തട്ടിപ്പിന്റെ അനുഭവങ്ങളെത്ര;
 ആരും ഒന്നും പഠിക്കുന്നില്ല.
   തട്ടിപ്പുകാര്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറിയിട്ട് നാളേറെയായി. ഏത് തരം തട്ടിപ്പ് സംഘങ്ങള്‍ക്കും ഔദ്യോഗിക പരിവേഷം ലഭിക്കുന്ന ഇടം കൂടിയാണിത്. മോഹന വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ ജിവിത സമ്പാദ്യം മുഴുവന്‍ തുറന്നു വെച്ചു കൊടുക്കുന്ന തരത്തില്‍ ഹൃദയവിശാലതയുടെ പര്യായങ്ങളായി മലയാളി മാറിയിരിക്കുന്നു. എത്രകൊണ്ടാലും പഠിക്കാത്തവിധം തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇരകളായി മാറുകയാണ് കൊച്ചുകേരളത്തിലെ ഉദ്ബുദ്ധ ജനത. മലയാളിയെ പറ്റിക്കാത്തവരായി ഇനിയാരുണ്ട് എന്നതാണ് നിലക്കാത്ത തട്ടപ്പ് കഥകള്‍ വ്യക്തമാക്കുന്നത്. കോട്ടും സ്യൂട്ടും ധരിച്ച വിദേശി മുതല്‍ അന്യസംസ്ഥാനക്കാരനായ വട്ടിപ്പലിശക്കാരന്‍ വരെ മലയാളിയുടെ സമ്പാദ്യം പോക്കറ്റിലാക്കി മുങ്ങിയവരുടെ പട്ടികയില്‍പെടും.
രാഷ്ട്രീയ കേരളത്തെ കൊടുമ്പിരികൊള്ളിച്ച സോളാര്‍ വിവാദം തട്ടിപ്പിന്റെ വി.ഐ.പി മാതൃകയാണ് പ്രകടമാക്കിയത്. പതിനായിരം കോടിയുടെ തട്ടിപ്പ് ലക്ഷ്യമാക്കി ഇറങ്ങിയവര്‍ക്ക് പത്ത് കോടിമാത്രമാണ് വെട്ടാനായതെങ്കിലും തട്ടിപ്പിനായി അവര്‍ വിരിച്ച വലയുടെ വ്യാപ്തിയും സ്വാധീനവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മലയാളിയുടെ സമ്പാദ്യ ശീലത്തേയും, മേലനങ്ങാതെ പണം വാരാനുള്ള മനസ്ഥിതിയേയും ഗവേഷണ വിധേയരാക്കിയവരാണ് തട്ടിപ്പ് വേഷധാരികളില്‍ ഏറെയും. വശ്യമായ സംസാരശൈലിയും, കണ്ണഞ്ചിപ്പിക്കുന്ന ലാഭ ക്കണക്കും, ഔദ്യോഗിക സ്വഭാവത്തിലുള്ളതാണെന്ന് തോന്നിപ്പിക്കുന്ന രേഖകളും അവതരിപ്പിക്കാന്‍ ശേഷിയുള്ളവര്‍ക്ക് മുന്നില്‍ ഇടവും വലവും നോക്കാതെ സമ്പാദ്യം അടിയറവ് വെക്കുന്നവരായി മലയാളി മാറുന്നിടത്താണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് കേരളം വളക്കൂറുള്ള മണ്ണായി മാറുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തട്ടിപ്പിനിരയായി നഷ്ടപ്പെട്ട പണത്തിന്റെ കണക്കെടുത്താല്‍ ലോക സമൂഹങ്ങള്‍ക്കിടയില്‍ ഏറ്റവും വേഗം പറ്റിക്കാന്‍ കഴിയുന്ന ജനസമൂഹമാണ് മലയാളികളെന്ന് ബോധ്യപ്പെടും. ഇന്റര്‍ നെറ്റിലൂടെയും, മൊബൈല്‍ ഫോണിലൂടെയുമുള്ള വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കി തട്ടിപ്പിനിരയായവര്‍ മലയാളികളല്ലാതെ മറ്റാരുമുണ്ടാകില്ല. സൗത്ത് ആഫ്രിക്കയിലുള്ള നിധി കണ്ടെടുക്കാനെന്ന പേരിലാണ് നൈജീരിയന്‍ സ്വദേശികള്‍ കേരളത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. അവതരിപ്പിക്കുന്ന പദ്ധതികളുടെ വിശ്വാസ്യത പരിശോധിക്കാതെ തിരിച്ചു ലഭിക്കുമെന്ന് പറയുന്ന ലാഭത്തിന്റെ കണക്കില്‍ മാത്രം കണ്ണും നട്ടിരിക്കുന്നിടത്താണ് തട്ടിപ്പ് സംഘങ്ങള്‍ അവരുടെ കാന്‍വാസിംഗ് തന്ത്രം വിജയിപ്പിച്ചെടുക്കുന്നത്.
പ്രദേശികളുമായുള്ള ചിട്ടി കമ്പിനികള്‍ മുതല്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗപ്പെടുത്തി നടന്ന സോളാര്‍ പാനല്‍ വരെയുള്ള തട്ടിപ്പുകളുടെ നീണ്ടു നിവര്‍ന്ന കഥകള്‍ ധന സമ്പാദനത്തിലെ മലയാളിയുടെ അബദ്ധ പ്രവണതകളെയാണ് തുറന്നു വെക്കുന്നത്. മറ്റുള്ളവനെ പറ്റിച്ചും, വെട്ടിച്ചും പണമുണ്ടാക്കുകയെന്നതാണ് തട്ടിപ്പുകാരന്റെ മനസ്ഥിതിയെങ്കില്‍, കയ്യിലുള്ള പണം എവിടെയെങ്കിലും മുടക്കി തടിയനങ്ങാതെ വരുമാനമുണ്ടാക്കുകയെന്ന ചിന്തയാണ് സമ്പാദ്യം മുടക്കുന്നവനുള്ളത്. മുടക്കുന്ന പണത്തിന് വാഗ്ദാനം ചെയ്യുന്ന ലാഭത്തിന്റെ വലിപ്പം ഇടപാടുകളിലെ ആധികാരികതയെ അപ്രസക്തമാക്കുന്നു. തുടര്‍ച്ചയായ മാസങ്ങളില്‍ കൃത്യമായി ലഭിക്കുന്ന ലാഭ വിഹിതം ശേഷിക്കുന്ന സമ്പാദ്യവും മുതല്‍ മുടക്കാന്‍ പ്രേരിപ്പിക്കുന്നു. മാസ വരുമാനത്തില്‍ പൊടുന്നനെയുണ്ടായ വര്‍ദ്ധനവ് ജീവിത നിലവാരവും ഭൗതിക സൗകര്യങ്ങളും കുത്തനെ ഉയര്‍ത്താന്‍ നിര്‍ബന്ധിതമാക്കുന്നു. വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ നിക്ഷേപം സ്വീകരിച്ചവര്‍ മുങ്ങിയതായുള്ള വിവരം പുറത്ത് വരുന്നു. ഇതോടെ ജീവിത സമ്പാദ്യം പൂര്‍ണ്ണമായും നഷ്ടപ്പെട്ട് പാപ്പരായവരുടെ കൂട്ടത്തിലേക്ക് ശരാശരി വരുമാനക്കാരായ മലയാളികള്‍ കൂപ്പു കുത്തുന്നു. തട്ടിപ്പിനിരയായി സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവരാകട്ടെ ഒരു മുളം കയറിലും, ഒരു കുപ്പി വിഷത്തിലും ജീവിതം അവസാനിപ്പിക്കുന്നു. തട്ടിപ്പിലൂന്നിയ നിക്ഷേപ സംരഭങ്ങളില്‍ തലവെച്ച് കൊടുത്തവരുടെ പര്യവസാനം ഇതിനപ്പുറത്തേക്ക് നീളാറില്ല.
അതിഭൗതികത മലയാളിയെ കീഴ്‌പ്പെടുത്തിയത് മുതലാണ് ഫൈവ് സ്റ്റാര്‍ തട്ടിപ്പ് സംഘങ്ങള്‍ വേരുറപ്പിക്കപ്പെട്ടത്. നിശ്ചിതമായി ലഭിക്കുന്ന വരുമാനം കൊണ്ട് മികച്ച രീതിയിലുള്ള ജീവിത നിലവാരം സാധ്യമാക്കാനാകില്ലെന്ന ബോധ്യത്തില്‍ നിന്നാണ് അധികമായുള്ള വരുമാനം തേടാന്‍ മലയാളി വഴികള്‍ അന്വേഷിച്ചത്. ഇതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ തട്ടിപ്പ് സംഘങ്ങള്‍ വിജയം കൈവരിക്കുകയും ചെയ്തു. കാലഘട്ടത്തിനനുസരിച്ച് ആകര്‍ഷകമായ പേരുകളില്‍, വിത്യസ്തങ്ങളായ സ്‌കീമുകള്‍ മുന്നില്‍ വെച്ച് തട്ടിപ്പ് പദ്ധതികള്‍ തയ്യാറാക്കപ്പെട്ടപ്പോള്‍ തന്റെ ജീവിതത്തെ അടിമുടി മാറ്റാന്‍ ഇത് സഹായകമാണെന്ന ഉത്തമ വിശ്വാസത്തോടെ ഇവയെ നെഞ്ചേറ്റുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരിക്കല്‍ വഞ്ചിക്കപ്പെട്ടവര്‍ വീണ്ടും വീണ്ടും തട്ടിപ്പിനിരയാകുന്ന സ്ഥിതി തുടരുന്നു. കിട്ടുന്ന വരുമാനത്തിനനുസരിച്ച് ജീവിത നിലവാരം ക്രമപ്പെടുത്തുകയെന്നത് സ്വീകാര്യമല്ലാതായി മാറിയിരിക്കുന്നു. ആധുനിക സാഹചര്യങ്ങള്‍ക്കനുസരിച്ച ജീവിത രീതികള്‍ക്ക് ആവശ്യമായ വരുമാനം കണ്ടെത്തുകയെന്നിടത്താണ് പുതിയ തലമുറ എത്തിനില്‍ക്കുന്നത്. സ്ഥിരം വരുമാനം ലഭിക്കുന്ന ജോലികള്‍ക്ക് പുറമെ സൈഡ് ബിസിനസ്സുകളെ അശ്രയിക്കേണ്ടി വരുന്നത് ഈയൊരു ചിന്തയില്‍ നിന്നാണ്. സേവന സന്നദ്ധതയെന്നത് ജീവിതം പാഴാക്കുന്ന ഏര്‍പ്പാടായി ഇവര്‍ കണക്കാക്കുന്നു.
സ്ഥിരമായി നിശ്ചിത സംഖ്യ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ബിസിനസ്സ് സംരംഭങ്ങളാണ് തട്ടിപ്പിന്റെ പ്രധാന ഇനം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം അയ്യായിരം മുതല്‍ പതിനായിരം വരെ ലാഭവിഹിതമെന്നതാണ് വാഗ്ദാനം. ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ നീളുന്ന ബൃഹ്ത് ശൃംഖലയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളില്‍ അണി ചേരുന്നത്. മദ്രസ്സ അധ്യാപകന്‍ മുതല്‍ വീട്ടമ്മ വരെ നിക്ഷേപം സ്വീകരിക്കുന്നവരായി പ്രവര്‍ത്തിക്കുന്നു. അധികവരുമാനം നേടാനുള്ള മാര്‍ഗ്ഗമെന്നതാണ് നിക്ഷേപയജ്ഞവുമായി ഇറങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഓരോ പ്രദേശത്തും സ്വാധിനമുള്ളവരെ രംഗത്തിറക്കുന്നതില്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍ വിജയിക്കുന്നു. പരമാവധി നിക്ഷേപം സ്വീകരിച്ച ശേഷം മൊത്തം തുകയുമായി മുങ്ങുന്ന രീതിയാണുള്ളത്. തട്ടിപ്പ് സംഘങ്ങളുടെ ബുദ്ധി കേന്ദ്രങ്ങള്‍ നിക്ഷേപ സമാഹരണത്തിന് പരസ്യമായി രംഗത്ത് വരാത്തതുകൊണ്ടു തന്നെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരാണ് അധികവും ക്രൂശിക്കപ്പെടാറുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് രണ്ട് ഡസനോളം പണമിരട്ടിപ്പ് കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയത്. ഗ്രാമങ്ങളില്‍ പോലും സ്വാധീനമുണ്ടാക്കിയ സംരംഭങ്ങളായിരുന്നു ഇവ. എല്ലാവരേയും ആകര്‍ഷിക്കാവുന്ന തരത്തില്‍ വിത്യസ്ത സ്‌ക്കീമുകളാണ് ഇവര്‍ മുന്നോട്ടുവെച്ചത്. ഏതെങ്കിലുമൊരു തരത്തില്‍ പണമിരട്ടിപ്പ് സംഘങ്ങളുടെ വലയില്‍പ്പെട്ട്  പണം നഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ലെന്നതാണ് ഈ മേഖലയില്‍ അനൗദ്യോഗികമായി നടന്ന പഠനം വ്യക്തമാക്കുന്നത്. നല്ല രീതിയില്‍ നടക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ധനസമാഹരണ പിരപാടികളോട് മുഖം തിരിഞ്ഞ് നിന്നു കൊണ്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളില്‍ പണം മുടക്കാന്‍ തയ്യാറാകുന്നത്. കൂടുതല്‍ ലാഭം ലഭിക്കണമെന്നതാണ് ഇതിനുള്ള പ്രേരണ.
കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ പണം നേടാനാകുന്ന തൊഴില്‍ മേഖലകള്‍ തേടുകയാണ് പുതിയ തലമുറയിലെ യുവാക്കള്‍. പരമ്പരാഗത തൊഴില്‍ മേഖലകളേയും, നിര്‍മ്മാണ മേഖലകളേയും കയ്യൊഴിഞ്ഞ് മണല്‍ മാഫിയയുടെ ഭാഗമായി മാറുന്ന യുവാക്കള്‍ അടിച്ചു പൊളിയുടെ ജീവിത രീതിയാണ് മുന്നില്‍ കാണുന്നത്. അതിഭൗതികത സമൂഹത്തിന്റെ മുഴുവന്‍ മേഖലകളിലും പിടിമുറുക്കിയിരിക്കുന്നതിനാല്‍ അധികവരുമാനത്തിന് വേണ്ടിയുള്ള വഴികള്‍ ഇനിയും അന്വേഷിക്കപ്പെടും. മാഫിയ സംഘങ്ങള്‍ക്കും തട്ടിപ്പു കേന്ദ്രങ്ങള്‍ക്കും തഴച്ച് വളരാന്‍ ഈ അന്വേഷണം മുതല്‍ കൂട്ടായി മാറും.
വെളിപ്പെട്ട തട്ടിപ്പുകളുടെ പട്ടികയില്‍ അവസാനമായി എത്തിനില്‍ക്കുന്ന സോളാര്‍ പാനല്‍ വിവാദത്തില്‍  പൊതു സമൂഹത്തിന് നിരവധി പാഠങ്ങളുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറത്ത് മറ്റുള്ളവന്റെ പോക്കറ്റില്‍ കിടക്കുന്ന പണം കൈക്കലാക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലെ നെറികേടുകളാണ് വിചാരണക്ക് വിധേയമാക്കപ്പെടേണ്ടത്. ഭരണകൂടത്തെ മുഴുവന്‍ സ്വാധീനവലയത്തിലാക്കി കേരളമാകെ തട്ടിപ്പിനുള്ള വലവിരിക്കാനായിരുന്നു സോളാര്‍ പാനലുകാര്‍ ശ്രമിച്ചത്. വ്യാജനെ തിരിച്ചറിയാനും, തട്ടിപ്പിനെ പ്രതിരോധിക്കാനും ഭരണ സിരാകേന്ദ്രത്തില്‍ പോലും സംവിധാനങ്ങളില്ലെന്നതാണ് സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ  ഓഫീസ് വേദിയായതിലൂടെ പ്രകടമായത്. അങ്ങിനെയെങ്കില്‍ സാധാരണ ജനങ്ങളെ തട്ടിപ്പുകാരില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്താന്‍ അവരവര്‍ തന്നെ സന്നദ്ധമാകേണ്ടതുണ്ടെന്ന് ചുരുക്കം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വരികള്‍ കടമെടുത്ത് ഇതിനെ സംഗ്രഹിക്കാം. “....തട്ടിപ്പു പദ്ധതികളുടെ സാധ്യതകള്‍ പഠിക്കാതെയും, അതിന് പിന്നിലും മുന്നിലുമുള്ളവരെക്കുറിച്ച് മനസ്സിലാക്കാതെയുമാണ് പലരും ലക്ഷങ്ങളും, കോടികളുമായി എടുത്തു ചാടിയത്. തേക്ക്-മാഞ്ചിയം തൊട്ട് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് വരെ എത്രയെത്ര അനുഭവങ്ങള്‍. എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല”.
ആര്‍ത്തിയും അതിഭൗതികതയും സമൂഹത്തെ വരിഞ്ഞ് മുറുക്കുന്തോറും അതിവേഗ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇനിയും തുറക്കപ്പെടും. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗും, മണി ചെയിനും, റിയല്‍ എസ്റ്റേറ്റ് ഷെയര്‍ ഹോള്‍ഡിംഗും, വിത്യസ്ത രൂപത്തിലും ഭാവത്തിലും ഇനിയും മുളച്ചു പൊന്തും. കാന്‍വാസിംഗിനായി പല കോലങ്ങളിലുള്ളവര്‍ അവതരിക്കും. തൊലി വെളുപ്പും, സംസാര ശൈലയിലെ വശ്യതയും, ലാഭക്കണക്കിലെ മോഹന വാഗ്ദാനവും കണ്ട് മതിമറന്നാല്‍ നഷ്ടമാകുന്നത് ജീവിത സമ്പാദ്യവും ശേഷിക്കുന്ന അഭിമാനവുമായിരിക്കും. നിക്ഷേപങ്ങളേയും സമ്പാദ്യത്തെയും കുറിച്ചുള്ള മലയാളിയുടെ കാഴ്ചപ്പാടിന് അഴിച്ചു പണിയുടെ സമയമായിരിക്കുന്നു. തട്ടിപ്പുകാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഈ അഴിച്ചു പണിയിലൂടെയുള്ള  സ്വയം അവബോധത്തിന് മാത്രമേ കഴിയൂ.




Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്