മാധ്യമ സിന്‍ഡിക്കേറ്റിന് ലക്ഷ്മണ രേഖയോ

 സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതില്‍ വാര്‍ത്താ ചാനലുകള്‍ നിര്‍ണ്ണായകഘടകമാകാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്ന ഘട്ടമാണിത്. മാധ്യമ പ്രവര്‍ത്തനവും വാര്‍ത്താ അവതരണ രീതികളും സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടതും ഈ കാലഘട്ടത്തിലാണ്. വാര്‍ത്തകള്‍ക്ക് ഒരു ദിവസത്തിന്റെ കാത്തിരിപ്പ് വേണ്ടിയിരുന്നിടത്ത് നിന്ന് സംഭവ ബഹുലതകളെ യഥാസമയം പ്രേക്ഷകനിലേക്കെത്തിക്കുന്ന മാധ്യമരംഗത്തെ കുതിച്ചു ചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. അര ഡസനിലേറെ വാര്‍ത്താ ചാനലുകളാണ് തുറന്നുപിടിച്ച ക്യാമറകളുമായി രാഷ്ട്രീയ കേരളത്തിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നത്. സാധാരണക്കാരനെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ ഏറെയാണെങ്കിലും ഇവക്ക് മുന്നില്‍ സമയം ചെലവിടാനോ ന്യൂസ് റൂമുകളിലെ മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ചകള്‍ക്കായി ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുക്കാനോ അമിത താല്‍പര്യം വാര്‍ത്താ ചാനലുകള്‍ കാണിക്കാറില്ല. ദൈനംദിന വാര്‍ത്താ പ്രേക്ഷണ ഷെഡ്യൂളുകളില്‍ രാഷ്ട്രീയം മാത്രമാണ് മുഖ്യ ഇനമായി സ്ഥാനം പിടിക്കാറുള്ളത്. പ്രേക്ഷക സമൂഹത്തിന്റെ റേറ്റിംഗ് ചൂടേറിയ രാഷ്ട്രീയ വാര്‍ത്തകള്‍ക്കൊപ്പമാണെന്നതാണ് പൊതുജന പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കാന്‍ ചാനല്‍ ക്യാമറകളെ പ്രേരിപ്പിക്കുന്നത്.
രാഷ്ട്രീയ വിവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും, വഴിതിരിച്ച് വിടുന്നതിലും വാര്‍ത്താ ചാനലുകള്‍ നേതൃപരമായ പങ്ക് വഹിക്കുന്നിടത്താണ് സംസ്ഥാന രാഷ്ട്രീയം എത്തി നില്‍ക്കുന്നത്. പൊതു സമൂഹത്തിന് മുന്നില്‍ ചര്‍ച്ചക്ക് വരേണ്ട വിഷയങ്ങളുടെ ഗൗരവം നിശ്ചയിക്കുന്നത് ചാനല്‍ ഇടപെടലുകളുടെ തോതനുസരിച്ചാണെന്ന സ്ഥിതി വന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും പ്രതിരോധത്തിനും, പ്രത്യാക്രമണത്തിനുമുള്ള വഴിയായും വാര്‍ത്താചാനലുകളെയാണ് ആശ്രയിക്കുന്നത്. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഉഗ്രശേഷിയുള്ള ചാനലുകളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, പാര്‍ട്ടികള്‍ക്കകത്തെ ഗ്രൂപ്പുകളും സൗകര്യപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നുണ്ട്. തങ്ങളുടെ നിലനില്‍പ്പിന് കരുത്ത് പകരാനും, എതിര്‍പക്ഷത്തുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വെട്ടി നിരത്താനും വാര്‍ത്താ ചാനലുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ഉള്‍പാര്‍ട്ടി പോരിന്റെ ഭാഗമായി പുറത്തുവരുന്ന പാര്‍ട്ടി ചര്‍ച്ചകള്‍ ചാനലുകളില്‍ പ്രൈം ന്യൂസായി ഇടംപിടിക്കുമ്പോള്‍ അസ്വസ്ഥരാകുന്ന വിഭാഗത്തോടൊപ്പം ആത്മസംതൃപ്തി അടയുന്നവരും ഒരേ പാര്‍ട്ടിയുടെ ഭാഗമായി മാറുന്നുണ്ട്. വാര്‍ത്ത ചോര്‍ത്തലെന്ന് പേരിട്ട് വിളിക്കുന്ന ന്യൂസ് സോഴ്‌സ് നിലനില്‍ക്കുന്നിടത്തോളെ വാര്‍ത്താ ചാനലുകള്‍ക്ക് പട്ടിണിയും പരിവട്ടവും നേരിടേണ്ടി വരില്ല. 
            നിലനില്‍പ്പ് ഉറപ്പ് വരുത്തണമെങ്കില്‍ വാര്‍ത്ത ചോര്‍ത്തിയുള്ള പ്രത്യാക്രമണ ശൈലി ആയുധമായി കൊണ്ടു നടക്കണമെന്ന് പാര്‍ട്ടികള്‍ക്കകത്തെ ഗ്രൂപ്പുകള്‍ വ്യക്തതയോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സമകാലീന രാഷ്ട്രീയ വിവാദങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഇത് ബോധ്യപ്പെടും. വാര്‍ത്താ ചാനലുകള്‍ ആഘോഷമാക്കി മാറ്റിയ സി.പി.എം സംസ്ഥാന സമ്മേളനങ്ങള്‍, ലാവ്‌ലിന്‍ കേസ്, ടി.പി വധം, അഞ്ചാം മന്ത്രി, സോളാര്‍ തട്ടിപ്പ് തുടങ്ങി ഓരോന്നിലും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിരുകളില്ലാത്ത ഇടപെടലുകള്‍ കാണാനാകും.
തങ്ങള്‍ക്ക്  അനഭിമതമാകുന്ന വാര്‍ത്തകളും വെളിപ്പെടുത്തലുകളും പുറത്ത് വിടുമ്പോള്‍ ചനലുകള്‍ക്കും പത്രങ്ങള്‍ക്കുമെതിരെ ഉറഞ്ഞുതുള്ളുന്ന ശൈലി രാഷ്ട്രീയനേതൃത്വം പൊതു രീതിയായി സ്വീകരിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗീര്‍വാണ പ്രഭാഷണം നടത്തുന്നവര്‍ക്ക് പോലും സ്വന്തം ചേരിക്കെതിരായ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. വാര്‍ത്താ ചാനലുകള്‍ക്ക് ലക്ഷ്മണ രേഖ നിശ്ചയിക്കണമെന്ന് പറയുന്നവര്‍ തങ്ങളുടെ എതിരാളികള്‍ക്ക് നേരെ നടന്നിരുന്ന മാധ്യമ വിചാരണയെ ആവോളം ആസ്വദിച്ച് രാഷ്ട്രീയ ലാഭം കൊയ്തവരാണ്. പാര്‍ട്ടിക്കെതിരായ തുടരെയുള്ള വിമര്‍ശനങ്ങളെ മാധ്യമ സിന്‍ഡിക്കേറ്റെന്നും, സാമ്രാജ്യത്വ ഇടപെടലെന്നും വിളിച്ചാക്ഷേപിച്ചവര്‍ തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം സാധ്യമാകുന്ന തരത്തില്‍ മാധ്യമ ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ സൗകര്യപൂര്‍വ്വം മൗനം അവലംബിക്കുന്നു. ഒരേ രീതിയിലുള്ള വാര്‍ത്തകളും ഊഹങ്ങളും ചാനലുകളിലും പത്രങ്ങളിലും നിറയുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റിന്റെ പണിയാണിതെന്ന് ആക്ഷേപിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പഴയ വിമര്‍ശകര്‍ തയ്യാറാകുന്നില്ല. വാര്‍ത്താ ചാനലകളുടെ ഇടപെടലുകളില്‍ ഇരു മുന്നണികളും ആവോളം നേട്ടം കൊയ്തിട്ടുണ്ടെന്നതില്‍ പ്രേക്ഷകര്‍ക്കാര്‍ക്കും തര്‍ക്കമുണ്ടാകില്ല.
    വാര്‍ത്തകള്‍ എതിര്‍ പക്ഷത്തിനെതിരെ വാളോങ്ങാന്‍ സഹായകമാകുന്നതാണെങ്കില്‍ അതിനെ മാധ്യമ പ്രവര്‍ത്തന രംഗത്തെ ധീരമായ ഇടപെടലാണെന്ന് പ്രകീര്‍ത്തിക്കുന്നവരില്‍ നിന്നു തന്നെ കാര്യങ്ങള്‍ മറിച്ചാകുമ്പോള്‍ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും കേള്‍ക്കേണ്ടി വരുന്നു. വാര്‍ത്തകളുടെ വസ്തുതകള്‍ കണ്ടെത്താന്‍ ചാനലുകാര്‍ ആള്‍മാറാട്ടം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്ന രീതി പതിവാണ്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ഏറെ പ്രമാദമായ മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് വധക്കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ വേഷം മാറി പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി പുറത്ത് കൊണ്ടുവന്ന എസ് കത്തി വിവാദത്തെ മാധ്യമരംഗത്തെ കരുത്തുറ്റ ഇടപെടലായാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വിലയിരുത്തിയത്. എസ് കത്തി അന്നത്തെ ആഭ്യന്തരവകുപ്പിനെതിരെ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തിരുന്നു. ഭരണമാറ്റത്തെ തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായപ്പോള്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ അന്ന് സ്വീകരിച്ച അതേ നടപടി സോളാര്‍ വിവാദത്തിന്റെ കാര്യത്തില്‍ ആവര്‍ത്തിച്ചു. ധീരമായ ഇടപെടലെന്ന് പുകഴ്ത്തിയ അതേ നാവില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നിയമ നടപടിയുടെ വഴി സ്വീകരിക്കുകയും രൂക്ഷമായ വിമര്‍ശനം അഴിച്ചു വിടുകയുമാണ് ചെയ്തത്. വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്ന എത്തിക്‌സാണ് വാര്‍ത്താ ചാനലുകള്‍ സ്വീകരിച്ചു വരുന്നത്. അതിനാല്‍ എസ് കത്തി കണ്ടെത്താനുള്ള ഇടപെടല്‍ ധീരമായിരുന്നുവെങ്കില്‍ ടൂറിസം മന്ത്രിയെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ ചെയ്ത് വിവരങ്ങള്‍ പുറത്ത് കൊണ്ടു വന്നതിനെയും ധീരമായി തന്നെ കാണണമെന്നാണ് ചാനല്‍ പ്രവര്‍ത്തകരുടെ വാദം. ഇതിലെ ശരി തെറ്റുകള്‍ എന്തുമാകട്ടെ; വിവാദങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും അല്ലാത്തപ്പോള്‍ ധ്വംസകരുടെ വേഷം എടുത്തണിയുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഇരട്ട നിലപാട് തുറന്നു കാണിക്കേണ്ടതാണ്. 
സി.പി.എം നേതൃയോഗങ്ങളും, സംസ്ഥാന സമ്മേളനങ്ങളുമാണ് മാധ്യമലോകം ഏറ്റവും വിശദവും, വിശാലവുമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടുന്ന പ്രധന ഇനം. കൊട്ടിയടച്ച് ബന്ധവസാക്കപ്പെട്ട യോഗവേദിക്ക് പുറത്ത് അണിനിരക്കുന്ന മാധ്യമപ്പട ഇതിന് തെളിവാണ്. ചര്‍ച്ചകള്‍ പുറത്ത് പോകാതിരിക്കാന്‍ കര്‍ശന നിയന്ത്രണവും, നിരീക്ഷണവും ഏര്‍പ്പെടുത്താറുണ്ടെങ്കിലും അകത്ത് നടന്ന കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ യോഗം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വാര്‍ത്ത ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത ചോര്‍ത്തുന്നവരെന്ന് മുദ്രകുത്തപ്പെട്ടവര്‍ പങ്കെടുക്കാത്ത യോഗങ്ങളിലെ വിവരങ്ങള്‍ പോലും നിഷേധിക്കാനാകാത്തവിധം പുറത്ത് വരുന്നു. ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ദിവ്യബോധനം വഴി വിവരങ്ങള്‍ ലഭിക്കില്ലെന്നിരിക്കെ സ്വന്തം പാളയത്തില്‍ നിന്നുള്ളവര്‍ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ നല്‍കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്ന് അറിയാത്തവരല്ല മാധ്യമ സിന്‍ഡിക്കേറ്റെന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍. മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിറുത്തി വിശ്വസിക്കാന്‍ കൊള്ളാത്തവരാണിവരെന്ന് അണികളെയും, പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് വിമര്‍ശനങ്ങളിലൂടെ നേതൃത്വം ലക്ഷ്യമിടുന്നത്.
         സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട വസ്തുതകള്‍ തേടിയുള്ള മാധ്യമങ്ങളുടെ ഇടപെടലുകളാണ് വാര്‍ത്ത ചാനലുകളെ നിയന്ത്രിക്കാന്‍ ലക്ഷ്മണ രേഖ വേണമെന്ന നിലപാടിലേക്കെത്താന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയെ പ്രേരിപ്പിച്ചത്. എന്നാല്‍ സോളാര്‍ വിവാദത്തെ സാമ്പത്തിക തട്ടിപ്പ് എന്നതിനപ്പുറത്തേക്ക് അവിഹിത ബന്ധങ്ങളുടെ നിറം നല്‍കി പൊലിപ്പിച്ച് നിറുത്തിയതിന് പിന്നില്‍ താങ്കളുടെ തന്നെ പാര്‍ട്ടികക്കത്തെ ഇതര ഗ്രൂപ്പുകാരും, മുന്നണിയിലെ ഘടകകക്ഷിനേതാക്കളുമാണെന്ന് മന്ത്രി വിസ്മരിക്കരുത്. ഇവര്‍ക്ക് മുന്നില്‍ ലക്ഷ്മണ രേഖ വരക്കേണ്ടതിന് പകരം മാധ്യമങ്ങളുടെ മേല്‍ കുതിര കയറുന്നത് സത്യങ്ങള്‍ ഇനിയും പുറത്തു വരരുതെന്ന തത്രപ്പാടില്‍ നിന്നാണ്. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ സോളാര്‍ കേസിലെ യുവതിയെ വിളിച്ചതായുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടിയത് ആഭ്യന്തരവകുപ്പിന്റെ അറിവോടെയായിരുന്നു. കേസിലെ യുവതിക്ക് പണം നല്‍കി സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവിട്ടതും സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെയായിരുന്നു. ഇക്കാര്യങ്ങളുടെ വസ്തുതകള്‍ തേടിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണത്തെ വിമര്‍ശന വിധേയമാക്കുന്നതിന് മുന്‍പ് ഇതിന് സാഹചര്യമൊരുക്കുന്ന ഉത്തരവാദപ്പെട്ടവരെ മൗനിയാക്കാനാണ് ലക്ഷ്മണ രേഖയുമായി നടക്കുന്നവര്‍ ശ്രമിക്കേണ്ടത്.
വാര്‍ത്ത ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ രാഷ്ട്രീയ രംഗത്തെ മുഴുവന്‍ കക്ഷികളും സൗകര്യപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വന്തത്തിന്റെ അല്ലെങ്കില്‍ പാര്‍ട്ടിയുടെ അതുമല്ലെങ്കില്‍ ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എതിര്‍പക്ഷത്തുള്ളവരെ നിഷ്പ്രഭമാക്കുന്നതിനും രാഷ്ട്രീയ രംഗത്തുള്ള ഓരോവിഭാഗങ്ങളും മാധ്യമങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്. മാധ്യമ സിന്‍ഡിക്കറ്റ് എന്നാക്ഷേപിക്കുന്നവര്‍ തന്നെ അതിനെ ആശ്രയിക്കുന്നുവെന്ന വി.എസ് അച്ചുതാനന്ദന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണിവിടെ.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്