സോളാര്‍ കത്തി തീരുമ്പോള്‍
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ പാനല്‍ തട്ടിപ്പ് വിവാദം കെട്ടടങ്ങുമ്പോള്‍ കത്തി ഉയരുന്നത് യു.ഡി.എഫിനകത്തെ ധ്രുവീകരണമാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സമര കോലാഹലങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും പാലാക്കാരനായ മാണിസാറിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനമെന്ന കുളിര് കോരിയിടാന്‍ വിവാദത്തിലൂടെ സാധിച്ചു. ഇവിടം വിട്ടാല്‍ തങ്ങള്‍ക്ക് വേറെ ഇടമില്ലെന്ന് കരുതേണ്ടതില്ലെന്ന് മുസ്ലിം ലീഗിന് നട്ടെല്ല് നിവര്‍ത്തി പറയാന്‍ ഊര്‍ജ്ജം ലഭിച്ചതും സോളാറില്‍ നിന്നായിരുന്നു. എക്കാലത്തും കോണ്‍ഗ്രസ്സിന്റെ കരുത്തായ ഗ്രൂപ്പ് പോരിനെ പുനസംഘടിപ്പിച്ച് കരുത്തുറ്റതാക്കാനും സൗരോര്‍ജ്ജവിവാദത്തിനായി. ഭരണം അട്ടിമറിക്കാനില്ലെന്ന ഇടത് മുന്നണിയുടെ മുന്‍ നിലപാടില്‍ മാറ്റമുണ്ടായെന്നതാണ് സോളാര്‍ വിവാദം പുറം തള്ളിയ പ്രധാന രാഷ്ട്രീയ കാര്യം.
വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പുത്തന്‍ സമവാക്യങ്ങളിലേക്കുള്ള സൂചനകള്‍ തുറന്നു വെച്ചാണ് സോളാര്‍ വിവാദം താല്‍ക്കാലികമായി അരങ്ങൊഴിയുന്നത്. യു.ഡി.എഫിനകത്ത് കോണ്‍ഗ്രസ്സുമായി ഇതര ഘടകകക്ഷികള്‍ക്കുള്ള മാനസിക അകലം പ്രകടമാക്കുന്നത് കൂടിയായിരുന്ന സോളാര്‍ വിവാദകാലത്തെ വെടിയൊച്ചകള്‍. ലോക സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതോടെ ഇപ്പോഴത്തെ വെടിയൊച്ചകള്‍ ഉഗ്രശേഷിയുള്ള വിസ്‌ഫോടനങ്ങളായി രൂപാന്തരപ്പെടുമെന്നാണ് രാഷ്ട്രീയ കേരളം കണക്ക് കൂട്ടുന്നത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് സി.കെ.ജി.യെ ഉദ്ധരിച്ച് രമേശ് ചെന്നിത്തല മുസ്ലിം ലീഗിനെതിരെ നടത്തിയ പ്രസ്താവനകള്‍ അണയാത്ത കനലായി ഇന്നും നിലനില്‍ക്കുന്നുണ്ട്. വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുസ്ലിം ലീഗ് കടുത്ത നിലപാട് സ്വീകരിക്കാതെ മിതത്വം പാലിച്ചത്. പരമ്പരാഗതമായി നല്‍കി പോരുന്ന രണ്ട് സീറ്റിനപ്പുറത്ത് രണ്ട് സീറ്റ് കൂടി കൂടുതലായി ലീഗ് ഇത്തവണ ആവശ്യപ്പെട്ടേക്കും. ചെന്നിത്തല നടത്തിയ പ്രസ്താവന ഉണ്ടാക്കിയ മുറിവ് ഉണക്കാന്‍ വയനാട്, കാസര്‍കോട് സീറ്റുകള്‍ നല്‍കണമെന്ന ആവശ്യമായിരിക്കും ഔഷധമായി ലീഗ് മുന്നോട്ട് വെക്കുക. ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാന ഭരണത്തിനെതിരെയായിരിക്കും ലീഗിന്റെ കടുത്ത നിലപാട് പ്രകടമാക്കുക.
കേരള കോണ്‍ഗ്രസ്സിന് മുന്നോട്ടു വെക്കാനുള്ളതും ഇതേകാര്യമാണ്. കൂടുതല്‍ സീറ്റും, കേന്ദ്രത്തില്‍ ഭരണമുണ്ടെങ്കില്‍ മന്ത്രി സ്ഥാനവും കൂടിയെ തീരുവെന്നതാണ് ഇവരുടെ നിലപാട്. മുസ്ലിം ലീഗും, കേരള കോണ്ഗ്രസ്സും ആവശ്യപ്പെടുന്ന കൂടുതല്‍ സീറ്റ് സ്വന്തം പോക്കറ്റില്‍ നിന്നു തന്നെയാണ് കോണ്‍ഗ്രസ്സിന് എടുത്ത് കൊടുക്കേണ്ടി വരിക. ഓരോ സീറ്റിനും ഡസന്‍ കണക്കിന് സ്ഥാനാര്‍ത്ഥി മോഹികള്‍ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ളപ്പോള്‍ ഘടകകക്ഷികളുടെ ആവശ്യം എങ്ങിനെ പരിഗണിക്കുമെന്നതില്‍ ഹൈക്കമാന്റിന് പോലും നിശ്ചയമുണ്ടാകില്ല. ഇടത് മുന്നണി വിട്ട് യു.ഡി.എഫിനൊപ്പം ചേര്‍ന്ന സോഷ്യലിസ്റ്റ് ജനത കോഴിക്കോട് സീറ്റ് ആവശ്യപ്പെട്ടാല്‍ അതിനെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗം എന്തെന്ന് ആരായുന്നിടത്തായിരിക്കും കൂടുതല്‍ സീറ്റ് ആവശ്യവുമായുള്ള ലീഗ്, കേരള കോണ്‍ഗ്രസ്സ് സമ്മര്‍ദ്ദം കോണ്‍ഗ്രസ്സിന് നേരിടേണ്ടി വരിക. നിലവിലെ സാഹചര്യത്തില്‍ സ്വന്തം സീറ്റില്‍ നിന്ന് ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്സിനാകില്ലെന്ന ഉറച്ച ബോധ്യം ഇടതുപക്ഷത്തിനുണ്ട്. ഈ പോയിന്റില്‍ നിന്നുകൊണ്ടാണ് സംസ്ഥാന ഭരണത്തിന്റെ അട്ടിമറി പ്രതിപക്ഷം സ്വപ്നം കാണുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടാത്തത് കൊണ്ട് ഭരണത്തിന് നേതൃത്വം നല്‍കാന്‍ സി.പി.എം ഉള്‍പ്പെടെയുള്ളവര്‍ മുന്നിലുണ്ടാകില്ല. അതിനാലാണ് ഇടതുപക്ഷത്തെ നേതൃനിര മാണി സാറിനെ വാനോളം പുകഴ്ത്തുകയും മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ളവരുടെ പട്ടികയില്‍ ഒന്നാമന്‍ താങ്കളെല്ലാതെ വേറെ ആരാണുള്ളതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നത്. പ്രതിപക്ഷം ഒരു മുഴം മുന്നെ എറിഞ്ഞ മോഹന വാഗ്ദാനം തള്ളാനും കൊള്ളാനും കഴിയാതെ സ്വപ്നലോകത്തേക്ക് ഉയര്‍ത്തപ്പെട്ട നിലയിലാണ് മാണി സാര്‍ ഇപ്പോഴുള്ളത്. പി.എസ്.പി നേതാവ് പട്ടം താണുപിള്ളയ്ക്കും, മുസ്ലിം ലീഗിലെ സി.എച്ച് മുഹമ്മദ് കോയക്കും മുഖ്യമന്ത്രിയാകാന്‍ ഇടം ലഭിച്ച കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കെ.എം മാണിക്കുള്ള സാധ്യതകള്‍ മലക്കെ തുറന്നിടുന്നതിന് കൂടി സോളാര്‍ വെളിച്ചം വഴി കാണിച്ചു. 
ഭരണ രംഗത്തെ ഇത്രമേല്‍ മുള്‍മുനയില്‍ നിറുത്തിയ തട്ടിപ്പ് കേസ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി രാജിവെക്കുക എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷവും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും സമരത്തിനിറങ്ങിയതെങ്കിലും ലക്ഷ്യം കാണാന്‍ ഇവര്‍ക്കായില്ല. എ.കെ ആന്റണിയുടെയും, കെ.കരുണാകരന്റെയും മാതൃക ഉമ്മന്‍ചാണ്ടിയും പിന്‍തുടരുമെന്നാണ് പ്രതിപക്ഷം കരുതിയത്. കുന്ന് കുലിങ്ങിയാലും താന്‍ കുലുങ്ങില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതോടെ ഗ്രാനേഡ് പ്രയോഗത്തിന്റെ പേരിലുള്ള ഹര്‍ത്താലോടെ സോളാര്‍ സമര പരമ്പരക്ക് പര്യവസാനം കുറിക്കേണ്ടി വന്നു.
മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനായില്ലെങ്കിലും സോളാര്‍ വിവാദത്തിലെ രാഷ്ട്രീയ വിജയം പ്രതിപക്ഷത്തിന് അവകാശപ്പെടാവുന്നതാണ്. മുഖ്യമന്ത്രിക്കും, അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ വിവാദത്തിലൂടെ സാധിച്ചു. മുഖ്യമന്ത്രി തന്റെ മുഖമുദ്രയായി ഉയര്‍ത്തിക്കാട്ടിയിരുന്ന സുതാര്യതയെ സംശയത്തിന്റെ നിഴലില്‍ നിറുത്താന്‍ പ്രതിപക്ഷത്തിനായി. ഗ്രൂപ്പ് തിരിഞ്ഞുള്ള വിഴുപ്പലക്കലിലൂടെ കോണ്‍ഗ്രസ്സുകാരായ മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും പകയും ഉരിത്തിരിഞ്ഞു. സരിത നായരെ വിളിച്ചവരുടെ ഫോണ്‍ വിവരം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി സ്വന്തം ഗ്രൂപ്പുകാരായ മന്ത്രിമാര്‍ക്കിടയില്‍ പോലും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. അതിലെല്ലാമുപരി യു.ഡി.എഫ് സംവിധാനത്തിനകത്ത് പരിഹാരം ദുഷ്‌കരമാകുന്ന തരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സോളാര്‍ വിവാദത്തിന് കഴിഞ്ഞു. വിവാദ കാലത്തെ പൊട്ടലും ചീറ്റലും അതിവേഗം ഉണങ്ങാത്ത വ്രണങ്ങളായി രൂപാന്തരപ്പെട്ടവയാണെന്നത് ഭരണത്തിനെതിരായ മുന്നേറ്റങ്ങളില്‍ പ്രതിപക്ഷത്തിന്റെ അധ്വാനം കുറക്കാന്‍ സഹായകമാകും.
ഗര്‍ഭകാലം അവസാനിപ്പിച്ച് പിറവിയെടുക്കാന്‍ ഒരുങ്ങുന്ന മന്ത്രിസഭ പുനസംഘടന കോണ്‍ഗ്രസ്സിനകത്തെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമായാണ് ഹൈക്കമാന്റ് നിര്‍ദ്ദേശിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന പുതിയ മന്ത്രിസഭ സംസ്ഥാന ഭരണം കാര്യക്ഷമമാക്കുന്നതിനും, ഇപ്പോഴുണ്ടായിട്ടുള്ള ചീത്തപ്പേര് മായിച്ച് കളയുന്നതിനും സഹായകമാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ചെന്നിത്തലക്ക് നല്‍കുന്ന വകുപ്പും, സ്ഥാനവും സംബന്ധിച്ച വ്യക്തതയും, ഇതുള്‍ക്കൊള്ളാനുള്ള ഘടകക്ഷികളുടേയും ഗ്രൂപ്പുകാരുടെയും മനസ്സും പോലെയിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മനസ്സമാധാനം. ഗ്രൂപ്പുകള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനായാലും ഘടകകക്ഷികളുടെ മുറുമുറുപ്പവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് വലിയ നിലയില്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. 


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്