ഈ ചക്കളത്തിപ്പോരില്‍ പ്രജകള്‍ക്കെന്ത് നേട്ടം
പന്തം പേടിച്ച് പന്തളത്ത് ചെന്നവന്റെ അവസ്ഥയാണ് കേരളത്തില്‍ പ്രജകളായി പിറന്ന ഓരോരുത്തര്‍ക്കുമുള്ളത്. മുന്നണി വിത്യാസമില്ലാതെ ഭരണക്കാര്‍ തമ്മിലുള്ള വിഴുപ്പലക്കല്‍ പേറേണ്ടിവരുന്ന ഹതഭാഗ്യരാവുകയാണ് ഇവിടത്തുകാര്‍. കഴിഞ്ഞ ഭരണത്തില്‍ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവും, പാര്‍ടി സെക്രട്ടറിയും തമ്മിലുള്ള നാത്തൂന്‍പോര് കണ്ടു മടുത്തവര്‍ക്ക് ഈ ഭരണത്തില്‍ അമ്മായിയമ്മ പോരിനെ വെല്ലുന്ന കലപിലയാണ് സ്‌നേഹസമ്മാനമായി വെച്ചു നീട്ടുന്നത്. ഭരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ്സായതിനാല്‍ പരസ്പരമുള്ള കടിപിടിയുടെ കാര്യത്തില്‍ ആര്‍ക്കും വലിയ സംശയമുണ്ടായിരുന്നില്ല. കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിന് ഭരണത്തിനിടയില്‍ പരസ്പരം തല്ല് കൂടാന്‍ സമയം കണ്ടെത്താമെങ്കില്‍ രാജ്യം ഭരിക്കുന്നവരായ തങ്ങള്‍ക്കെന്തേ മുണ്ടുരിയലും, അടിവസ്ത്രം പറിച്ചെറിയലും ആയിക്കൂടായെന്ന മനോഗതിയാണ് കോണ്‍ഗ്രസ്സിനുള്ളത്. നാട് ഭരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ സങ്കുചിതത്തങ്ങളില്‍ പരസ്പരം പോര്‍വിളി നടത്തി നിലനില്‍പ്പിനായി സമയം ചെലവിടുമ്പോള്‍ പൊതുജനത്തിന് ലഭിക്കാതെ പോകുന്നത് ഭരണമെന്ന മൗലികതയും ക്ഷേമമെന്ന അവകാശവുമാണ്.
കഴിഞ്ഞ ഭരണത്തിന്റെ ഏറിയ സമയവും കാര്‍ന്ന് തിന്ന വി.എസ്.-പിണറായി പോരും, ഇപ്പോഴത്തെ ഭരണത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് എ,ഐ തമ്മിലടിയും അനുബന്ധ കോലാഹലങ്ങളും വോട്ട് ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ട പൊതുസമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടാക്കി തരുന്നത്. ഭരണത്തെ നിശ്ചലമാക്കുന്ന തരത്തില്‍ കൊടുമ്പിരികൊള്ളുന്ന വിവാദങ്ങള്‍ നാടിന് അവകാശപ്പെട്ട ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കുന്നതിനും, അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്നതിനും നിമിത്തമാകുന്നു. മുന്നണി സംവിധാനത്തില്‍ ഭരണം നടക്കുന്ന സംസ്ഥാനമായതുകൊണ്ടു തന്നെ പ്രധാന കക്ഷികള്‍ക്കകത്തെ പോരിന് പുറമെ ഘടക കക്ഷികളുമായുള്ള മനപ്പൊരുത്തത്തിലെ ഏറ്റക്കുറച്ചിലുകളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടി തീര്‍ക്കുന്നു. പാര്‍ട്ടിയാണോ, മുഖ്യമന്ത്രിയാണോ വലുത് എന്നത് മുതല്‍ മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രിയുടെ വലത് ഭാഗത്ത് ഇരിക്കുന്നത് ആരാകണമെന്നത് വരെ നീളുന്നതാണ് പലപ്പോഴും പാര്‍ട്ടികള്‍ക്കും, മുന്നണികള്‍ക്കുമകത്തെ പോരിനും, വിവാദങ്ങള്‍ക്കും വിഷയമാകുന്നത്.
കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചര്‍ച്ച ചെയ്ത ഡസന്‍ കണക്കിന് വിവാദങ്ങളില്‍ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുന്ന ഒന്ന് പോലുമില്ലെന്നത് വസ്തുതയാണ്. പാര്‍ടികളുടെയും, ഗ്രൂപ്പിന്റെയും മേധാവിത്വത്തിന് വേണ്ടിയുള്ള കടിപിടി മാത്രമാണ് വിവാദങ്ങളായി രൂപാന്തരപ്പെട്ടത്. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി മുതല്‍ ഉപമുഖ്യമന്ത്രിവരെയുള്ള വിവാദങ്ങള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധം ചര്‍ച്ചകള്‍ക്കും വാദകോലാഹലങ്ങള്‍ക്കും വഴിവെച്ചു. ഉപമുഖ്യമന്ത്രി വിവാദത്തിന്റെ ഉപോല്‍പന്നങ്ങളായി പിറവിയെടുത്തവയാണ് സോളാര്‍ തട്ടിപ്പും, മുസ്ലിം ലീഗിനെതിരെ കെ.പി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശങ്ങളുമെന്നത് ശരാശരി രാഷ്ട്രീയ ബോധമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നതാണ്. കാലവര്‍ഷക്കെടുതിയിലും, പകര്‍ച്ചവ്യാധികളിലും കേരളീയ പൊതുസമൂഹം മുങ്ങിതാഴുമ്പോള്‍ തലസ്ഥാന നഗരിയിലെ രാഷ്ട്രീയ ചര്‍ച്ച സരിത നായര്‍ക്ക് ആരൊക്കെ എത്രതവണ ഫോണ്‍വിളിച്ചു എന്നത് സംബന്ധിച്ചായിരുന്നു. ആലപ്പുഴ ജില്ല പ്രളയക്കെടുതിയെ നേരിടുമ്പോള്‍ മന്ത്രിതല സംഘം ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ  കുറിച്ച് ആലോചിക്കേണ്ടതിന് പകരം സിനിമ സീരിയല്‍ നടി ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത ചിത്ര സഹിതമുള്ള തെളിവുകള്‍ക്ക് പ്രതിരോധം തീര്‍ക്കാനും, വിശദീകരണം നല്‍കാനുമുള്ള തത്രപ്പാടിലായിരുന്നു.
പ്രത്യേകമായ രാഷ്ട്രീയ സാഹചര്യമോ, സാമൂഹ്യമായ പൊതു പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന ഘട്ടത്തില്‍ കെ.പി.സി.സി പ്രസിഡന്റ് നടത്തിയ കേരളായാത്രയുടെ സമാപനത്തോടെയാണ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തുന്ന തരത്തില്‍ ചക്കളത്തിപ്പോരിലേക്ക് സംസ്ഥാന രാഷ്ട്രീയ കൂപ്പുകുത്തിയത്. കേന്ദ്രം ഭരിക്കുന്ന സ്വന്തം പാര്‍ട്ടിയുടെ കൊള്ളരുതായ്മ മൂലം വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ യാത്രയുടെ ഒരു ഘട്ടത്തിലും ചര്‍ച്ചയായില്ലെങ്കിലും സമാപനത്തോടെ ജാഥ ക്യാപ്റ്റന്റെ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായി. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയതോടെ വിവാദം കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോരിലേക്ക് വഴിമാറി. കെ.പി.സി.സി പ്രസിഡന്റിന് ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞത് നല്‍കിയാല്‍ പ്രോട്ടോകോള്‍ ലംഘനമാകുമെന്ന തരത്തില്‍ ഐ ഗ്രൂപ്പ് രംഗത്ത് വന്നു. ചെന്നിത്തല ഉപമുഖ്യമന്ത്രിയായാല്‍ മന്ത്രിസഭയിലെ രണ്ടാം സ്ഥാനം തങ്ങള്‍ക്ക് നഷ്ടമാകുമെന്ന ഉള്‍ഭയം മുസ്ലിം ലീഗിനെ സടകുടഞ്ഞെഴുന്നേല്‍പ്പിച്ചു. ലീഗിന്റെ അവകാശവാദം ഉപമുഖ്യമന്ത്രിപദത്തെ ചാപിള്ളയാക്കി. പിന്നീട് ചെന്നിത്തലക്ക് മുന്നിലുള്ള ഓപ്ഷന്‍ ആഭ്യന്തരമന്ത്രിസ്ഥാനമായിരുന്നു. എന്നാല്‍ ഇതിന് മുന്നില്‍ എ ഗ്രൂപ്പ് ചുവന്ന റിബ്ബണ്‍ കെട്ടി വഴിയടച്ചു. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ചോറില്ലെന്ന് കേള്‍ക്കേണ്ടി വന്നവന്റെ അവസ്ഥയില്‍ കെ.പി.സി.സി പ്രസിഡന്റ് ഇളിഭ്യനായി മാറുന്ന കാഴ്ചക്കാണ് ഇതിലൂടെ കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. പിന്നീടങ്ങോട്ട് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയം സകല മറകളും നീക്കി നിറഞ്ഞാടുകയായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും മുന്നില്‍ നിറുത്തിയായിരുന്നു ഗ്രൂപ്പ് പോര്. ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനത്തിനേറ്റ തിരിച്ചടിമൂലം ഐ ഗ്രൂപ്പ് അപമാനിതരായി നില്‍ക്കുന്ന ഘട്ടത്തിലാണ് ടീം സോളാര്‍ കമ്പനിയുടെ തട്ടിപ്പ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംശയത്തിന്റെ നിഴലില്‍ നിറുത്തുന്ന തരത്തിലാണ് തട്ടിപ്പ് വിവാദം പുരോഗമിച്ചത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെടുന്നതിനും വിവാദം സാക്ഷ്യം വഹിച്ചു. തട്ടിപ്പിന്റെ ചുരുളുകള്‍ അഴിഞ്ഞ് തീരുമ്പോള്‍ സരിത നായര്‍ വിളിക്കാത്തവരും,സരിത നായരെ വിളിക്കാത്തവരുമായി അധികാരത്തിന്റെ അന്തപ്പുരങ്ങളില്‍ ആരെങ്കിലും ബാക്കിയുണ്ടോ എന്നിടത്താണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ തമ്മിലടിയാണെന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചേര്‍ത്ത് സോളാര്‍ വിവാദം പുറത്ത് കൊണ്ടുവന്നതിന് പിന്നിലും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരാണെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ അനവധിയാണ്. കഴിഞ്ഞ ഒരു മാസത്തോളമായി സംസ്ഥാന ഭരണത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഉപമുഖ്യമന്ത്രി, സോളാര്‍ വിവാദങ്ങള്‍  പൊതുസമൂഹത്തിനുണ്ടാക്കിത്തരുന്ന നേട്ടമെന്തെന്നത് അടിവരയിടേണ്ടതാണ്. നിലവിലുള്ള മന്ത്രിസഭാംഗങ്ങള്‍ക്ക് പുറമെ പുതിയൊരു ഉപമുഖ്യമന്ത്രി കൂടിയെത്തുന്നത് കേരളത്തെ വികസന വിപ്ലവത്തിലേക്ക് നയിക്കുമായിരുന്നെങ്കില്‍ ഈ വിവാദങ്ങളൊക്കെയും നെഞ്ചോട് ചേര്‍ക്കാമായിരുന്നു. 
ഇതിന് മുന്‍പ് നടന്ന അഞ്ചാം മന്ത്രി വിവാദവും മറിച്ചൊരു അനുഭവമല്ല പൊതുസമൂഹത്തിന് നല്‍കിയത്. അവകാശപ്പെട്ടതെന്ന് മുസ്ലിം ലീഗും, അനര്‍ഹമെന്ന് ഇതരരും വാദിച്ച അഞ്ചാം മന്ത്രി പദവി പൊതു സമൂഹത്തിന്റെ അസ്തിത്വത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ അപശബ്ദങ്ങള്‍ ഉയര്‍ത്താന്‍ ഇടയാക്കി. മന്ത്രി സ്ഥാന ലബ്ധിയിലൂടെ മുസ്ലിം ലീഗിന് അഭിമാനം സംരക്ഷിക്കാനായെങ്കില്‍ പൊതു സമൂഹത്തിനുണ്ടായ നേട്ടമെന്തെന്ന് ആലോചിക്കേണ്ടതാണ്. മുസ്ലിം ലീഗിന് പകരം ഹിന്ദുലീഗെന്ന ആശയത്തിന്റെ പിറവിയാണ് ഇത്‌കൊണ്ടുണ്ടായ വലിയ കാര്യം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണക്കാര്‍ വലിയൊരു സമയം മാറ്റിവെച്ച മുന്‍മന്ത്രി ഗണേശ് കുമാറിന്റെ കുടുംബ പ്രശ്‌നം ചീഞ്ഞളിഞ്ഞ അവിഹിതങ്ങളുടെ ഭാണ്ഡക്കെട്ട് പൊതുജനത്തിന്റെ തലയില്‍ വെച്ച് കെട്ടുന്ന തരത്തിലായിരുന്നു. ഭാര്യയെ തല്ലിയ, അല്ലെങ്കില്‍ ഭാര്യയില്‍ നിന്ന് തല്ല് വാങ്ങിയ ഗണേശ് കുമാറിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും വിവാദങ്ങളുടെ ബാക്കി പത്രമെന്നോണം ഈ വിഷയം എത്തി നില്‍ക്കുന്നത് എവിടെയാണെന്നത് പൊതുജനത്തെ മൂക്കത്ത് വിരല്‍ വെപ്പിക്കുന്നു. ഗണേശ് കുമാറിനെ രാജിവെപ്പിക്കാന്‍ ഓടി നടന്ന ബാലകൃഷ്ണപിള്ളയെന്ന അച്ഛന്‍ തന്നെ മകനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ തിരിച്ചോടുകയാണ്.മകന്റെ സകല ചെയ്തികള്‍ക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി കൊണ്ട്. ജനാധിപത്യ ഘടനയില്‍ സൂപ്പര്‍ പവര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനം മനസ്സില്‍ ചോദിക്കുന്നു; എന്തിനായിരുന്നു ആ വാദകോലാഹലങ്ങളെല്ലാം.
സ്വന്തം ചേരിയിലേയും, മറുപക്ഷത്തേയും എതിരാളികളെ വെട്ടി നിരത്താന്‍ ഉപയോഗിക്കുന്ന ആയുധത്തിന്റെ പേരാണ് ജനപക്ഷപോരാട്ടങ്ങള്‍ എന്ന് സംഷയിക്കേണ്ട കാലം കൂടിയാണിത്. സ്വന്തം ചേരിയെ ക്ഷീണിപ്പിക്കുന്നതെങ്കില്‍ ഇത് വരെ പറഞ്ഞുകൊണ്ടിരുന്നതെല്ലാം വെള്ള ചേര്‍ക്കാതെ വിഴുങ്ങാമെന്ന സ്ഥിതി വി.എസ് അച്ചുതാനന്ദന് പോലും ഉണ്ടായിരിക്കുന്നുവെന്നത് ഖേദകരമാണ്. പെണ്‍വാണിഭക്കാരെയും, സ്ത്രീകളോട് മോശമായി പെരുമാറുന്നവരേയും കയ്യാമം വെച്ച് പൊതുനിരത്തിലൂടെ നടത്തിക്കുമെന്ന സ്വപ്നം മനസ്സില്‍ കൊണ്ടു നടക്കുന്ന വി.എസ് സ്വന്തം ചേരിയിലെ ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ സ്വീകരിച്ച മറിമായം ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം ആര്‍ക്കുവേണ്ടി എന്ന ചോദ്യം ഉയര്‍ത്തുന്നു. കൃത്യമായ തെളിവുകളുടേയും, സാക്ഷിമൊഴികളുടെയും അഭാവം പ്രകടമാക്കിയ ഐസ്‌ക്രീം പാര്‍ലര്‍ കേസിന് പിന്നില്‍ നിതാന്ത ജാഗ്രതയോടെ ഓടുന്ന വി.എസ് പച്ചയായ തെളിവുകള്‍ ഹാജരാക്കപ്പെട്ട ജോസ് തെറ്റയിലിനെതിരായ പരാതിക്ക് മുന്നില്‍ കണ്ണടക്കുന്നു. തെറ്റയില്‍ രാജിവെച്ചാല്‍ അങ്കമാലിയില്‍ ഉണ്ടാകുന്ന പൊതു തെരഞ്ഞെടുപ്പ് ജയിച്ചു കയറാനാകുമോയെന്ന ആത്മവിശ്വാസകുറവാണോ, അതോ ഉഭയകക്ഷി സമ്മതത്തോടെയുള്ള അവിഹിത ബന്ധങ്ങള്‍ക്ക് രാജിവെക്കാന്‍ തുടങ്ങിയാല്‍ നിയമസഭയിലെ പ്രതിപക്ഷ ഭരണപക്ഷ ബെഞ്ചുകളില്‍ ഇരിക്കാന്‍ ആളെ കിട്ടില്ലെന്ന തിരിച്ചറിവാണോ വി.എസ്സിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നറിയില്ല. എന്തായാലും ഇവിടെയും പൊതുജനം തോല്‍പ്പിക്കപ്പെട്ടു.
സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലും, വാദകോലാഹലങ്ങള്‍ക്ക് കരുത്ത് പകരുന്നതിലും ഹോള്‍സെയില്‍ ഡീലറായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനോട് ഒരഭ്യര്‍ത്ഥനയുണ്ട്. ഇനിയുള്ള വിവാദങ്ങളില്‍ പൊതു സമൂഹത്തിന് നേട്ടമുണ്ടാകുന്ന തരത്തില്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധയുണ്ടാകണം. നാടിന്റെ വികസനത്തിനും, പ്രജകളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കും പ്രവര്‍ത്തിക്കേണ്ട ഭരണകൂടത്തിന്റെ വിലപ്പെട്ട സമയം ചക്കളത്തിപ്പോരിന് വേണ്ടി ഇനിയും മാറ്റിവെച്ചാല്‍ വോട്ട് ചെയ്ത കൈകള്‍ ചൂലെടുക്കുന്ന സ്ഥിതിയുണ്ടാകും. നാട് ഭരിക്കുന്നവരുടെ അന്തസ്സും, ആഭിജാത്യവും ബോധ്യപ്പെടുത്താന്‍ ഇനിയൊരു സരിതയെ കൂടി രംഗ പ്രവേശനം ചെയ്യിക്കേണ്ടതില്ല.
                                                                                 


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്