തീരദേശത്തെ നോമ്പ് 
കടുത്ത പരീക്ഷണങ്ങള്‍ക്കൊപ്പമാണ് തീരദേശമേഖല ഇത്തവണത്തെ റമദാനെ വരവേറ്റത്. കാലവര്‍ഷത്തെ തുടര്‍ന്നുള്ള കടലാക്രമണം പട്ടിണിയിലും പരിവട്ടത്തിലുമാക്കിയ കുടുംബങ്ങളിലേക്കാണ് വിശുദ്ധ റമദാന്‍ വിരുന്നെത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പുതുപൊന്നാനി തിരത്തെ വീടുകളിലെ അടുപ്പുകളില്‍ നിന്ന് പുകയുയര്‍ന്നിട്ട് നാളേറെയായി. ആര്‍ത്തലച്ച് വന്ന തിരമാലകള്‍ വിടിന് പിന്‍ഭാഗത്തെ അടുക്കള വെള്ളത്തില്‍ മുക്കിയിരിക്കുന്നു. പ്രാര്‍ത്ഥനകളിലും ആരാധനകളിലും മുഴുകി വീടിനകത്ത് കഴിഞ്ഞു കൂടേണ്ടിയിരുന്ന സ്ത്രീകള്‍ അന്യരുടെ കനിവില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പുതുപൊന്നാനി തീരത്ത് നിന്ന് കടലെടുത്ത പത്തിലേറെ വരുന്ന വീടുകളിലെ  അംഗങ്ങള്‍ തെരുവിലിറക്കപ്പെട്ടവരുടെ ദൈന്യതയിലാണ് റമദാനിനെ ആശ്ലേഷിച്ചിരിക്കുന്നത്. കലിയിളകിയ കടലിന്റെ രൗദ്രഭാവത്തിന് മുന്നില്‍ ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട തീരത്തെ കുടുംബങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി തിന്നാനും കുടിക്കാനുമില്ലാതെ ദുരിതത്തിന്റെ തണലിലാണ് കഴിഞ്ഞ് കൂടുന്നത്. ഇവര്‍ക്ക് മുന്നിലേക്കാണ് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട റമദാന്‍ കടന്ന് വന്നിരിക്കുന്നത്. ജീവിത സാഹചര്യം പട്ടിണി നിര്‍ബന്ധമാക്കിയ ഇവര്‍ക്ക് മുന്നില്‍ നോമ്പ് തുറയും അത്താഴവുമെല്ലാം മറ്റുള്ളവരുടെ കനിവിനെ ആശ്രയിച്ചാണുള്ളത്. 
.................  ...........................  .................................   
റമദാനിന് ഒരാഴ്ച മുമ്പ് കടലാക്രമണത്തിന് ശമനമായപ്പോള്‍ കറുത്തകുഞ്ഞാലിന്റെ ഫാത്തിമ്മയും കുടുംബവും ആശ്വസിച്ചു. തിന്നാനും കുടിക്കാനുമില്ലെങ്കിലും അഞ്ച് നേരം നമസ്‌കരിച്ചും, ഖുര്‍ആന്‍ പാരായണം ചെയ്തും സ്വന്തം കൂരക്കകത്ത് തന്നെ കഴിയാമെന്നതായിരുന്നു ഇവരുടെ ആശ്വാസത്തിന് വക നല്‍കിയത്. എന്നാല്‍ നോമ്പ് ആരംഭിക്കുന്നതിന് തൊട്ടു തലേന്ന് ആര്‍ത്തലച്ച് വന്ന തിരമാലകള്‍ ഇവരെ ഭവനരഹിതരാക്കി. പ്രായപൂര്‍ത്തിയായ പെണ്‍മക്കളുമൊത്ത് കയറിക്കിടക്കാന്‍ ഇടംതേടിയുള്ള അലച്ചിലിനിടെയാണ് ഇത്തവണത്തെ നോമ്പിനെ സ്വീകരിച്ചത്. അത്താഴം പോലും കഴിക്കാതെയായിരുന്നു ആദ്യ നോമ്പ്. പ്രദേശവാസികളുടെ കാരുണ്യത്തില്‍ ഒരുക്കിയ നോമ്പ് തുറ വിഭവങ്ങള്‍ അണ്ണാക്ക് നനച്ചെങ്കിലും മനസ്സ് നിറയെ തീയായിരുന്നു. വരാനിരിക്കുന്ന ദിവസങ്ങള്‍ എങ്ങിനെ തള്ളി നീക്കുമെന്ന വേവലാതിയില്‍.....
....................................... .  .........................................     
       വിശുദ്ധ മാസത്തില്‍ കുടുംബത്തൊടൊപ്പം കഴിയാനാകാത്ത വിഷമം ഉള്ളിലൊതുക്കുകയാണ് ചെക്കന്റകത്ത് നഫീസ. ഇത്തവണത്തെ കടലാക്രമണത്തില്‍ പുതുപൊന്നാനി തീരത്ത് ആദ്യം കടലെടുത്തത് നഫീസയുടെ വീടായിരുന്നു. പ്രമേഹബാധയെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കാല് മുറിക്കുകയും ഇതേ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തത് മുതല്‍ വലിയൊരു കുടുംബത്തിന്റെ ഉത്തരവാദിത്വം നഫീസയുടെ ചുമലിലായിരുന്നു. പോളിയോ ബാധിച്ച് അരക്ക് താഴെ തളര്‍ന്ന മകള്‍ റൈഹാനത്ത് നഫീസയുടെ നെഞ്ചിലെ നീറ്റലാണ്. വീടും, സ്ഥലവും പൂര്‍ണ്ണമായും കടലെടുത്തതോടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് മൂന്ന് ഇടങ്ങളിലേക്കായി താമസം മാറ്റേണ്ടി വന്നു. ഒരുമിച്ചിരുന്ന് നോമ്പ് തുറന്നിരുന്ന ഇന്നലെകളിലെ ഓര്‍മ്മകള്‍ നഫീസയെ കരയിക്കുന്നു. മക്കളും, പേരമക്കളും ഒപ്പമില്ലാത്ത നോമ്പ്, വീടും പുരയിടവും നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ നൊമ്പരമാണ് ഇവര്‍ക്ക് നല്‍കുന്നത്.
..................................    ..............................................   
കാളിയാരകത്ത് ആലിമുഹമ്മദിന് ഇത്തവണത്തെ നോമ്പും ദുരിതാശ്വാസ ക്യാമ്പിന്റെ ദുരിതങ്ങള്‍ക്കൊപ്പമാണ്. പ്രായത്തിന്റെ വിഷമതകള്‍ പേറുന്ന ആലി മുഹമ്മദ് ഗതികേട് കൊണ്ടാണ് ദുരിതാശ്വാസ ക്യാമ്പിന്റെ ഭാഗമായി കഴിയുന്നത്. കഴിഞ്ഞ തവണത്തെ കടലാക്രമണത്തിലാണ് ആലിമുഹമ്മദിന് വീട് നഷ്ടമായത്. വരുമാനമാര്‍ഗ്ഗം ഒന്നുമില്ലാത്തതിനാല്‍ മറ്റുള്ളവരുടെ കാരുണ്യമാണ് ഇവരുടെ ആശ്രയം. ആലിമുഹമ്മദിന് പുറമെ വേറേയും കുടുംബങ്ങളുണ്ടിവിടെ. തുറന്ന ഹാളില്‍ ടാര്‍പോളിന്‍ വെച്ച് മറച്ചാണ് സ്ത്രീകളും പുരുഷന്മാരും വേര്‍തിരിച്ച് കഴിയുന്നത്. ക്യാമ്പിന്റെ വാതില്‍ മുട്ടുന്നത് കേള്‍ക്കുമ്പോള്‍ ആശ്വാസത്തിന്റെ കൈത്തിരി വെട്ടമാണ് ഇവരുടെ മനസ്സുകളില്‍. ഇങ്ങിനെ വാതില്‍ മുട്ടി വരുന്നവര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങളാണ് വിശപ്പടക്കാന്‍ ഇവര്‍ക്കുള്ള ഏക ആശ്രയം. എല്ലാവരും അരി നല്‍കുന്നതിനാല്‍ കഞ്ഞികുടി മുട്ടില്ലെന്ന് ക്യാമ്പിലുള്ളവര്‍ പറയുന്നു. 
...........................................        ................................       

പടിഞ്ഞാറെക്കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സ്രാങ്കിന്റെ അസൈനാറിന്റെ ആദ്യ നോമ്പുതുറ ആഴക്കടലില്‍ കാറ്റിനും, കോളിനുമൊപ്പമായിരുന്നു. വൈകീട്ട് നാല് മണിയോടെ തിരിച്ചു കയറാമെന്ന നിലയിലാണ് സുഹൃത്തിനൊപ്പം കടലിലിറങ്ങിയത്. മത്സ്യബന്ധനത്തിനിടെ കടല്‍ പ്രക്ഷുബ്ദമായതോടെ തിരിച്ചുവരാന്‍ കഴിയാത്ത സ്ഥിതിയായി. അന്നാന്ന് കിട്ടുന്നത് കൊണ്ട് ജീവിതം തള്ളി നീക്കുന്നതിനാല്‍ കടലിലെ തിരയിളക്കം കണ്ട് കടലിലിറങ്ങാതിരിക്കാന്‍ അസൈനാര്‍ക്ക് കഴിയില്ലായിരുന്നു. അരയില്‍ കരുതിയിരുന്ന കാരക്കകൊണ്ട് നോമ്പ് തുറന്നു. ഇശാ ബാങ്ക് കൊടുക്കുമ്പോഴാണ് അസൈനാര്‍ തീരത്തെത്തിയത്. പിടിച്ചുകൊണ്ടു വന്ന മത്സ്യം അങ്ങാടിയില്‍ വിറ്റ ശേഷമായിരുന്നു അത്താഴത്തിനുള്ള സാധനങ്ങളുമായി വീട്ടിലേക്ക് തിരിച്ചത്.    





Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്