സമരവേദികള്‍ പുതുക്കിപ്പണിയാന്‍ സമയമായി

നയപരമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരപ്രക്ഷോഭങ്ങളുടെ വേലിയേറ്റം സാധ്യമാക്കിയ ഇന്നലെകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന അധ്യായങ്ങളാണ്. പുന്നപ്ര വയലാര്‍ സമരവും, ഒരണ സമരവും, വിമോചന സമരവും, അറബി ഭാഷ സമരവും, മലയോര കാര്‍ഷിക പ്രക്ഷോഭവുമൊക്കെ ജനകീയ മുന്നേറ്റങ്ങളുടെ പട്ടികയില്‍ തിളങ്ങി നല്‍ക്കുന്നവയാണ്. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കേരളം എന്നും വിത്യസ്ത പുലര്‍ത്തിയിരുന്നു. സമരങ്ങള്‍ക്ക് മുന്നില്‍ അണി നിരക്കുന്നവര്‍ക്കുണ്ടായിരുന്ന തീക്ഷ്ണമായ ആത്മാര്‍ത്ഥത പ്രക്ഷോഭ പരിപാടികളെ ലക്ഷ്യത്തിലെത്തിച്ചു. സ്വാര്‍ത്ഥമായ താല്‍പര്യങ്ങള്‍ തൊട്ടു തീണ്ടാതെ നീതിയുക്തമായ അവകാശങ്ങള്‍ സമരങ്ങളുടെ അജണ്ടായയെന്നതാണ് പോരാട്ടങ്ങളെ വിജയ വഴിയിലെത്തിച്ചത്. ജിവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും വരാനിരിക്കുന്ന തലമുറക്കും വേണ്ടിയായിരുന്നു പ്രഖ്യാപിക്കപ്പെട്ട സമരങ്ങള്‍ ഓരോന്നും. രാഷ്ട്രീയ ലാഭങ്ങള്‍ സമരവഴിയില്‍ ഇല്ലാത്തതുകൊണ്ടുതന്നെ ലക്ഷ്യത്തിലേക്കുള്ള ദൈര്‍ഘ്യം അവരെ ഒരു നിലക്കും അലട്ടിയില്ല. നയപരമായ ചട്ടക്കൂട് ഉയര്‍ത്തിപ്പിടിച്ചാണ് സമരഭൂമിയിലേക്ക് പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നത്. നിഷ്‌കപടമായ ഈ ക്ഷണം തികഞ്ഞ ആത്മാര്‍ത്ഥതയോടെ സ്വീകരിക്കാന്‍ സമര വളണ്ടിയര്‍മാര്‍ക്ക് സാധിച്ചിരുന്നുവെന്നതാണ് കഴിഞ്ഞ കാല സമരങ്ങള്‍ ലക്ഷ്യപ്രാപ്തിയിലേക്കെത്താന്‍ വഴിയൊരുക്കിയത്.
എന്നാല്‍ നേതൃത്വത്തിന്റെ ആത്മാര്‍ത്ഥതയെ വിശ്വാസത്തിലെടുക്കാന്‍ പ്രവര്‍ത്തകര്‍ക്കും, പ്രവര്‍ത്തകരുടെ സമര്‍പ്പണ ബോധം അളന്നറിയാന്‍ നേതൃത്വത്തിനും കഴിയാതെ വന്നിടത്താണ് സമര പ്രക്ഷോഭങ്ങള്‍ വഴിപാടുകളായി മാറ്റപ്പെട്ടിരിക്കുന്നത്. സമരഭൂമികളിലെ കൊടും ചൂടേറ്റ് തീയില്‍ കുരുത്ത ഇടതു പ്രസ്ഥാനങ്ങള്‍ പോലും പ്രക്ഷോഭമുഖത്ത് ആത്മവിശ്വാസ കുറവ് മൂലം വാടിയുണങ്ങുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മുന്നേറ്റങ്ങള്‍ പാതി വഴിയില്‍ വീര്യം ചോര്‍ന്ന് അടിയറവ് പറയുന്നിടത്താണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എത്തി നില്‍ക്കുന്നത്. അണികളുടെ മേലുള്ള നിയന്ത്രണം നേതൃത്വത്തിന് കൈമോശം വന്നത് സമരങ്ങളുടെ ഗതി മുന്‍കൂട്ടി നിശ്ചയിക്കാനാകാത്ത സ്ഥിതിയുണ്ടാക്കി. ആവേശത്തോടെ തുടങ്ങുന്ന സമരങ്ങള്‍ പലതും നിര്‍വ്വികാരതയോടെ പര്യവസാനിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.
                 സ്വന്തം കാര്യം നോക്കുകയെന്നിടത്തേക്കുണ്ടായ മനം മാറ്റം മലയാളിയുടെ പ്രതികരണ ശേഷിയെ പൂര്‍ണ്ണമായും വറ്റിച്ച് കളഞ്ഞു. കാഴ്ചക്കാരന്‍ എന്ന വേഷം സ്വയം എടുത്തണിഞ്ഞുകൊണ്ട് സ്വന്തത്തിലേക്ക് ചുരുങ്ങുന്നവരായി ചോരത്തിളപ്പിന്റെ പ്രായം മാറ്റപ്പെട്ടു. കണ്‍മുന്നില്‍ നടക്കുന്ന കൊള്ളരുതായ്മകളോട് പോലും മുഖം തിരിച്ച് വഴി മാറി നടക്കുന്ന യുവത്വത്തിന്റെ പുത്തന്‍ പ്രവണത പ്രതികരണ ശേഷി വേരോടെ പിഴുത് മാറ്റപ്പെടുന്നതിലേക്കെത്തിച്ചിരിക്കുന്നു. സമര പ്രക്ഷോഭങ്ങള്‍ക്ക് കരുത്താകേണ്ട ചെറുപ്പക്കാരന്റെ സാന്നിദ്ധ്യം മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയുന്നില്ല. യുവജന, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെന്നത് കത്തി തീരുന്ന മെഴുക് തിരി വെട്ടത്തേക്കാള്‍ നേര്‍ത്ത് വരുന്നു. അതിക്രമങ്ങള്‍ക്കെതിരെ പ്രാദേശികമായി ഉയര്‍ന്നിരുന്ന പ്രതികരണ വേദികള്‍ വംശനാശത്തിന്റെ വഴിയില്‍ കുഴിച്ച് മൂടപ്പെട്ടു. ജീവിതം തന്നെ ദുസ്സഹമായാല്‍ പോലും ഒന്നും ഉരിയാടാതെ വീടിനകത്ത് ചടഞ്ഞിരിക്കുന്നതിലേക്ക് മലയാളിയുടെ പ്രതികരണ ശേഷിയെ ശീതീകരണിയില്‍ അടച്ചു പൂട്ടുന്നതിന് സ്വന്തത്തിലേക്കുള്ള ചുരുങ്ങല്‍ വഴി വെച്ചിട്ടുണ്ട്.
സമരങ്ങള്‍ എന്തിന് വേണ്ടിയെന്നത് അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് നിര്‍ണ്ണായക ഘടകമാണ്. തികഞ്ഞ രാഷ്ട്രീയ ലാഭം മാത്രം മുന്നില്‍ കാണുന്നിടത്ത് സമരങ്ങളുടെ സഞ്ചാരം ദുര്‍ഘടമാകുന്നു. പാര്‍ട്ടി കേഡറുകള്‍ക്കപ്പുറത്ത് അനുഭാവി ഗ്രൂപ്പിന്റെ അകമഴിഞ്ഞ പിന്തുണ നേടിയെടുക്കാനാകുമ്പോള്‍ മാത്രമാണ് സമരത്തെ ബഹുജന മുന്നേറ്റങ്ങളായി മാറ്റാനാവുക. ഇത്തരത്തില്‍ സമരങ്ങളെ പരിവര്‍ത്തിപ്പിക്കുന്നിടത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തികഞ്ഞ പരാജയമാണ് അനുഭവിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ വലിപ്പത്തിനനുസരിച്ച് അവര്‍ പ്രഖ്യാപിക്കുന്ന സമര പരിപാടികളില്‍ പങ്കാളിത്തമുണ്ടാകുന്നുണ്ടെങ്കിലും പൊതു വികാരമായി ഇതിനെ രൂപപ്പെടുത്തുന്നതില്‍ ഇവര്‍ക്ക് വിജയിക്കാനാകുന്നില്ല. സമര കാരണമായി ഇവര്‍ മുന്നോട്ടു വെക്കുന്ന വിഷയങ്ങളിലുള്ള ആത്മാര്‍ത്ഥതയാണ് ഇതിന് പ്രധാന കാരണം. തങ്ങള്‍ അധികാരത്തിലിരിക്കെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പ്രതിപക്ഷത്തേക്ക് മാറ്റപ്പെടുമ്പോള്‍ സമരം പ്രഖ്യാപിക്കുന്ന രീതി പ്രക്ഷോഭങ്ങളുടെ വിശ്വാസ്യതക്ക് മേല്‍ ചോദ്യ ചിഹ്നമുയര്‍ത്തുന്നു.
പൊതു പ്രശ്‌നങ്ങളില്‍ യോജിച്ച പ്രക്ഷോഭം സാധ്യമാക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ടു പോകുന്നു. സമര രംഗത്തിറങ്ങുമ്പോള്‍ തങ്ങള്‍ക്കെന്ത് നേട്ടം എന്നത് കണക്ക് കൂട്ടലായി മാറുന്നു. പൊതുജനം എന്നതിനപ്പുറത്ത് പാര്‍ട്ടിക്ക് നേരിടേണ്ടി വരുന്ന ഗുണവും ദോഷവും സമരങ്ങള്‍ നിശ്ചയിക്കുന്നിടത്ത് പ്രധാന അജണ്ടയായി കടന്നു വരുന്നു. അധികാരത്തിലേക്കെത്താനുള്ള കുറുക്കു വഴികളായി സമരങ്ങള്‍ മാറ്റപ്പെട്ടു. ആര്‍ക്കെതിരിലാണോ സമരം പ്രഖ്യാപിക്കപ്പെട്ടത് അവരുമായി തന്നെ അവിഹിത ധാരണകള്‍ ഉണ്ടാക്കുന്നതിലേക്ക് നേതൃത്വം അധപതിക്കുന്ന സ്ഥിതിയുണ്ടായി. സമരവും പ്രക്ഷോഭവും വ്യക്തിതാല്‍പര്യങ്ങളിലേക്ക് മാറുന്ന ദുസ്സൂചനകള്‍ പുറത്ത് വരുന്നതിന് കൂടി പുതിയ കാലഘട്ടം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. സമരമെന്നത് സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളായി ഏറ്റെടുക്കുകയും, പര്യവസാനിപ്പിക്കുകയും ചെയ്യുന്നിടത്താണ് വിപ്ലവ പ്രസ്ഥാനങ്ങള്‍ പോലും എത്തി നില്‍ക്കുന്നത്. ശക്തി പ്രകടനങ്ങള്‍ക്ക് ആളെ കൂട്ടാന്‍ പണവും, ഭക്ഷണവും, മദ്യവും നല്‍കി വാടക്ക് ആളെ കൊണ്ടുവന്നിരുന്ന പ്രവണത സമരമുഖങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നുവെന്നത് ആത്മാര്‍ത്ഥതയുള്ള പ്രതിഷേധങ്ങള്‍ക്കുമേല്‍ അവസാനത്തെ ആണി അടിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നു.
പൊതുജന ജീവിതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ സമര മുഖങ്ങള്‍ തുറക്കപ്പെടുന്നില്ലെന്നത് കാണാതെ പോയിക്കൂട. ദുസ്സഹമായ വിലക്കയറ്റത്തിനെതിരെ ലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാര്‍ലിമെന്റ്, സെക്രട്ടറിയേറ്റ് ഉപരോധങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുന്നില്‍ അജണ്ടകളായി മാറുന്നില്ല. പ്രതിവര്‍ഷം കോടാനുകോടികള്‍ വാഹന നികുതിയിനത്തില്‍ പിരിച്ചെടുത്തിട്ടും നടുവൊടിക്കുന്ന തരത്തില്‍ തകര്‍ന്നടിഞ്ഞ റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന സാധാരണക്കാരന്റെ പ്രയാസങ്ങള്‍ക്കു മുന്നില്‍ പ്രക്ഷോഭ യജ്ഞങ്ങള്‍ സംഘടിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് താല്‍പര്യമില്ലാതെ പോകുന്നു. റോഡില്‍ വാഴ നട്ടും, കൊടി നാട്ടിയും തകര്‍ന്ന റോഡുകള്‍ക്കെതിരെ തങ്ങളും എന്തെങ്കിലും ചെയ്തുവെന്ന് ആത്മസംതൃപ്തി അടയുന്നതിലേക്ക് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ചുരുങ്ങുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ വര്‍ഷങ്ങളായി നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹവും, വിവിധ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കെതിരെ അതാത് പ്രദേശത്തുകാര്‍ തുടരുന്ന പ്രതിഷേധങ്ങളും തെളിമയുള്ള സമരങ്ങളുടെ കൂട്ടത്തില്‍ ഇത്തിരിവെട്ടങ്ങളായി നിലനില്‍ക്കുന്നുണ്ടെന്നത് വിസ്മരിക്കാനാകില്ല. തലയെടുപ്പുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ സാന്നിദ്ധ്യവും, മാധ്യമ ശ്രദ്ധയും ഇല്ലാതെ പോകുന്നതാണ് ഇവരുടെ അനിശ്ചിതകാല സമരങ്ങള്‍ അനിശ്ചിതമായി തന്നെ നീളാന്‍ കാരണമാകുന്നത്.രാഷ്ട്രീയ, മാധ്യമ ഇടപെടലുകള്‍ ലഭ്യമാകാതിരുന്നിട്ടും സമരമുഖത്ത് ദൃഡനിശ്ചയത്തോടെ ഇവരെ നിലനിറുത്തിയത് തങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് തലമുറകള്‍ക്ക് വേണ്ടിയാണെന്ന ബോധ്യത്തില്‍ നിന്നായിരുന്നു.
       സമരഭൂമിയില്‍ നെഞ്ച് വിരിച്ചു നില്‍ക്കാന്‍ പഴയപോലെ ആളെ കിട്ടാനില്ലെന്നത് മുഴുവന്‍ പ്രസ്ഥാനങ്ങളും നേരിടുന്ന പ്രതിസന്ധിയാണ്. സംഘടനയില്‍ ആളുകളുടെ എണ്ണം ഓരോ കാമ്പയിന്‍ കാലയളവിലും കൂടുന്നുണ്ടെങ്കിലും പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ ആളെ കിട്ടാനില്ലാത്ത ദുരവസ്ഥ കേഡര്‍ പാര്‍ട്ടികള്‍ പോലും അഭിമുഖീകരിക്കുന്നു. സമരങ്ങളോടുള്ള പുച്ഛവും, അരാഷ്ട്രീയ നിലപാടുകളും പുതിയ തലമുറയില്‍ ശക്തിപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപന വ്യതിയാനം പ്രധാനഘടകമാണെന്ന് തിരിച്ചറിയാതെ പോകരുത്. കൃത്യമായ നയപരിപാടികള്‍ ഇല്ലാതെ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചുള്ള സമരവേദികള്‍ പൊതുസമൂഹത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കില്ലെന്ന് തെളിയിക്കപ്പെട്ടതാണ്. അണ്ണാ ഹസാരെയും, ബാബ രാംദേവും തങ്ങളുടെ സമരഭൂമിയില്‍ അണി നിരത്തിയ ആള്‍ക്കൂട്ടം പൊടിപോലും കണ്ടുപിടിക്കാനാകാതെയാണ് അപ്രത്യക്ഷമായത്. അതീവ ഗൗരവമുള്ള സമര മുന്നേറ്റങ്ങളെ പോലും നേരമ്പോക്കിന്റെ ലാഘവത്തോടെ കാണാനായിരുന്നു അണ്ണാ ഹസാരെയുടെ പിന്നില്‍ അണി നിരന്നവര്‍ തയ്യാറായത്. അല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ആ ആള്‍ക്കൂട്ടത്തിന് കഴിയുമായിരുന്നു.
രാഷ്ട്രീയ നേതൃത്വം പൊതുജനങ്ങളിലേക്ക് ഇറങ്ങി വരണമെന്ന് യോഗം കൂടി പ്രമേയം പാസാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. പൊതുജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ മുന്‍വിധികളില്ലാതെ  രാഷ്ട്രീയ നേതൃത്വം തയ്യാറാകേണ്ടതുണ്ട്. സമരങ്ങളുടെ മുന്‍ഗണന ക്രമം നിശ്ചയിക്കുമ്പോള്‍ പൊതുജന താല്‍പര്യം പ്രഥമ പരിഗണനയാകണം. “ആരേം അട്ടിമറിക്കാനല്ല, ജീവിക്കാനാണീ സമരം” എന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത തിരിച്ചു പിടിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് ഇനിയും സാധിച്ചില്ലെങ്കില്‍ ജന മനസ്സുകളില്‍ നിന്ന് കുടിയിറക്കപ്പെട്ട പൊതുജന സേവകരായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറും. പൊതുമുതല്‍ നശിപ്പിച്ചും അക്രമങ്ങള്‍ അഴിച്ചുവിട്ടുമുള്ള സമര രീതികളില്‍ നിന്നുള്ള മാറ്റം അനിവാര്യമാണ്. പുതിയ കാലഘട്ടത്തിലെ പ്രതിനിധികളെ ആകര്‍ഷിക്കുന്ന തരത്തില്‍ സമരവേദികള്‍ പുതുക്കിപ്പണിയാന്‍ ആലോചനകള്‍ സജീവമാകുന്നിടത്ത് മാത്രമെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇനിയങ്ങോട്ട് നിറഞ്ഞ് നില്‍ക്കാനാകു.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്