എല്ലാം ഒരു സിനിമാക്കഥ പോലെ
 
സിനിമാക്കാരന്‍ മന്ത്രിപ്പണിയും, രാഷ്ട്രീയപ്പണിയും കൈകാര്യം ചെയ്താല്‍ എങ്ങിനെയിരിക്കുമെന്ന സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. മന്ത്രിപ്പണിയുടെ ആദ്യഘട്ടം തകര്‍ത്താടിയ സിനിമാ മന്ത്രിയുടെ രണ്ടാം പിറവി സൂപ്പര്‍ മെഗാ ഫാമിലി എന്റര്‍ടൈനറിനെ കടത്തിവെട്ടുന്ന തരത്തിലായിരുന്നു. മികച്ച തിരക്കഥകളുടെ ക്ഷാമം മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നുവെന്ന ആശങ്കക്ക് പരിഹാരമെന്നോണമാണ് സ്വജിവിതത്തിലൂടെ മികച്ചൊരു സിനിമക്കഥ പ്രേക്ഷകലോകത്തിന് മുന്നില്‍ മന്ത്രിയും കുടുംബവും കെട്ടഴിച്ചിരിക്കുന്നത്. പ്രതിഭാധനരായ യുവസാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പൊടിപ്പും തൊങ്ങലുമില്ലാതെ പച്ചയായ ജീവിതാവിഷ്കാരമെന്ന തലക്കെട്ടോടെ ഈ മന്ത്രിക്കഥ അഭ്രപാളിയിലെത്തിച്ചാല്‍ ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ മലയാളത്തിന്റെ മടിശ്ശീല സമ്പന്നമാക്കും.
         ഒരു വ്യക്തിയുടെ കുടുംബജീവിതത്തെ പൊതു ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയെന്നത് അനഭലഷണീയമാണെന്നതില്‍ തര്‍ക്കമില്ല. മന്ത്രി ഗണേശ്കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദകോലാഹലങ്ങള്‍ കുടുംബപരവും അതോടൊപ്പം രാഷ്ട്രീയവുമാണെന്നതാണ് അടുക്കള രഹസ്യങ്ങള്‍ പോലും അരങ്ങത്തേക്കെത്തുന്ന സ്ഥിതിയുണ്ടാക്കിയത്. ഒരു വ്യക്തിയുടെ കുടുംബജീവതം ഇത്രമേല്‍ മാധ്യമ വിചാരങ്ങളും പൊതുസമൂഹത്തിന്റെ പോസ്റ്മോര്‍ട്ടത്തിനും വിധേയമാക്കപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുണ്ടാകുന്ന ആക്ഷേപങ്ങളെ ഇഴകീറി പരിശോധിക്കാനും, വിമര്‍ശനബുദ്ധിയോടെ കടിച്ചുകീറാനും കേരളീയ പൊതുസമൂഹം പലപ്പോഴും ആവേശം കാണിച്ചിട്ടുണ്ട്. അവിടെയൊന്നും പൊതുപ്രവര്‍ത്തകന്റെ കുടുംബം വിവാദങ്ങളുടെ ഭാഗമായിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകന്‍ പൊതുസമൂഹത്തിന്റെ പൊതുസ്വത്താണെന്ന സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടെയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ത്തപ്പെട്ടത്.
        യു.ഡി.എഫ് മന്ത്രിസഭയില്‍ അംഗമായി രംഗപ്രവേശം ചെയ്തതുമുതല്‍ ഇപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ചതുവരെ എത്തിനില്‍ക്കുന്നു കെ.ബി ഗണേശ്കുമാറെന്ന സിനിമ, രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഇക്കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവ് ഒരു സിനിമാക്കഥപോലെ അതിശയോക്തവും കാല്‍പ്പനികവുമാണെന്ന് വിശ്വസിക്കുന്നവരുണ്ടാകാം. എന്നാല്‍ സിനിമ മുന്നോട്ട് വെക്കുന്ന കാല്‍പ്പനികതയുടെ നേര്‍ചിത്രമാണ് സിനിമ മന്ത്രിയുടെ ജീവിതത്തില്‍ സംഭവിക്കുകയും, സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്. ജീവവായുപോലും ചാനല്‍വത്കരിക്കപ്പെട്ട കേരളീയ പൊതുസമൂഹം ഗണേശ്കുമാറെന്ന മനുഷ്യന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ സഹതാപത്തോടെയും അതിലുപരി ജനാധിപത്യ ക്രമത്തോടുള്ള ആശങ്കയോടെയുമായിരിക്കും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവുക.
സിനിമാക്കാരന്‍ ഗണേശ്കുമാര്‍ ഭാര്യയെ അടിക്കുകയോ, ഭാര്യയില്‍ നിന്ന് അടിവാങ്ങിക്കുകയോ ചെയ്തുവെങ്കില്‍ കയ്യിലിരിപ്പിന്റെ പ്രതിഫലമായി കണക്കാക്കി ആശ്വസിക്കാമായിരുന്നു. എന്നാല്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുകയും, ഭരണ ചക്രത്തിന്റെ ഭാഗമാവുകയും ചെയ്ത വ്യക്തിക്കുമേലാണ് ഈ ആരോപണവും പ്രത്യാരോപണവും ഉണ്ടായിരിക്കുന്നതെന്നത് അതീവ ഗുരുതരവും ലജ്ജാവഹവുമായ സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്. മന്ത്രിക്കെതിരെ സ്വന്തം ഭാര്യ നടത്തിയ വാര്‍ത്താസമ്മേളനം കുടുംബത്തോടൊപ്പമിരുന്ന് കേള്‍ക്കാന്‍പോലും സാധ്യമാകാത്ത തരത്തില്‍ അരോചകമായിരുന്നു. താലികെട്ടിയ ഭാര്യയും പിറവി നല്‍കിയ അച്ഛനും കേട്ടാല്‍ അറക്കുന്ന ആക്ഷേപങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലെത്തുമ്പോള്‍ മന്ത്രിസ്ഥാനത്തെന്നല്ല എം.എല്‍.എ എന്ന നിലയില്‍ പോലും ഗണേശ്കുമാറിന് തുടരാന്‍ അര്‍ഹതയുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ അച്ഛന് പകരക്കാരനായി ഗതാഗത മന്തിക്കുപ്പായമണിഞ്ഞ ഗണേശ്കുമാര്‍ വളരെ കുറഞ്ഞ കാലത്തെ മന്ത്രിപ്പണിയിലൂടെ മികച്ച ഭരണകര്‍ത്താവെന്ന ഖ്യാതി സ്വന്തമാക്കിയിരുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ ഗണേശ്കുമാര്‍ വിജയമായിരുന്നുവെന്നതാണ് 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗം ആഞ്ഞടിച്ചിട്ടും പത്തനാപുരം ഗണേശിനെ കൈവിടാതിരുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് ബി യിലെ ഗണേശ്കുമാറല്ലാത്ത ആര്‍ക്കും നിയമസഭ കാണാനുള്ള യോഗവുമുണ്ടായില്ല. ഒറ്റ എം.എല്‍.എ യുള്ള പാര്‍ട്ടിയെന്ന ഖ്യാതിയില്‍ എതിര്‍പ്പുകളോ അവകാശവാദങ്ങളോ മറ്റെവിടെനിന്നും കേള്‍ക്കേണ്ടതില്ലാതെ മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്തു. ഇവിടെ നിന്നങ്ങോട്ട് സിനിമാക്കഥക്ക് സമാനമാണ് ഓരോ സംഭവവികാസങ്ങളും. അച്ഛന്‍, മകന്‍, ഭാര്യ, ഭര്‍ത്താവ്, അളിയന്‍, വില്ലന്‍ എന്നിങ്ങനെ കഥക്ക് കരുത്ത് പകരാന്‍ വേഷ പകര്‍ച്ചകളായി ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലെത്തിയത് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞാടി കഴിവ് തെളിയിച്ചവര്‍.
ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആര്‍.ബാലകൃഷ്ണപിള്ളക്ക് ജയിലില്‍ പോകേണ്ടിവന്നുവെന്നത് യു.ഡി.എഫ് ഭരണത്തിന് തുടക്കത്തില്‍ തന്നെ ഏറ്റ തിരിച്ചടിയായിരുന്നു. അച്ഛന്റെ ജയില്‍വാസം സുഖകരമാക്കാനും, ശിക്ഷയില്‍ ഇളവ് വരുത്താനും മകനെന്ന നിലയില്‍ ഗണേശ് കുമാര്‍ തന്റെ മന്ത്രിപദവി പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. അച്ഛന്റെ ജയില്‍വാസ കാലയളവ് ഫൈവ് സ്റാര്‍ ഹോസ്പിറ്റലിലെ ശീതീകരിച്ച മുറിയിലേക്ക് മാറ്റുന്നതില്‍ മകന്‍ നടത്തിയ കഠിനാധ്വാനം വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ ശിക്ഷാ കാലയളവ് വെട്ടിക്കുറക്കുന്നതിലും മകനെന്ന നിലയില്‍ ഗണേശ്കുമാറിന്റെ പങ്ക് എതിരഭിപ്രായമില്ലാത്തതാണ്.
    ശിക്ഷയിലെ ഇളവിന് ശേഷം ജയില്‍ മോചിതനായ ബാലകൃഷ്ണപിള്ള മകന്‍ ഗണേശ്കുമാറിനോട് പരസ്യമായി കൊമ്പുകോര്‍ക്കുന്ന കാഴ്ചക്കാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. പാര്‍ട്ടിയെ തള്ളി സ്വന്തം ഇഷ്ടപ്രകാരം ഭരണം നടത്തുന്ന മന്ത്രി രാജിവെക്കണമെന്നതായിരുന്നു ബാലകൃഷ്ണപിള്ളയുടെ ആവശ്യം. രാജി ആവശ്യത്തെ ചൊല്ലിയുള്ള കോലാഹലങ്ങള്‍ പലപ്പോഴും അച്ഛന്‍ മകന്‍ പോരിനും, വീട്ടിനകത്തെ രഹസ്യങ്ങളെ നടുറോഡിലേക്കെത്തിക്കുന്നതിനും ഇടയാക്കി. ഇരുചേരികളിലായി നിലയുറപ്പിച്ചത് അച്ഛനും മകനുമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ രാഷ്ട്രീയ നേതൃത്വം മിതത്വം പാലിച്ചു. ഇതിനിടയിലാണ് നെല്ലിയാമ്പതി രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിച്ച് കടന്നുവന്നത്. വനം വകുപ്പുമായി ബന്ധപ്പെട്ടതായതിനാല്‍ ഒരു പക്ഷത്ത് വകുപ്പ് മന്ത്രി ഗണേഷ്കുമാറിനായിരുന്നു നിറസാന്നിദ്ധ്യം. എന്നാല്‍ മറുപക്ഷത്ത് പി.സി ജോര്‍ജ്ജ് നിലയുറപ്പിച്ചതോടെ ഗണേശ്കുമാറിന്റെ മന്ത്രിക്കുപ്പായത്തിന്റെ നാളുകള്‍ എണ്ണപ്പെടുകയായിരുന്നു. അതിരുകള്‍ ലംഘിച്ച വാദകോലാഹലങ്ങള്‍ യു.ഡി.എഫ് നേതൃത്വത്തിന്റെ ശക്തമായ ഇടപാടിലൂടെ ഒരു പരിധി വരെ അവസാനിപ്പിക്കാനായെങ്കിലും എരിഞ്ഞുകൊണ്ടിരിക്കുന്ന കനല്‍ തീ ഗോളമായി മാറിയതിന്റെ പരിണിത ഫലമാണ് ഗണേശ്കുമാറിന്റെ രാജിയില്‍ കലാശിച്ചത്.
ഒരൊറ്റ എം.എല്‍.എ മാത്രമുള്ള പാര്‍ട്ടിയായതിനാല്‍ പിള്ള ഗണേശ് തര്‍ക്കത്തില്‍ യു.ഡി.എഫ് നേതൃത്വം മന്ത്രിക്കൊപ്പമാണ് നിലയുറപ്പിച്ചത്. പാര്‍ട്ടി നിരന്തരം പരാതി നല്‍കിയിട്ടും മന്ത്രിക്കൊപ്പം നിന്ന യു.ഡി.എഫ് ഇപ്പോഴത്തെ സാഹചര്യം സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്തതാണ്. മന്ത്രി മന്ദിരത്തില്‍ വെച്ച് കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് ഒരു മന്ത്രിക്ക് മര്‍ദ്ദനമേറ്റതായുള്ള പത്രവാര്‍ത്തയും ആ മന്ത്രി ഗണേശ്കുമാറാണെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലുമാണ് സ്ത്രീ വിഷയത്തിലുള്ള മറ്റൊരുമന്ത്രിയുടെ രാജിക്ക് കൂടി വഴി വെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അഞ്ച് മന്ത്രിമാര്‍ സ്ത്രീ വിഷയത്തില്‍ രാജിവെക്കേണ്ടിവന്നിട്ടുണ്ട്. മറ്റു സ്ത്രീകളുടെ പരാതിയിലായിരുന്നു മുന്‍ഗാമികളായ മന്ത്രിമാരുടെ രാജിയെങ്കില്‍ ഗണേശ്കുമാറിന്റെ മന്ത്രിപ്പെട്ടിക്ക് അവസാന ആണി അടിച്ചത് താലികെട്ടിയ ഭാര്യുടെ പരാതി പ്രകാരമാണെന്ന പ്രത്യേകതയുണ്ട്.
      സാധാരണഗതിയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കോ, പൊതുപ്രവര്‍ത്തകര്‍ക്കോ എതിരെ ഏത് തരത്തിലുള്ള ആരോപണമുണ്ടായാലും രാഷ്ട്രീയ പ്രേരിതമെന്ന കവചമുപയോഗിച്ച് പ്രതിരോധിക്കുന്ന രീതിയാണ് തുടര്‍ന്നു വരുന്നത്. എന്നാല്‍ ഗണേശ്കുമാറിന്റെ കാര്യത്തില്‍ തന്റെ മക്കളുടെ അമ്മയായ, താലികെട്ടി കൂടെ ജീവിക്കുന്ന വിദ്യാസമ്പന്നയായ സ്ത്രീയാണ് ആക്ഷേപവുമായി വന്നിരിക്കുന്നത് എന്നതുകൊണ്ടു തന്നെ രാഷ്ട്രീയപ്രേരിതമെന്ന വാളോങ്ങി വെട്ടി നിരത്താന്‍ സാധിക്കില്ല. ഡോ.യാമിനി തങ്കച്ചി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച കാര്യങ്ങള്‍ പരിഷ്കൃത സമൂഹമെന്നവകാശപ്പെടുന്ന കേരളീയ ജനതക്ക് തലകുനിച്ചുകൊണ്ട് മാത്രമേ കേള്‍ക്കാനാകൂ. സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള നിയമനിര്‍മ്മാണങ്ങള്‍ക്ക് തലപുകക്കുന്നവരുടെ വീടുകളിലും, പരിസരങ്ങളിലുള്ളവര്‍ പോലും തങ്ങളുടെ കൈകളാലും, നാവുകള്‍ കൊണ്ടും സുരക്ഷിതമല്ലെന്നതാണ് ഗണേശ്-യാമിനി പ്രശ്നമുള്‍പ്പെടെയുള്ളവ വ്യക്തമാക്കുന്നത്. ഗണേശ്കുമാറില്‍ നിന്ന 16 വര്‍ഷമായി മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നുവെന്ന് പറയുന്ന യാമിനി തങ്കച്ചിയും, ഭാര്യയില്‍ നിന്ന് തനിക്കാണ് ക്രൂരമര്‍ദ്ദനമേറ്റിരുന്നതെന്ന് ചോരയൊലിക്കുന്ന ചിത്രത്തിന്റെ അകമ്പടിയോടെ തുറന്നടിക്കുന്ന ഗണേശ്കുമാറും കേരളീയ സമൂഹത്തില്‍ നിന്ന് തകര്‍ന്നടിഞ്ഞ് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മൂല്യബോധത്തിന്റെയും, ധാര്‍മ്മികതയുടെയും നേര്‍ചിത്രം കൂടിയാണ് വരച്ച് കാണിക്കുന്നത്. നാടിനും പൊതു സമൂഹത്തിനും മാതൃകയാകേണ്ട ഭരണകര്‍ത്താക്കളുടെ കുടുംബജീവിതത്തിലേയും വ്യക്തിജീവിതത്തിലേയും ചീഞ്ഞളിഞ്ഞ കഥകള്‍ ആശങ്കയോടെയും, അതിലുപരി ഞെട്ടലോടെയും മാത്രമേ കേട്ടുനില്‍ക്കാനാകൂ.
    രാഷ്ട്രീയ ലാഭങ്ങള്‍ക്കും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുമായി വ്യക്തിഹത്യ ആയുധമാക്കുന്ന അപകടകരമായ പ്രവണത കേരളീയ പൊതുസമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നുവെന്നത് വസ്തുതയാണ്. വ്യക്തികളുടെ ദൌര്‍ബല്യങ്ങള്‍ രാഷ്ട്രീയ പ്രചരണായുധമാവുകയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യുന്നത് ശുഭകരമായ രീതിയല്ല. പൊതുപ്രവര്‍ത്തകരില്‍ നിന്നുള്ള വീഴ്ചകളെ തിരുത്തേണ്ടതിന് പകരം ആഘോഷങ്ങളാക്കി മാറ്റുന്നുവെന്നത് താല്‍പര്യ സംരക്ഷണത്തിനുവേണ്ടിയാണെന്നതില്‍ സംശയമില്ല. ഗണേശ്കുമാറിന്റെ രാജി രാഷ്ട്രീയമായി ചര്‍ച്ചചെയ്യുന്നതോടൊപ്പം പൊതുപ്രവര്‍ത്തകന്റെ ജീവിതത്തിലെ ധാര്‍മ്മികതയും വിശ്വാസ്യതയും കൂടി പാഠമായി സ്വീകരിക്കേണ്ടതുണ്ട്. ഗണേശിനെതിരെ യാമിനിയും, യാമിനിക്കെതിരെ ഗണേശും പരാതി ഉന്നയിക്കുന്ന സാഹചര്യത്തില്‍ ശരിയുടെ പക്ഷം ഏതെന്നത് അന്വേഷിക്കാന്‍ തുനിയുമ്പോള്‍ കേള്‍ക്കാന്‍ അരോചകമായ കാര്യങ്ങളാണ് വീണ്ടും പുറത്ത് വരിക. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അധികാര കേന്ദ്രങ്ങളിലും യുവരക്തങ്ങളുടെ സാന്നിദ്ധ്യവും പ്രാതിനിധ്യവും വേണമെന്ന മുറവിളി ഉയരുന്ന പശ്ചാത്തലത്തില്‍ സമകാലീന സംഭവങ്ങള്‍ തിരുത്തലുകള്‍ക്കും മുന്‍കരുതലുകള്‍ക്കുമുള്ള പാഠമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഗണേശ്കുമാര്‍ തെറ്റുകാരനാണെന്ന് മുദ്രകുത്താനോ, നിരപരാധിയാണെന്ന് സ്ഥാപിക്കാനോ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടാകാം. അത് മുറപ്രകാരം നടക്കുക തന്നെ ചെയ്യും. എന്നാല്‍ കാലഗതിയില്‍ നിന്ന് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ക്കും, സ്വയം പരിവര്‍ത്തനത്തിനും വിധേയമാകാന്‍ അവാര്‍ഡ് സിനിമപോലെ ഏറെ മൂല്യവത്തായ സന്ദേശങ്ങള്‍ ഗണേശ്കുമാറിന്റെ ജീവിതവും രാഷ്ട്രീയവും ഭരണവും വകവെച്ച് നല്‍കുന്നുണ്ട്.
നന്നാകാനും ഒന്നുമല്ലാതാകാനും ഗണേശ്കുമാറെന്ന മുന്‍മന്ത്രി ഉത്തമമാതൃകയാണ്. 



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്