കരിങ്കൊടിയും കോലംകത്തിക്കലും പിന്നെ ചീമുട്ടയേറും

രാജ്യത്ത് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ രാഷ്ട്രീയ വിപണിയില്‍ മൂല്യത്തകര്‍ച്ചയില്ലാതെ പിടിച്ചു നിന്ന രണ്ടുല്‍പന്നങ്ങളാണ് കറുത്ത തുണിയും ചീഞ്ഞ കോഴിമുട്ടയും. സംസ്ഥാന ഭരണം മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ വികസനവും കരുതലുമായി യു.ഡി.എഫ് സര്‍ക്കാര്‍ അതിവേഗം ബഹുദൂരം പിന്നിട്ടതിന്റെ രേഖപ്പെടുത്തല്‍ കൂടിയായി വേണം കറുത്ത തുണി, കോഴിമുട്ട വിപണികളിലുണ്ടായ കുതിച്ചുചാട്ടത്തെ കാണാന്‍. സംസ്ഥാനത്തൊട്ടാകെ ഇവ രണ്ടിനും ആവശ്യക്കാര്‍ ഓരേ സമയമുണ്ടായതെന്നതാണ് വിപണന രംഗത്തെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രൗഡമായി ആഘോഷിച്ച ശേഷം സംസ്ഥാനത്ത് കാര്യമായ ഭരണമൊന്നും നടന്നിട്ടില്ലെങ്കിലും കറുത്ത തുണിക്കും, ചീഞ്ഞ മുട്ടക്കും ഏറെ ആവശ്യക്കാരെ ഉണ്ടാക്കികൊടുത്തതില്‍ സരിത മാഡത്തോടും കൂട്ടരോടുമുള്ള കൃതജ്ഞത പറഞ്ഞറിയിക്കാനാകാത്തതാണ്.
ഭരണ പക്ഷത്തേയും, പ്രതിപക്ഷത്തേയും യുവതുര്‍ക്കികള്‍ ഒരേസമയം പ്രതിഷേധ ജ്വാല തീര്‍ത്ത് റോഡിലിറങ്ങിയ കാലം കൂടിയാണിത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെയും, ഭരണത്തിലിരിക്കുന്ന യുവകേസരികള്‍ സ്വന്തം മുന്നണിക്കാരനായ ചീഫ് വിപ്പിനെതിരെയുമാണ് കൊമ്പുകോര്‍ത്തത്. കരിങ്കൊടിയുടെ പാറ്റന്റ് പ്രതിപക്ഷ യുവത്വം മുഖ്യമന്ത്രിക്ക് നല്‍കിയതുകൊണ്ടാകാം ഭരണക്കാര്‍ പ്രതിഷേധത്തിന് ചീമുട്ട തിരഞ്ഞെടുത്തത്. കണക്കില്ലാതെ കത്തിച്ച കോലങ്ങളുടെ പുകയും, പൊട്ടിച്ചിതറിയ എണ്ണമറ്റ ചീമുട്ടയുടെ ദുര്‍ഗന്ധവും കാരണം കണ്ണും മൂക്കും പൊത്താതെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് ഭരണക്കാര്‍ ചേര്‍ന്ന് ഉണ്ടാക്കി വെച്ചിരിക്കുന്നത്. മൂന്ന് നാല് മാസത്തിലേറെയായി സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന കരിമ്പുകകള്‍ തുടച്ചു നീക്കി തെളിമയുള്ളതാക്കാന്‍ ആവശ്യമായവ ഇറക്കുമതി ചെയ്യാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. കോലങ്ങളും, കറുത്ത തുണിയും, ചീമുട്ടയും സംസ്ഥാനത്തിന്റെ പൊതു വിപണിയില്‍ നിന്ന് നിരോധിക്കാന്‍ ഇനിയും വൈകിയാല്‍ ഇവയുണ്ടാക്കുന്ന വൃത്തികേടുകള്‍ തൂത്തുമാറ്റാന്‍ ചൂലും, ചാണകവെള്ളവുമായി കാഴ്ചക്കാരായിരിക്കുന്നവര്‍ നിരത്തിലിറങ്ങും.
                  നാട് ഭരിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ അപ്പണി വെടിപ്പോടെ ചെയ്യാതിരിക്കുമ്പോള്‍ ചൂരല്‍ കഷായം വിധിക്കാനുള്ള അവകാശം ജനാധിപത്യത്തിലെ ഒന്നാം കിടക്കാരായ ജനത്തിന് തീറെഴുതി നല്‍കേണ്ടതായിരുന്നു. ഭരണക്കാര്‍ കാണിച്ചുകൂട്ടുന്ന തോന്നിവാസങ്ങളെ അഞ്ച് വര്‍ഷം സഹിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. അധികാരത്തിലേറെയാല്‍ അഞ്ച് വര്‍ഷത്തേക്ക് ചോദിക്കാനും പറയാനും ആരും വരില്ലെന്ന ഉറച്ച ബോധ്യം പൊതുജനത്തിന് മേല്‍ കുതിര കയറാനുള്ള ലൈസന്‍സായാണ് ഭരണക്കാര്‍ കാണുന്നത്. ഭരണത്തെ നിരീക്ഷിക്കാനും, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ താക്കീത് നല്‍കാനും ജനാധിപത്യ ക്രമത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്തത് കൊണ്ടുതന്നെ അഞ്ചാണ്ടിലൊരിക്കല്‍ കടന്നു വരുന്ന തെരഞ്ഞെടുപ്പിനെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്ന സൗകര്യം ഇവര്‍ വേണ്ടുവോളം ഉപയോഗപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രണ്ട് മുന്നണികള്‍ക്ക് മാത്രം ഇടമുള്ളതിനാല്‍ കുരുത്തക്കേടുകള്‍ എന്തൊക്കെ കാട്ടികൂട്ടിയാലും അധികാര വഴിയിലേക്ക് മടങ്ങി വരിക അപ്രാപ്യമല്ലെന്ന തിരിച്ചറിവും ഭരണകര്‍ത്താക്കള്‍ക്കുണ്ട്. ഭരിക്കുന്നവര്‍ ചെയ്ത്കൂട്ടുന്ന നെറികേടുകള്‍ കണ്ട് പൊറുതിമുട്ടുമ്പോള്‍ നീതി പീഠങ്ങള്‍ ഇടക്കിടെ നിരീക്ഷണങ്ങളായി ചിലതൊക്കെ പുറപ്പെടുവിക്കാറുണ്ടെങ്കിലും അതിനെ വ്യാഖ്യാനിച്ച് വെളുപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കാറുള്ളത്.
ഭരിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിരിക്കുന്നവര്‍ സമരവും പ്രതിഷേധവും സംഘടിപ്പിക്കുന്നത് കീഴ് വഴക്കമായി പരിഗണിച്ച് നീതീകരിക്കാവുന്നതാണ്. ഭരണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയുമാണ്. ഭരണത്തെ മികവുറ്റതാക്കുന്ന തരത്തില്‍ ശാസ്ത്രീയവും ക്രിയാത്മകവുമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നിടത്താണ് പ്രതിപക്ഷം കര്‍ത്തവ്യബോധമുള്ള ജനപക്ഷ വക്താക്കളായി മാറുക. കേരളത്തിന്റെ ഭരണ സാഹചര്യം വിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടാല്‍ പ്രതിപക്ഷത്തിന്റെ റോള്‍ അധികവും എടുത്തണിയാറുള്ളത് ഭരണകക്ഷിയിലെ ഗ്രൂപ്പുകളോ, മുന്നണിയിലെ ഘടകകക്ഷികളോ ആണ്. ഭരണത്തെ നന്നാക്കുക എന്ന കര്‍ത്തവ്യത്തിന് പകരം സര്‍ക്കാറിനെ മുള്‍മുനയില്‍ നിറുത്തി കാര്യങ്ങള്‍ നേടിയെടുക്കുകയെന്നതിനാണ് ഇവര്‍ പ്രാമുഖ്യം നല്‍കാറുള്ളത്. ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നത് ജനാധിപത്യ ക്രമത്തോടുള്ള വെല്ലുവിളിയായതിനാല്‍ വെടക്കാക്കി തനിക്കാക്കുകയെന്ന പോളിസിയാണ് പ്രതിപക്ഷത്തിന്റെ റോള്‍ സ്വയം ഏറ്റെടുത്തവര്‍ ചെയ്ത് പോരുന്നത്. ഉള്‍പാര്‍ട്ടി പോരും, മുന്നണിക്കകത്തെ വിഴുപ്പലക്കലും ഭരണ രംഗത്തെ നിശ്ചലമാക്കുന്ന രീതി മുന്നണി വ്യത്യാസമില്ലാതെ തുടര്‍ന്ന് വരികയാണ്. ഭരിക്കാന്‍ നിശ്ചയിച്ച് നല്‍കുന്ന അഞ്ച് വര്‍ഷത്തെ മുക്കാല്‍ ഭാഗവും ഭരണം നിലനിറുത്താനുള്ള പെടാപാടുകള്‍ക്കായി മാറ്റിവെക്കേണ്ടി വരുന്നു. ആഭ്യന്തര കലഹങ്ങള്‍ പരിഹരിച്ച് വോട്ട് ചെയ്ത് ജയിപ്പിച്ചവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഒരുങ്ങുമ്പോഴേക്ക് അവസാന പിരിയഡും കഴിഞ്ഞ് ലോങ്ങ് ബെല്‍ അടിക്കാന്‍ സമയമായിട്ടുണ്ടാകും.
വികസനവും കരുതലുമെന്ന സുന്ദരമായ ഭരണ മുദ്രാവാക്യം ഉയര്‍ത്തി മൂന്നാം വര്‍ഷത്തിലേക്ക് കടന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ഭരണത്തിന്റെ വഴിയില്‍ വിലങ്ങുതടി തീര്‍ക്കുന്നവര്‍ സ്വന്തക്കാരാണെന്നത് പകല്‍ പോലെ വെളിപ്പെട്ടതാണ്. ഉമ്മന്‍ചാണ്ടിയെന്ന ജനകീയ ഭരണാധികാരിയുടെ ഭരണ മികവ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ നിഷേധിക്കപ്പെടുന്നതിനാണ് പാളയത്തില്‍പ്പട വഴിവെച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ തന്ത്രങ്ങളുടെ വഴിയില്‍ കൂച്ചുവിലങ്ങിടാന്‍ ശേഷിയുള്ള ഉമ്മന്‍ചാണ്ടി സ്വന്തക്കാരൊരുക്കിയ കെണികള്‍ക്ക് മുന്നില്‍ തളച്ചിടപ്പെട്ടു. മലപോലെ വന്ന സെക്രട്ടേറിയറ്റ് ഉപരോധത്തെ മഞ്ഞാക്കി മാറ്റിയ ചെപ്പടിവിദ്യ കുഞ്ഞൂഞ്ഞിന്റെ കുശാഗ്രതയില്‍ നിന്നുള്ളതായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ മുല്ലപ്പൂ പോലെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മുഖ്യമന്ത്രിക്ക് മുന്നിലേക്ക് സ്വന്തക്കാരുടെ ചീമുട്ടകളും, ബന്ധക്കാരുടെ കോലം കത്തിക്കലും കാര്‍മേഘങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. എവിടെയായിരുന്നാലും സത്യം മാത്രമെ പറയൂവെന്ന് നോമ്പെടുത്ത് പൊതു പ്രവര്‍ത്തനം നടത്തുന്ന സാക്ഷാല്‍ സര്‍ക്കാര്‍ ചീഫ് വിപ്പിനെതിരെയാണ് ചീമുട്ട അഭിഷേകം നടക്കുന്നതെന്നത് ഉമ്മന്‍ ചാണ്ടിയുടെ തലക്ക് മുകളിലെ കാര്‍മേഘങ്ങള്‍ക്ക് പേമാരിയുടെ രൗദ്രത നല്‍കുന്നു. രണ്ട് എം.എല്‍.എ മാരുടെ എണ്ണക്കൂടുതലില്‍ സര്‍ക്കാര്‍ കെട്ടിയുണ്ടാക്കിയ ഉമ്മന്‍ ചാണ്ടിക്ക് ഒരാളുടെ കൂടി പിന്‍ബലം ഉണ്ടാക്കിതരുന്നതില്‍ മുന്നില്‍ നിന്ന പി.സി ജോര്‍ജ്ജ് തന്നെയാണ് ഇപ്പോള്‍ സര്‍ക്കാരിനെ മുള്‍ മുനയില്‍ നിറുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിരശ്ശീലയുടെ പിന്നിലോ വശത്തോ നിന്ന് ചരട് വലിക്കുന്നതെന്നതിനെ മറിമായം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കും. സി.പി.എം പാളയത്തില്‍ നിന്ന് ആര്‍.ശെല്‍വരാജിനെ ഭരണപക്ഷ ബെഞ്ചിലെത്തിച്ച ചീഫ് വിപ്പന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ പ്രായശ്ചിത്തമായി കണക്കാക്കി ലഘൂകരിക്കാനാകില്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പണി സര്‍ക്കാര്‍ ചീഫ് വിപ്പ് ഏറ്റെടുത്തപ്പോള്‍ അതിനെ നിയന്ത്രിക്കേണ്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശ്രദ്ധേയമായ മൗനം ചില രാഷ്ട്രീയ വിചാരങ്ങള്‍ തുറന്നു വെക്കുന്നതാണ്. ഈ വിചാരങ്ങള്‍ തന്ത്രശാലിയായ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിലങ്ങിടുകയും , അളന്ന് മുറിച്ച അക്രമണങ്ങള്‍ക്ക് മുന്നില്‍ പോലും നിരായുധനാക്കുകയും ചെയ്യുന്നു. പി.സി ജോര്‍ജ്ജിനെ നിരന്തരം പ്രകോപിതനാക്കുന്നതിന് പിന്നിലെ ഗ്രൂപ്പ് രാഷ്ട്രീയവും കാണാതെ പോയിക്കൂടെ. സത്യം പറയാന്‍ വെമ്പല്‍ കൊള്ളുന്ന ചീഫ് വിപ്പിനെ കൊണ്ട് കൂടുതല്‍ സത്യം പറയിച്ചാല്‍ രണ്ടുണ്ട് കാര്യമെന്ന് കരുതുന്ന ചില കോണ്‍ഗ്രസ്സുകാരേയും ചീമുട്ട് പ്രതിഷേധത്തിന്റെ അകപ്പൊരുള്‍ തേടിപ്പോയാല്‍ കാണാനാകും.
         ഒരേ സമയം മുന്നില്‍ നിന്നം, പിന്നില്‍ നിന്നും ഇരു വശങ്ങളില്‍ നിന്നുമായി കുത്തേല്‍ക്കേണ്ടി വന്ന മുഖ്യമന്ത്രിയെന്ന ഖ്യാതി ഒരു പക്ഷെ ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായിരിക്കും. മുന്‍ഗാമിയായ കെ.കരുണാകരന് പിന്നില്‍ നിന്ന് മാത്രമായിരുന്നു കുത്തേല്‍ക്കേണ്ടിവന്നത്. ആരേയും കണ്ണടച്ച് വിശ്വസിക്കാനാകാത്ത സാഹചര്യത്തില്‍ അയലില്‍ തൂങ്ങിയാടുന്ന സര്‍ക്കാറിനെ നിലം തട്ടിക്കാതെ കൊണ്ടുനടക്കുന്നതില്‍ ഇനിയൊരു അന്താരാഷ്ട്ര പുരസ്‌കാരത്തിന് കൂടി പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞിന് അര്‍ഹതയുണ്ടെന്നതില്‍ പ്രതിപക്ഷത്തിന് പോലും എതിരഭിപ്രായമുണ്ടാകില്ല. ഞാഞ്ഞൂള് പോലും ഉഗ്രവിഷ സര്‍പ്പത്തെ പോലെ നിറഞ്ഞാടുന്നിടത്ത് ഉമ്മന്‍ ചാണ്ടി പ്രകടമാക്കുന്ന നേതൃപാടവം ആലങ്കനീയമാണ്. ഒളിഞ്ഞും തെളിഞ്ഞുമുള്ള നിരന്തര ആക്രമങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിച്ചും, ഞാഞ്ഞൂളുകള്‍ക്ക് ഉഗ്രവിഷ സര്‍പ്പത്തിന്റെ സ്ഥാനം നല്‍കി അടക്കിയിരുത്തിയും ഭരണം കനല്‍പാതകള്‍ പിന്നിടുനന്നുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയെന്ന ഭരണകര്‍ത്താവിന്റെ ഭരണ നൈപുണ്യം അസ്വാദന ഹൃദയത്തോടെ അനുഭവിച്ചറിയാന്‍ ഇനിയും കേരളത്തിനായിട്ടില്ല. പ്രതിഷേധത്തിന്റെ വഴിയില്‍ ഭരണത്തെ നിശ്ചലമാക്കാനും, സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്താനുമാണ് ഭരണ പ്രതിപക്ഷചേരിയിലുള്ളവര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ കാലം നിങ്ങള്‍ക്ക് മുന്നില്‍ മറുചോദ്യങ്ങളുമായി നിലയുറപ്പിക്കും.




Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്