പ്രസവം അശ്ലീലമോ...?
മാതൃത്വത്തിന്റെ ഊഷ്മളത പ്രകടമാക്കപ്പെടുന്ന ഘട്ടമാണ് ഗര്‍ഭകാലം. മാതാവ് എന്ന വൈകാരിക സ്പര്‍ശത്തിന്റെ മാന്ത്രിക അധ്യായം തുറക്കപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ഗര്‍ഭധാരണത്തിലൂടെ സ്ത്രീയുടെ ശരീര ഘടനയിലും, മാനസികാവസ്ഥയിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ ഓരോന്നും മാതൃസ്‌നേഹമായി രൂപാന്തരപ്പെടുന്നു. ഗര്‍ഭാശത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ നേരിടേണ്ടിവരുന്ന തുല്ല്യതയില്ലാത്ത പ്രയാസങ്ങള്‍ വാത്സല്യത്തിന്റെ നിധികുംഭങ്ങളായാണ് മാതാവിന്റെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. ഗര്‍ഭകാലത്തിന് വിരാമമിട്ട് കുഞ്ഞിന് പിറവി നല്‍കുന്ന പ്രസവം വേദനയുടെ തീക്ഷണതയാണ് മാതാവിന് നല്‍കുക. ദുരിതങ്ങള്‍ നിറഞ്ഞ ഗര്‍ഭകാലവും കഠിന വേദനയോടെയുളള പ്രസവവും സ്ത്രീയെന്ന വ്യക്തിത്വത്തിന് മാതൃത്വമെന്ന അനുഗ്രഹീത പട്ടം ചാര്‍ത്തിനല്‍കുന്നു.
ഗര്‍ഭാശയത്തില്‍ കുഞ്ഞിന്റെ പിറവിയുടെ ആദ്യഘട്ടത്തില്‍ പ്രസവം വരെയും തുടര്‍ന്നുളള മുലകുടി കാലവും മനുഷ്യശേഷിക്കപ്പുറത്തെ അനിതരമായ ഇടപെടലിന്റെ സ്‌നേഹ സ്പര്‍ശമാണ് പ്രകടമാക്കുന്നത്. ദുരിതങ്ങളെ സ്‌നേഹമായും വേദനയെ വാത്സല്ല്യമായും രൂപാന്തരപ്പെടുത്തുന്ന പ്രകൃയ ഗര്‍ഭകാലവും പ്രസവവും മാത്രമായിരിക്കും. രക്തവും നീരും ഒഴുകുന്ന ശരീരത്തില്‍ നിന്നും ഇവരണ്ടിന്റെയും നിറമോ ഗുണമോ ഇല്ലാത്ത മുലപ്പാല്‍ ചുരത്തപ്പെടുന്നതിലൂടെ മാതാവും കുഞ്ഞും തമ്മിലുളള ബന്ധത്തിന്റെ ഗാഡതയാണ് രൂപപ്പെടുന്നത്. മാതാവിന്റെ നെഞ്ചിലെ ചൂടും മാറില്‍ നിന്നൊഴുകുന്ന അമൃതും കുഞ്ഞിന്റെ വളര്‍ച്ചക്ക് വളക്കൂറാകുന്നതോടൊപ്പം മാതാവെന്ന വിശിഷ്ഠതയെ മനസ്സിനകത്തെ വിശാലതയും പച്ചകുത്തുക കൂടി ചെയ്യുന്നു.
അമ്മക്ക് കുഞ്ഞിനോടും കുഞ്ഞിന് അമ്മയോടും ഉണ്ടാകേണ്ട അതിരുകളില്ലാത്ത ഹൃദ്യത കുറഞ്ഞുവരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാതാവില്‍ നിന്ന് മാതൃത്വവും മക്കളില്‍ നിന്ന് മാതൃസ്‌നേഹവും ചോര്‍ന്ന് പോവുകയാണോ. വളര്‍ച്ചയുടെ ഘട്ടം പൂര്‍ത്തിയാക്കി സ്വയം പര്യാപ്തതയിലേക്ക് എത്തുന്ന മനുഷ്യന്‍ മാതൃത്വത്തിന്റെ തണല്‍ അറിയാതെ പോകുന്നു. സ്വന്തമായി കരയാന്‍ മാത്രം ശേഷിയുണ്ടായിരുന്നിടത്തുനിന്ന് ലോകത്തെ മുഴുവന്‍ കാല്‍കീഴില്ലാക്കുന്ന തരത്തിലേക്കുളള വളര്‍ച്ചയില്‍ മാതാവെന്ന സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും സ്‌നേഹ വഴികള്‍ കാണാതെ പോകുന്നുണ്ട്. മാതാവിന്റെ കാല്‍ ചുവട്ടിലാണ് സ്വര്‍ഗ്ഗമെന്ന വിശേഷണത്തിന് സ്ത്രീയെ പര്യാപ്തമാക്കിയത് മാതൃത്വമെന്ന സവിശേഷതയായിരുന്നു.
ഗര്‍ഭകാലവും പ്രസവവും മുലയൂട്ടലുമാണ് സ്ത്രീയെന്ന സൃഷ്ടിയെ മാതൃത്വമെന്ന അതുല്യതയിലേക്കുയര്‍ത്തുന്നത്. മാതൃസ്‌നേഹമെന്നത് കാലാധീതമായി നിലനില്‍ക്കപ്പെടേണ്ടതും മാതൃത്വം ആദരവോടെ അംഗീകരിക്കപ്പെടേണ്ടതുമാണ്. കാലത്തിന്റെ കുത്തൊഴുക്ക് ഇവയെ പ്രകടന പരതയിലേക്ക് എത്തിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ഗര്‍ഭകാലം സുഖചികിത്സയിലും, പ്രസവം വേദനയറിയാത്ത സിസേറിയനും വഴിമാറപ്പെട്ടത് മാതൃത്വമെന്ന വിശിഷ്ഠതക്ക് ഏറ്റക്കുറച്ചിലുണ്ടാക്കിയിട്ടുണ്ടാകാം. വടിവൊത്ത ശരീര സൗന്ദര്യം ഒലിച്ച് പോകുമെന്നതിനാല്‍ പ്രകൃതി ദത്തമായ മുലപ്പാലിന്റെ സ്ഥാനത്ത് കൃത്രിമ ചേരുവകള്‍ അടങ്ങിയ കുപ്പിപ്പാല്‍ ഇടം പിടിച്ചു. മാതാവിന്റെ മാറിലെ ചൂടിന് പകരം ഹോം നഴ്‌സിന്റെ നെഞ്ചിലെ കൊടും ചൂടേറ്റ് വളരേണ്ട ദുര്‍ഗതി കുഞ്ഞുങ്ങള്‍ക്ക് വന്നുചേര്‍ന്നു. മക്കള്‍ക്ക് ജന്മം നല്‍കുകയെന്നത് ബാധ്യതയായി കണക്കാക്കപ്പെട്ടു. ഗര്‍ഭധാരണം മാത്രമാണ് ഉത്തരവാദിത്വമെന്ന നിലയിലേക്ക് സ്ത്രീകള്‍ തങ്ങളുടെ ചുമതലകള്‍ വെട്ടിക്കുറച്ചു. കുഞ്ഞിന്റെ പിറവി യാന്ത്രികമായ ഏര്‍പ്പാടായി കാണാന്‍ തുടങ്ങിയതോടെ ചോര്‍ന്ന് പോയത് മാതൃത്വവും, വറ്റി തീര്‍ന്നത് മാതൃ സ്‌നേഹവുമായിരുന്നു.
                    
ഈയൊരു സാഹചര്യത്തിലേക്കാണ് മാതൃത്വത്തിന്റെ വില ബോധ്യപ്പെടുത്താന്‍ പ്രസവത്തിന്റെ തീക്ഷണ ഭാവങ്ങളെ ക്യാമറക്കുമുന്നില്‍ മറയില്ലാകെ പകര്‍ത്തികൊണ്ട് മലയാള സിനിമ പരീക്ഷണത്തിനൊരുങ്ങിയിരിക്കുന്നത്. കച്ചവടവത്കരണത്തിന്റെ വഴിയില്‍ മൂല്യങ്ങളെ പൂര്‍ണ്ണമായും വില്‍പ്പനക്ക് വെച്ച വ്യവസായ മേഖലയാണ് സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ മലയാള സിനിമക്കുളളത്. പ്രസവ മുറിയെ ലൊക്കേഷനാക്കി പ്രേക്ഷക ലോകത്തെ ബോധവത്കരിക്കാനെന്ന തലക്കെട്ടോടെ തയ്യാറാക്കിയിരിക്കുന്ന കളിമണ്ണ് എന്ന ബ്ലെസ്സി ചിത്രത്തെ കച്ചവട തന്ത്രത്തിന്റെ പുതിയ മുഖമെന്നതിനപ്പുറത്തേക്ക് മറ്റൊരു സാഹസമായും കാണാനാകില്ല. പ്രസവം പച്ചയായി ആവിഷ്‌ക്കരിക്കപ്പെട്ട മാതൃസ്‌നേഹവും മാതൃത്വവും പ്രേക്ഷക മനസ്സുകളില്‍ കുത്തിനിറക്കപ്പെടുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രത്യാശിക്കുന്നത്. ഈ വാക്കുകളിലെ ആത്മാര്‍ത്ഥതയെ തല്‍ക്കാലം ചോദ്യം ചെയ്യാതെ തന്നെ നിലനിര്‍ത്താം. സിനിമയുടെ ചിത്രീകരണ ഘട്ടത്തിലുണ്ടായ വിവാദങ്ങള്‍ക്കു ശേഷം വിതരണക്കാര്‍ക്കുമുന്നില്‍ സിനിമയുടെ പ്രിവ്യൂ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ചില വാദകോലാഹലങ്ങളുണ്ടായി. പ്രസവ രംഗങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടപോലെ സിനിമയിലുണ്ടെന്ന് ബോധ്യപ്പെടാനായിരുന്നു പ്രിവ്യൂ കാണണമെന്ന് വിതരണക്കാര്‍ വാശിപിടിച്ചത്. കാര്യങ്ങള്‍ പറഞ്ഞ പ്രകാരം ഇല്ലെങ്കില്‍ പ്രേക്ഷകരുടെ പ്രതിഷേധം സീറ്റ് കുത്തികീറിയും തീയ്യേറ്റര്‍ അടിച്ചു തകര്‍ത്തുമായിരിക്കും പ്രകടമാക്കുകയെന്നതായിരുന്നു വിതരണക്കാരുടെ സംഘടനയുടെ ആശങ്ക. പ്രസവ രംഗങ്ങളെ പ്രേക്ഷക ലോകം എപ്രകാരമായിരിക്കും സ്വീകരിക്കുകയെന്നതിന്റെ വിശദീകരണം കൂടിയായിരുന്നു വിതരണക്കാരുടെ വാക്കുകളിലൂടെ പുറത്തുവന്നത്. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അഡള്‍ട്‌സ് ഓണ്‍ലി എന്ന വേര്‍തിരിവ് നല്‍കിയിട്ടില്ലെങ്കില്‍ ആസ്വാദനത്തിനപ്പുറത്തേക്ക് മാതൃത്വത്തിന്റെ യാതൊരുവിധ തീക്ഷണതയും തിരിച്ചുപിടിക്കാന്‍ കളിമണ്ണിലൂടെ കഴിയൂമെന്ന് കരുതേണ്ടതില്ല. അമിത മദ്യപാനത്തിന്റെ ദൂഷ്യത ബോധ്യപ്പെടുത്താനെന്ന പ്രേമേയത്തിലെടുത്ത സൂപ്പര്‍ താര സിനിമയുടെ ഗതിതന്നെയായിരിക്കും കളിമണ്ണിലെ പ്രസവ രംഗങ്ങള്‍ക്കുമുണ്ടാവുക. മദ്യപാനത്തിനെതിരായ സിനിമ കണ്ടിറങ്ങിയ പുതിയ തലമുറയിലെ പ്രതിനിധികള്‍ സിനിമയില്‍ സൂപ്പര്‍ താരം മദ്യപിക്കുമ്പോള്‍ ഗ്ലാസ് പിടിച്ചിരുന്ന പ്രത്യേക സ്റ്റൈല്‍ പിന്‍തുടര്‍ന്നാണ് പിന്നീടങ്ങോട്ട് മദ്യപിച്ചതെന്നാണ് ചാനല്‍ ചര്‍ച്ചയില്‍ ഇവര്‍ വെളിപ്പെടുത്തിയത്.
        പ്രസവമെന്ന പവിത്രതയെ വില്‍പ്പന ചരക്കാക്കിയെന്ന ആക്ഷേപമാണ് സിനിമക്കെതിരെ പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. ക്യാമറക്ക് മുന്നില്‍ പ്രസവിച്ച നടിയുടെ ചെയ്തിയെ പൂരപ്പറമ്പില്‍ ടിക്കറ്റ് വെച്ച് പ്രസവിച്ചുവെന്ന ആക്ഷേപമാണ് വിമര്‍ശകര്‍ ഉയര്‍ത്തിയത്. ശ്വേത മേനോന്റെ തല്‍സമയ അഭിനയത്തിനെതിരെ രംഗത്ത് വന്നവരില്‍ ശോഭാ സുരേന്ദ്രനെ പോലെയുളള സ്ത്രീപക്ഷ പൊതു പ്രവര്‍ത്തകരാണ് മുന്നിലുണ്ടായിരുന്നത്.പ്രസവത്തിലെ തീവ്രാനുഭവങ്ങള്‍ സ്ത്രീകള്‍ മാത്രം അറിഞ്ഞാല്‍ പോരെന്ന കണ്ടെത്തലില്‍ നിന്നാണ് ക്യാമറകള്‍ക്ക് മുന്നിലേക്ക് ലേബര്‍ റൂം മലക്കെ തുറന്നിടപ്പെട്ടത്. സ്വകാര്യതകളെ ആസ്വാദനങ്ങളാക്കുകയെന്ന പുതിയ ട്രെന്റില്‍ നിന്ന് പ്രസവവും പ്രേക്ഷക ലോകത്തിന് മുന്നിലേക്കെത്തുന്നത്. ദാമ്പത്യത്തിലെ സ്വകാര്യതകളും കുടുംബങ്ങളിലെ പൊരുത്തക്കേടുകളും മികച്ച ചാനല്‍ റേറ്റിംഗുളള റിയാലിറ്റി ഷോകളായി മാറുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കച്ചിത്തുരുമ്പ് തേടുന്ന മലയാള സിനിമ പ്രസവത്തെ പരീക്ഷണമാക്കിയതിനെ തെറ്റ് പറയാനാകില്ല. ശ്വേത മേനോന്‍ പ്രസവിക്കുന്നത് കണ്‍കുളിര്‍ക്കെ കണ്ട അമ്മയെ തല്ലുകയും, വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞുവിടുകയും ചെയ്യുന്ന പുതിയ തലമുറയുടെ ചെയ്തികള്‍ വേരറ്റ് പോകുമെന്ന് മാത്രം ആരും വ്യാമോഹിക്കരുത്. സിനിമ ബ്ലെസ്സിയുടേതും, പ്രസവം ശ്വേത മേനോന്റേതും ആയതിനാല്‍ കളിമണ്ണ് മികച്ച കളക്ഷന്‍ നേടുന്ന സിനിമകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കുമെന്ന് വേണമെങ്കില്‍ കരുതാം. 
സാമൂഹ്യ ജീവിതത്തില്‍ സ്വകാര്യതകള്‍ക്ക് നിഷേധിക്കാനാകാത്ത സ്ഥാനമാണുളളത്. കൃത്യമായ അതിര് നിശ്ചയിച്ച് മറക്കപ്പുറത്ത് നിര്‍ത്തേണ്ട സ്വകാര്യകതകളെ പൂരപ്പറമ്പിലേക്ക് വലിച്ചിഴക്കുന്ന പുത്തന്‍ പ്രവണത ആശാസ്യമല്ല. ആസ്വാദനത്തിന്റെ പുതിയ വഴികള്‍ തേടിയുളള ഗവേഷണം കിടപ്പുമുറിയിലും കുളിമുറിയിലും ക്യാമറകള്‍ സ്ഥാപിക്കുന്നിടത്തേക്കാണ് എത്തിയിരിക്കുന്നത്. പ്രസവ മുറി ലൊക്കേഷനാക്കാന്‍ മാതൃത്വത്തിന്റെ തീക്ഷണതയെ വിഷയമാക്കിയവര്‍ക്ക് കിടപ്പുമുറി, കുളിമുറി രംഗങ്ങള്‍ ദൃശ്യാവിഷ്‌കാരമാക്കുന്നതിന് വിശദീകരണത്തിനായി അലയേണ്ടിവരില്ല. എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍ക്കിടയിലെ കിടമത്സരം സ്വകാര്യകതകളെ കമ്പോളവത്കരിക്കുന്നതിടത്തേക്കാണ് എത്തിച്ചിരിക്കുന്നത്. പണവും പ്രശസ്തിയും ലഭ്യമാകുമെങ്കില്‍ എന്തും ആര്‍ക്കുമുന്നിലും തുറന്നുവെച്ചുകൊടുക്കാന്‍ മലയാളി കുടുംബങ്ങള്‍ സന്നദ്ധമായിരിക്കുന്നു. സ്വകാര്യ ജീവിതത്തില്‍ ഒളിയും മറയുമെന്നത് സാംസ്‌കാരികതയുടെ ഭാഗമാണ്. പ്രസവം ചിത്രീകരിച്ചതിന് ബന്ധപ്പെട്ടവര്‍ അശ്ലീലമായി മുദ്രകുത്തിയില്ലെന്നത് ഇത് ആര്‍ക്കുമുന്നിലും പരസ്യമാക്കാമെന്നതിനുളള അനുമതിയല്ല. മറച്ചുവെക്കേണ്ടത് മറഞ്ഞിരിക്കുമ്പോള്‍, പ്രകടമാക്കപ്പെടേണ്ടാത്തത് മറക്കപ്പുറത്തിരിക്കുമ്പോള്‍ സാധ്യമാകുമെന്ന് വ്യക്തിത്വത്തിനുളള അംഗീകാരമാണ്. ഉടുതുണിവലിച്ചെറിയപ്പെട്ട് സമൂഹത്തിന് മുന്നില്‍ പ്രദര്‍ശന വസ്തുവായി മാറ്റപ്പെടുന്നതിനെ സ്ത്രീ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെടുന്നിടത്ത് സ്വകാര്യതകള്‍ ചവിട്ടിമെതിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
നിര്‍വ്വചനങ്ങള്‍ക്കപ്പുറത്തെ വാത്സല്ല്യങ്ങളുടെ മഹാസാഗരമായി മാതൃത്വം നിലനില്‍ക്കേണ്ടത് പ്രകൃതിയുടെ ഘടനക്ക് അനിവാര്യമാണ്. മാതാവിന്റെ മാറ് പിളര്‍ത്തി പറിച്ചെടുത്ത കരളുമായി ലക്ഷ്യത്തിലേക്ക് ഓടുന്ന മകനോട് കാലില്‍ കല്ല് തറക്കുന്നത് ശ്രദ്ധിക്കണേയെന്ന് വാത്സല്ല്യത്തോടെ മകന്റെ കയ്യിലമര്‍ന്ന മാതാവിന്റെ കരള്‍ വിളിച്ച് പറയുന്നത് കഥയായി കേട്ട് തളേളണ്ടതല്ല. നൊന്തുപെറ്റ കുഞ്ഞിനെ കുറിച്ച് മാതൃ ഹൃദയത്തില്‍ മിടിപ്പായി നില്‍ക്കുന്ന സ്‌നേഹ, ലാളനകള്‍ സൃഷ്ടികര്‍ത്താവിന്റെ അതുല്യമായ കരസ്പര്‍ശത്തിന്റെ ഭാഗമായുളളതാണ്. കോടികണക്കിന് വരുന്ന ബീജകണത്തിലൊന്ന് അണ്ഡവുമായി സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡം വിവിധ ഘട്ടങ്ങളിലൂടെ കടന്ന് അതിസങ്കീര്‍ണ്ണമായി സൃഷ്ടിയായി ഒമ്പത് മാസത്തിലേറെ വരുന്ന ഗര്‍ഭാശയ വാസത്തിനുശേഷം പുറത്തുവരുമ്പോള്‍ അതിനെ ആസ്വദനത്തിന്റെ വഴിയായി തളളിവിടുന്നതിന് പകരം യുക്തി ഭദ്രമായ ചിന്തകളിലേക്ക് മാറ്റപ്പെടുകയാണെങ്കില്‍ അതായിരിക്കും അഭിലഷണീയം.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്