കുഞ്ഞു നിലവിളികള്‍ ഇനിയും ഉയര്‍ത്തരുതേ
 രണ്ട് മക്കളെയും ഭാര്യയേയും വെള്ളക്കെട്ടില്‍ തള്ളിയിട്ടശേഷം മുങ്ങി മരിക്കുന്നത് കരയില്‍ നിന്ന് കണ്ടാസ്വദിച്ച പിതാവ്. ഇരുമ്പ് വടികൊണ്ട് കാല് തല്ലിയൊടിക്കുകയും, ചുട്ട് പഴുപ്പിച്ച മണലില്‍ കിടത്തി ഉരുട്ടുകയും ചെയ്ത് അഞ്ച് വയസ്സുകാരനെ ജീവച്ഛവമാക്കിയ അച്ഛനും രണ്ടാനമ്മയും. പ്രസവ സമയക്ക് ഭര്‍ത്താവ് കൂടെയില്ലാത്തതിന്റെ പേരില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം തീകൊളുത്തി മരിച്ച മാതാവ്. ഭാര്യയെ എറിഞ്ഞ വടി പിഞ്ചുകുഞ്ഞിന്റെ തലയില്‍ കൊണ്ട് മാരകമായി പരിക്കേറ്റ സംഭവം. പിതാവിന്റെയും, രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തില്‍ രക്തസാക്ഷിയാകേണ്ടി വന്ന കോഴിക്കോട്ടെ പെണ്‍കുട്ടി. തുടയില്‍ ചട്ടുകം പഴുപ്പിച്ച് വെച്ചും, അടിച്ച് കയ്യൊടിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുരുന്നുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കരളലിയിക്കുന്ന ക്രൂരകൃത്യങ്ങളുടെ സംഗ്രഹങ്ങളാണിവ.
ജന്മം നല്‍കിയ അച്ഛനില്‍ നിന്നും, മാതൃത്വം തുളുമ്പേണ്ടുന്ന പെണ്‍കോലങ്ങളില്‍ നിന്നുമാണ് ഈ ക്രൂരതകളത്രയും പിഞ്ചോമനകള്‍ക്ക് നേരിടേണ്ടി വന്നത്. അച്ഛന്റെ വിരലില്‍ തൂങ്ങിയും, അമ്മയുടെ പരിലാളനകളേറ്റും വളരേണ്ടിയിരുന്ന ഇവര്‍ക്ക് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവകാശപ്പെട്ടവയെല്ലാം അന്യം നിന്നു. സ്‌നേഹവും, തലോടലും, ചുടുചുംബനവും കൊണ്ട് വാരിപ്പുണരേണ്ടിയുരന്ന കണ്‍മണികളെ മരണത്തിന്റെ വഴിയിലേക്ക് വലിച്ചെറിഞ്ഞ് മാറി നിന്നാസ്വദിക്കാന്‍ മാത്രം കാരുണ്യം വറ്റിവരണ്ട മനസ്സുകളായി മനുഷ്യന്‍ മാറിയിരിക്കുന്നു. എത്രതന്നെ ക്രൂരനാണെങ്കിലും സ്വന്തം ചോരയില്‍ പിറന്ന പറക്കമുറ്റാത്തവരോട് മനുഷ്വത്വമില്ലായമ കാണിക്കാന്‍ പച്ച കരളുള്ളവര്‍ക്ക് സാധിക്കില്ലെന്നായിരുന്ന കരുതപ്പെട്ടത്. മൃഗങ്ങള്‍ തങ്ങള്‍ക്ക് പിറന്നവരോട് ക്രൂരത കാണിക്കാറില്ലെന്നതിനാല്‍ മനുഷ്യന്റെ ചെയ്തികളെ മൃഗീയതയെന്ന് വിളിച്ച് ആക്ഷേപിക്കാനാകില്ല. കണ്ണിന് കുളിര്‍മ്മയും, മനസ്സിന് സന്തോഷവും നല്‍കുന്ന പിഞ്ചോമനകള്‍ക്ക് മുന്നില്‍ സംഹാരത്തിന്റെ തീക്ഷണഭാവം പുറത്തെടുക്കാന്‍ ജന്മം നല്‍കിയവരെ തന്നെ പ്രേരിപ്പിക്കുന്നതിലെ പൈശാചികത അതീവ ഗൗരവം നിറഞ്ഞതാണ്. മനുഷ്യനില്‍ സംഭവിക്കുന്ന മനുഷ്യത്വമില്ലായ്മ സാമൂഹ്യഗതിയുടെ സന്തുലിതാവസ്ഥയെയാണ് ചോദ്യം ചെയ്യുന്നത്.
    മനുഷ്യനിലെ മൃദുവികാരങ്ങളെ ഉണര്‍ത്തുന്ന ആകാര സൗന്ദര്യങ്ങളാണ് പിഞ്ചോമനകള്‍. ശിലാഹൃദയങ്ങളെപോലും നൈര്‍മല്യമുള്ള മനസ്സുകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ കരുത്തുള്ളതാണ് കുഞ്ഞുമുഖങ്ങളിലെ നിഷ്‌കളങ്കമായ നോട്ടവും, പാല്‍ പുഞ്ചിരിയും. അതിക്രമകാരിയെ നിരായുധനാക്കാന്‍ അരുമ മക്കളേക്കാള്‍ ശേഷിയുള്ളതായി മറ്റൊന്നില്ല. രക്തബന്ധമെന്നത് കോര്‍ത്തിണക്കപ്പെട്ട ഹൃദയങ്ങള്‍ പോലെ അടുത്തതാണ്. പരസ്പരം വലിച്ചകറ്റാന്‍ കഴിയാത്തവിധം അസാന്നിധ്യത്തിലും ചേര്‍ന്നു നില്‍ക്കുന്നതാണത്. കുഞ്ഞുമേനിയില്‍ ഉറുമ്പ് കടിക്കുമ്പോള്‍ നമ്മുടെ ഹൃദയം വേദനിക്കുന്നത് മനസ്സിന്റെ മൃദുവികാരതയില്‍ നിന്നായിരുന്നു. സ്‌നേഹവും കാരുണ്യവും, ദയയും, അനുകമ്പയും പ്രപഞ്ച സ്രഷ്ടാവ് മനുഷ്യമനസ്സുകളില്‍ കോരിയിട്ട മഹത് ഗുണങ്ങളാണ്. പരസ്പരം ഇവ മറയില്ലാതെ പ്രകടമാക്കപ്പെടുന്നിടത്താണ് മനുഷ്യന്‍ ഇതര സൃഷ്ടികളില്‍ നിന്ന് വിത്യസ്തനാകുന്നത്. അഞ്ചുവയസ്സുകാരനെ കൊല്ലാകൊല ചെയ്യുകയും, അപകടം നാടകീയമായി അസൂത്രണം ചെയ്ത പിതാവ് പിഞ്ചുമക്കള്‍ മുങ്ങി മരിക്കുന്നത് കരയില്‍ നിന്ന് കണ്ടാസ്വദിക്കുകയും ചെയ്യുമ്പോള്‍ മനസ്സുകളില്‍ നിന്ന് ചോര്‍ന്നൊലിച്ച് തീരുന്നത് മനുഷ്യനെന്ന സൃഷ്ടിയെ വേറിട്ട് നിറുത്തിയ സദ്ഗുണ സമ്പന്നതയാണ്. 
മനുഷ്യനിലെ ഹിംസാത്മകതക്ക് മനുഷ്യനോളം പഴക്കമുണ്ടെങ്കിലും ബന്ധങ്ങളിലേക്കിത് കടന്നുവരാന്‍ തുടങ്ങിയിട്ട് കാലമേറെയായിട്ടില്ല. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും, ദാമ്പത്യങ്ങളിലെ വഴിപിരിയലും സാധാരണ കാര്യമായി നിസാരവത്കരിക്കപ്പെട്ടിടത്താണ് അരുംക്രൂരതകള്‍ വീടുകള്‍ക്കകത്ത് സ്ഥാനം പിടിച്ചത്. ദാമ്പത്യത്തിലൂടെ ഉണ്ടാകേണ്ട പരസ്പര ബഹുമാനം സംശയങ്ങള്‍ക്ക് വഴിമാറുകയും, അവിഹിതബന്ധങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ മലക്കെ തുറന്നിടപ്പെടുകയും ചെയ്തപ്പോള്‍ കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ടിയിരുന്ന കുടുംബം ഭൂകമ്പസമാനമായി മാറി. ഈ സാഹചര്യത്തിലേക്ക് പിറന്ന് വീഴുകയോ, വളര്‍ന്ന് വലുതാവുകയോ ചെയ്യുന്ന കുഞ്ഞിന് അസ്വസ്ഥതകള്‍ നിറഞ്ഞ അന്തരീക്ഷമായിരിക്കും താരാട്ടായി ലഭിക്കുക. 
കുട്ടികള്‍ക്കെതിരായ അതിക്രമം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലെ കേസുകളില്‍ മൂന്നിരട്ടി വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 1324  കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെ തിരിച്ചുള്ള കണക്കാണിത്. മനുഷ്യബന്ധങ്ങള്‍ക്ക് ഏറെ വിലകല്‍പ്പിക്കപ്പെടുന്ന സമൂഹമെന്ന ഖ്യാതിയുള്ള കേരളത്തില്‍ നിന്നുള്ളതാണ് ഈ കണക്കുകളെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ദേശീയതലത്തില്‍ കുട്ടികള്‍ക്കെതിരായ ബലാത്സംഗകേസുകളില്‍ കേരളം ആറാം സ്ഥാനത്ത് എത്തിനില്‍ക്കുന്നുവെന്നതും ഇതോടൊപ്പം ചേര്‍ത്ത് വെക്കേണ്ടതുണ്ട്.
കുടുംബപ്രശ്‌നങ്ങളാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പ്രധാനകാരണമെന്നാണ് മനഃശാസ്ത്രവിദഗ്ദരുടെ അഭിപ്രായം. അച്ഛന്റെയോ, അമ്മയുടേയോ പുനര്‍ വിവാഹവും കുട്ടികള്‍ക്ക് മുന്നില്‍ അരക്ഷിതാവസ്ഥ തീര്‍ക്കാന്‍ വഴിയൊരുക്കുന്നു. അടുത്തിടെ പുറത്തുവന്ന രണ്ടാനമ്മയുടെ പീഡനകഥകള്‍ ഇത് ശരിവെക്കുന്നു. സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ പുതിയ ഭാര്യ പീഡിപ്പിക്കുമ്പോള്‍ നോക്കിനില്‍ക്കുന്നവരായി ജന്മം നല്‍കിയവര്‍ മാറുന്നത് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും ജീവിത സുഖലോലുപതക്കും മക്കള്‍ ബാധ്യതയായി മാറുന്നു എന്നിടത്ത് നിന്നാണ്. അരീക്കോട്ടെ ശരീഫിനെ ഭാര്യടോടൊപ്പം രണ്ട് പിഞ്ചോമനകളേയും വെള്ളക്കെട്ടില്‍ എറിഞ്ഞ് കൊല്ലാന്‍ പ്രേരിപ്പിച്ചത് ഇനിയുള്ള ജീവിതത്തില്‍ ഇവര്‍ ബാധ്യതയായി മാറുമോയെന്ന തോന്നലില്‍ നിന്നായിരുന്നു.
          അടിച്ചു വളര്‍ത്തിയാലെ കുട്ടികള്‍ നന്നാകൂവെന്ന വിചാരം പലപ്പോഴും അതിക്രമങ്ങളായി രൂപപ്പെടാറുണ്ട്. മതാപിതാക്കളോട് ഭയപ്പാടോടെ ഇടപഴകുന്ന മക്കളെയാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. മക്കളെ നിറുത്തേണ്ടിടത്ത് നിറുത്തുകയെന്നത് അകറ്റി നിറുത്തുകയെന്നതായി മാറുകയും ചെയ്യുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തിന് തടസ്സമാണെന്ന് കണ്ട് രക്ഷിതാക്കള്‍ കുട്ടികളെ ഒഴിവാക്കുന്ന കാലമാണിതെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. സ്‌നേഹവും ലാളനയും മനസ്സിനകത്ത് പൂട്ടിവെച്ച് മക്കളോട് ഇടപഴകുന്ന പിതാവും, മകളുടെ ശരീരത്തില്‍ ക്രൂരവിനോദം നടത്തുന്ന അച്ഛനും മക്കള്‍ക്ക് അവകാശപ്പെട്ടത് നല്‍കുന്നതില്‍ മാപ്പര്‍ഹിക്കാത്ത വീഴ്ചവരുത്തുന്നവരാണ്. പുതിയ തലമുറയെ ക്രമപ്പെടുത്തി വളര്‍ത്തുന്നതില്‍ മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ സുഗമമായ സമൂഹഗതിക്ക് മുന്നിലാണ് വിലങ്ങുതടി തീര്‍ക്കുന്നത്.
മനുഷ്യനിലെ ക്രൂരത സകലമറകളും നീക്കി പുറത്ത് വന്നിരിക്കുന്നുവെന്നതാണ് നിലക്കാത്ത കുഞ്ഞുനിലവിളികള്‍ പ്രകടമാക്കുന്നത്. ജനിക്കുവാനും, വളരുവാനുമുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ട് പ്രാകൃതയുഗത്തിലേക്കാണ് മനുഷ്യന്‍ തിരിഞ്ഞു നടക്കുന്നത്. പെണ്‍കുഞ്ഞുങ്ങളുടെ ജനനം അപമാനമാണെന്ന് മനസ്സിലാക്കിയിരുന്നതിനാല്‍ കരയുന്ന മനസ്സോടെയായിരുന്നു പ്രാകൃതയുഗത്തിലെ ജനത സ്വന്തം കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നത്. പെണ്‍മക്കളുടെ ജനനം സന്തോഷവാര്‍ത്തയാണെന്ന ഖുര്‍ആനിക വചനം അവതരിച്ചതോടെ മനസ്സില്ലാമനസ്സോടെ ചെയ്തിരുന്ന ക്രൂര ചെയ്തിയില്‍ നിന്ന് അവര്‍ വിരമിക്കുകയും ചെയ്തു. എന്നാല്‍ ഉദ്ബുദ്ധമെന്നവകാശപ്പെടുന്ന ഇപ്പോഴത്തെ ജനത തങ്ങളുടെ സുഖജീവിതങ്ങള്‍ക്കും, സ്വാര്‍ത്ഥമായ വ്യവഹാരത്തിനും പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഗര്‍ഭാശയത്തില്‍ വെച്ചുതന്നെ പിറക്കാനിരിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങളെ അരും കൊല ചെയ്യുകയാണ്. ഇനി പിറന്നു വീഴാന്‍ ഔദാര്യം നല്‍കിയാല്‍ തന്നെ ചവറുകൂനകളിലും റോഡരികലും, അമ്മത്തൊട്ടിലുകളിലും ഉപേക്ഷിച്ച് കടന്നു കളയുന്നു. തുച്ഛം വിലക്ക് മക്കളെ വില്‍ക്കുന്നവരും, ലൈംഗിക വാണിഭത്തിന് കെട്ടിയൊരുക്കി മക്കളെ കൂടെ നടത്തുന്നവരും അമ്മമാരുടെ കൂട്ടത്തിലുണ്ട്. അച്ഛന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കേണ്ടി വന്നവരും, മുത്തച്ഛനാല്‍ ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്നവരും കുറവല്ല.
മനുഷ്യന്റെ ദുഷ്‌ചെയ്തികളും ക്രൂരതകളും ഭൂമിയെ അടിമേല്‍ മറിക്കാന്‍ പര്യാപ്തമാണെങ്കിലും പ്രപഞ്ച സ്രഷ്ടാവ് അങ്ങിനെ ചെയ്യാത്തത് ഇവിടെ ജനിച്ചു വീഴുകയും ജീവിച്ചു പോരുകയും ചെയ്യുന്ന കുഞ്ഞുങ്ങളെയും, വൃദ്ധരെയും കരുതിയാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനം പുതിയ കാലഘട്ടത്തിലെ കരളലിയിക്കുന്ന സംഭവ വികാസങ്ങളോടൊപ്പം പുനര്‍വായനക്ക് വിധേയമാക്കപ്പെടേണ്ടതാണ്. ഭൂമിയെ സകല സുഖാനുഭവങ്ങളോടും നിലനിറുത്തുന്നതിന് നിമിത്തമായ കുഞ്ഞുമുഖങ്ങളെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കി മനുഷ്യന്‍ സ്വയം വരിക്കുന്നത് സര്‍വ്വനാശത്തിനുള്ള വഴികളാണെന്ന് കാണാതെ പോയിക്കൂട.
മക്കള്‍ ആരുടേതുമാകട്ടെ, അവര്‍ക്ക് വളരാനുള്ള ഇടമാണിത്. എന്റെ മക്കളെ ഞാനെന്തും ചെയ്യുമെന്നത് അതിക്രമം പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സായി മാറരുത്. മക്കള്‍ വീടുകളില്‍ സുരക്ഷിതമല്ലെങ്കില്‍ സമൂഹം ഇവരുടെ കാര്യത്തില്‍ ഇടപെടേണ്ടതായുണ്ട്. അധ്യാപക സമൂഹത്തിന് ഇക്കാര്യത്തില്‍ വലിയ പങ്ക് നിര്‍വ്വഹിക്കാനാകും. പഠിപ്പിച്ച് പറഞ്ഞയക്കുകയെന്നതിനപ്പുറത്ത് അവരുടെ ജീവിത സാഹചര്യവും, കുടുംബപാശ്ചാത്തലവും മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്. ഇടപെടേണ്ടിടത്ത് സമൂഹപങ്കാളിത്തത്തോടെയും, ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെയും പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി സാന്നിദ്ധ്യമുറപ്പിക്കണം. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലും ക്രിയാത്മകമായുണ്ടാകേണ്ട കാലം കൂടിയാണിത്. 





Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്