ്രകടമാക്കുന്നു. പൊന്നാനി നഗരസഭ പരിധിയില്‍ 87 മുസ്‌ലിം പള്ളികളുണ്ടെന്നാണ് കണക്ക്. മുസ്‌ലിം ജനസമൂഹം തിങ്ങിപ്പാര്‍ക്കുന്ന കനോലി കനാലിന് പടിഞ്ഞാറ് ഭാഗത്തെ ഒരു കിലോമീറ്റര്‍ പരിധിയില്‍ 19 ജുമാമ സ്ജിദുകളുള്‍പ്പടെ വഖഫ് ചെയ്ത 50 പള്ളികളാണുള്ളത്. ലോകപ്രശസ്ത ചരിത്രകാരന്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ സ്ഥാപിച്ച വലിയ ജുമാമസ്ജിദ് ഇക്കൂട്ടത്തില്‍ പെടും. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള തോട്ടുങ്ങല്‍ പള്ളിയാണ് പൊന്നാനിയിലെ പള്ളികളില്‍ ആദ്യത്തേത്. മീറ്ററുകളുടെ വ്യത്യാസത്തില്‍ പള്ളികള്‍ നിരന്ന് നില്‍ക്കുന്നത് പൊന്നാനിയിലെ മാത്രം കാഴ്ചയായിരിക്കും. റോഡിന് ഇരുവശത്തും രണ്ടു പള്ളികളെന്നതും ഒരു വാര്‍ഡിനകത്ത് ആറ് പള്ളികളുണ്ടെന്നതും മറ്റെവിടെയും കാണാനാകില്ല. മതവിജ്ഞാന രംഗത്ത് പൊന്നാനി സാധ്യമാക്കിയ ഉന്നത നിലവാരത്തിന്റെ ബാക്കി പത്രമെന്നോണം ഉയര്‍ന്നതാണ് ഇവിടത്തെ ഓരോ പള്ളികളും. 
ആഘോഷങ്ങളും ആരാധാന കര്‍മങ്ങളിലും പൊന്നാനിയുടേതായ ഗൃഹാതുരത്വം പ്രകടമായിരുന്നു. റമദാന്‍ വ്രതനാളുകളിലും തുടര്‍ന്നുള്ള ചെറിയ പെരുന്നാളിനും ഇത് പഴമയുടെ പെരുമയോടെ നിലനിന്നു. മതപരമായ നിഷേധങ്ങളൊന്നും കടന്നുവരാതിരുന്ന റമദാന്‍ വിശേഷങ്ങള്‍ മറവിയുടെ കൂട്ടിലൊളിപ്പിക്കാതെ ആവേശത്തോടെയും ആഹ്ലാദത്തോടെയും ഇന്നും നിലനിര്‍ത്തിപ്പോരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ആഘോഷങ്ങളുടെ ഘടനയില്‍ വന്ന മാറ്റം ഇവിടെയും സംഭവിച്ചിട്ടുണ്ടാകാമെങ്കിലും നന്മയില്‍ ചാലിച്ച ചില പഴമയുടെ അവശേഷിപ്പുകള്‍ പൊന്നാനിയുടെ സ്വന്തം രീതികളായി ഇന്നും നിലനില്‍ക്കുന്നു.
മുഴക്കം നിലക്കാതെ കതിനവെടി
ആകാശത്ത് ശവ്വാലിന്റെ മാസപ്പിറ ദൃശ്യമായാല്‍ പെരുന്നാളിന്റെ വരവറിയിച്ച് മുഴങ്ങിയിരുന്ന കതിനവെടി ശബ്ദം പഴമക്കാരുടെ കാതുകളില്‍ നിന്ന് ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. പൊന്നാനി വലിയ ജുമുഅത്തുപള്ളിയില്‍ നിന്നായിരുന്നു കതിന വെടി മുഴക്കിയിരുന്നത്. പിന്നീടത് വലിയജാറത്തിലേക്ക് മാറ്റി. മാസപ്പിറവി അറിയിക്കാന്‍ ആശ്രയിച്ചിരുന്ന കതിനവെടിയുടെ ശബ്ദം കേള്‍ക്കാന്‍ ദൂരെദിക്കുകളിലുള്ളവര്‍വരെ കാത് കൂര്‍പ്പിച്ചിരിക്കുമായിരുന്നു. സാങ്കേതിക വിദ്യയുടെ വികാസവും കതിന പൊട്ടിക്കാന്‍ ആളെകിട്ടാനില്ലാത്തതും വെടിയൊച്ചയുടെ മുഴക്കം നിലക്കാന്‍ കാരണമായി. അടുത്തകാലംവരെ പൊന്നാനിയില്‍ നിന്നുയര്‍ന്ന കതിന വെടിയുടെ ശബ്ദം പുതിയ തലമുറയിലുള്ളവര്‍ക്കും ഓര്‍മയില്‍ തങ്ങി നില്ക്കുന്നതാണ്. പെരുന്നാള്‍ മാസപ്പിറവിയെപ്പോലെ റമദാന്‍ വ്രതാരംഭം അറിയിച്ചിരുന്നതും കതിന വെടിയിലൂടെയായിരുന്നു.
റമദാനിലെ പൊന്നാനിയുടെ മാത്രം വിശേഷങ്ങളായ മുക്താഴ വെടി, പാനൂസ എന്നിവയും പെരുന്നാളിന് പകിട്ടേകാന്‍ ഉണ്ടാകും. പീരങ്കിമാതൃകയില്‍ നിര്‍മിച്ച മുളക്കുറ്റി ഉപയോഗിച്ച് വെടിപൊട്ടിക്കുന്നതാണ് മുക്താഴ വെടി. മുള പ്രത്യേക രൂപത്തില്‍ മുറിച്ച് വായു നിറച്ചശേഷം തീ കാണിക്കുമ്പോള്‍ വെടിയൊച്ചപോലെ ശബ്ദം ഉണ്ടാകുന്നതാണിത്. വാഹനങ്ങള്‍ വിവിധ ജീവികള്‍ എന്നിവയുടെ മാതൃക മുളകീറുകൊണ്ട് കെട്ടിയുണ്ടാക്കി വര്‍ണകടലാസ് ഉപയോഗിച്ച് പൊതിയുകയും അതിനകത്ത് പ്രകാശിപ്പിക്കുന്നതുമാണ് പാനൂസ്. പെരുന്നാള്‍ ദിവസങ്ങളില്‍ പാനൂസ് വീടിനുപുറത്ത് തൂക്കിയിട്ട് ആഘോഷങ്ങള്‍ക്ക് നിറം പകരും.
ജെ എം റോഡിലെ പെരുന്നാള്‍ രാവ്
പെരുന്നാള്‍ മാസപ്പിറവി ദര്‍ശിച്ചാല്‍ ജെഎം റോഡിലേക്ക് പൊന്നാനി ഒഴുകിയെത്തും. പൊന്നാനി കിണര്‍‌സ്റ്റോപ്പ് മുതല്‍ വലിയ ജുമാഅത്ത് പള്ളിവരെയുള്ള ഇടുങ്ങിയ പാതയാണ് ജെ എം റോഡ്. മാസപ്പിറവി കണ്ടതുമുതല്‍ സൂര്യോദയം വരെ വിശ്വാസികളെകൊണ്ട് തിങ്ങി നിറയുന്ന ഈ കൊച്ചുപാത സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വഴിയോര കച്ചവടക്കാരാണ് ഇവിടുത്തെ ആകര്‍ഷണം. കളിക്കോപ്പുകളാണ് കച്ചവടത്തിലെ പ്രധാന ഇനം. പെരുന്നാള്‍ ആഘോഷത്തിന്റെ പ്രധാനഘട്ടമായാണ് പൊന്നാനിക്കാര്‍ കുട്ടികളെയും കൊണ്ടുള്ള ജെ എം റോഡിലെ ചുറ്റിതിരിയലിനെ കണക്കാക്കുന്നത്. ജെ എം റോഡിലെത്താതെ എന്ത് പെരുന്നാള്‍ രാവെന്ന് ചോദിക്കുന്നവരാണ് ഇവിടുത്തെ ഓരോ കൊച്ചുകുട്ടിയും.
മൈലാഞ്ചിക്കാട്ടില്‍ നിന്നുള്ള മൈലാഞ്ചി
വിവിധ നിറത്തിലും കോലത്തിലുമുള്ള മൈലാഞ്ചി ട്യൂബുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും പൊന്നാനിക്കാരില്‍ അധികപേര്‍ക്കും മൈലാഞ്ചിക്കാട്ടില്‍ നിന്ന് കൊണ്ടുവന്ന മൈലാഞ്ചി ഇലകള്‍ അരച്ചിട്ടാലേ പെരുന്നാളിന്റെ സംതൃപ്തി ലഭിക്കൂ. പുതുപൊന്നാനിക്കടുത്ത് ദേശീയപാതയോരത്തെ കൊച്ചുസ്ഥലമാണ് മൈലാഞ്ചിക്കാട്. തീരദേശത്തോട് ചേര്‍ന്ന സ്ഥലമായതിനാല്‍ ഇവിടെനിന്നുള്ള മൈലാഞ്ചി അരച്ചിട്ടാല്‍ കുറേ ദിവസം ചുവപ്പ് മായാതെ നില്‍ക്കുമെന്നതാണ് ട്യൂബുകളുടെ കുത്തൊഴുക്കിലും ഇവിടത്തെ ഇലകളെ കയ്യൊഴിയാതിരിക്കാന്‍ കാരണമാകുന്നത്. 
അരീരപ്പം മുതല്‍ കുറൈവത്ത് വരെ
പലഹാരങ്ങളുടെ കാര്യത്തില്‍ പൊന്നാനി സ്‌പെഷ്യല്‍ പെരുന്നാളിന്റെ മധുരം ഇരട്ടിയാക്കും. പെരുന്നാളിന് മാത്രം തയ്യാറാക്കുന്ന അര ഡസനോളം വിഭവങ്ങളുണ്ട്. ദിവസങ്ങളോളം സൂക്ഷിച്ച് വെച്ചാലും കേടായി പോകാത്ത രീതിയിലാണ് ഇവയൊരുക്കുന്നത്. അരീരപ്പമാണ് ഇതില്‍ പ്രധാനം. അരിപ്പൊടി, ശര്‍ക്കര, തേങ്ങ എന്നിവ ചേര്‍ത്താണ് ഇവയുണ്ടാക്കുന്നത്. കൂടാതെ ചുക്കപ്പം, കാരക്കപ്പം, അമ്പായത്തിന്റട, കൂരം വറുത്തത്, അച്ചപ്പം, കുറൈവത്ത് എന്നിവയും പെരുന്നാളിന്റെ പ്രത്യേക വിഭവങ്ങളാണ്. പെരുന്നാള്‍ ദിനത്തില്‍ വീടുകളിലെത്തുന്നവര്‍ക്ക് ഇവയാണ് പലഹാരമായി നല്കുക. മിക്ക വീടുകളിലും ഒരേ വിഭവങ്ങളായിരിക്കും അതിഥികളുടെ മുന്നില്‍ നിരത്തിവെക്കുകയെന്ന പ്രത്യേകതയുമുണ്ട്.
ഇല്ലത്ത് പോകലും പെരുന്നാള്‍ പൈസയും
മരുമക്കത്തായം നിലനില്‍ക്കുന്ന പൊന്നാനിയില്‍ പെരുന്നാള്‍ ദിനം ബാപ്പയുടെ വീട്ടിലാണ് ചെലവഴിക്കുക. ബാപ്പയുടെ തറവാട് വീടിന് ഇല്ലമെന്നാണ് പറയുക. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് കുടുംബസമേതം ഇല്ലത്തേക്ക് പുറപ്പെടും. കാരണവന്മാരും വീട്ടിലെ മറ്റംഗങ്ങളും ഒത്തുചേരും. എല്ലാവരും ഒരുമിച്ച് ചേര്‍ന്നാണ് ഭക്ഷണം. പെരുന്നാള്‍ ദിനത്തില്‍ പ്രാതലും ഉച്ചഭക്ഷണവും വേറെ വേറെ ഉണ്ടാകാറില്ല. ഭക്ഷണ ശേഷം കുട്ടികള്‍ക്ക് കാരണവന്‍മാരും കുടുംബത്തിലെ ജോലിയുള്ള അംഗങ്ങളും പെരുന്നാള്‍ പൈസ വിതരണം ചെയ്യും. പുത്തന്‍ നോട്ടുകളാണ് ഇതിനായി കരുതിവെച്ചിട്ടുണ്ടാവുക. കുടുംബാംഗങ്ങളില്‍ നിന്ന് പെരുന്നാള്‍ പൈസ കൈക്കലാക്കാന്‍ കുട്ടികള്‍ തിക്കുംതിരക്കും കൂട്ടുന്നത് പെരുന്നാള്‍ ദിനത്തിലെ കനമുള്ള കാഴ്ചയാണ്. 
മണല്‍പരപ്പിലെ പെരുന്നാള്‍ നമസ്‌കാരം
കഴിഞ്ഞ രണ്ടുവര്‍ഷമായി ഫിഷിംഗ് ഹാര്‍ബറിലെ മണല്‍പരപ്പില്‍ നടക്കുന്ന സംയുക്ത പെരുന്നാള്‍ നമസ്‌കാരം പൊന്നായിലെ വിശ്വാസി സമൂഹത്തിന് നല്കുന്ന കണ്‍കുളിര്‍മയും മനസംതൃപ്തിയും പറഞ്ഞറിയിക്കാനാകാത്തതാണ്. പതിനായിരത്തിലേറെ പേര്‍ ഒരുമിച്ചുകൂടുന്ന സംഗമവേദിയായി സംയുക്ത ഈദുഗാഹ് മാറിയത് പെരുന്നാളാഘോഷത്തിന് ആവേശം പകരുന്നു. അനിവാര്യതയുടെ സാഹചര്യമൊന്നുമില്ലാതെ സ്വയം സന്നദ്ധതയില്‍ നിന്ന് രൂപംകൊണ്ടതാണ് പൊന്നാനിയിലെ സംയുക്ത ഈദ്ഗാഹ്. വിഭാഗീയതകളെ മാറ്റിനിര്‍ത്തി പരസ്പരമുള്ള സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും വിശാലത പ്രകടമാക്കിയ പൊന്നാനിയുടെ ചരിത്രത്തിന്റെ ആവര്‍ത്തനം കൂടിയായിരുന്നു മണല്‍പരപ്പിലെ സംയുക്ത പെരുന്നാള്‍ നമസ്‌കാരം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡോ. ഹുസൈന്‍ മടവൂരും ടി ആരിഫലിയും പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്കിക്കൊണ്ടി വാരിവിതറയിലെ ആഘോഷത്തിന്റെ ആവേശം പള്ളികളുടെ നാട്ടിലെ പെരുന്നാളിനെ വേറിട്ടതാക്കുന്നു.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്