റെഡ് സല്യൂട്ട്
അധിനിവേശ സാമ്യ്രാജ്യത്വ ശക്തികള്‍ക്കെതിരെ വിപ്ളവ ശൌര്യം പ്രകടമാക്കിയ തന്റേടിയായ ഭരണാധികാരിയെയാണ് ഹ്യൂഗോ ഷാവേസിന്റെ മരണത്തിലൂടെ ലോകത്തിന് നഷ്ടമായിരിക്കുന്നത്. അമേരിക്കന്‍ നയനിലപാടുകളോട് പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നിന്നിരുന്ന രാഷ്ട്ര നേതാക്കള്‍ക്ക് മുന്നില്‍ നട്ടെല്ലിന്റെ ബലമെന്തെന്ന് പ്രകടമാക്കാന്‍ ഷാവേസിന് കഴിഞ്ഞു എന്നതാണ് ലോകത്തെ ഭരണാധികാരികളില്‍ നിന്ന് വെനിസ്വലന്‍ പ്രസിഡന്റിനെ വ്യത്യസ്തനാക്കുന്നത്. ഏക ധ്രുവ ലോകമെന്ന അമേരിക്കന്‍ കുതന്ത്രത്തിന് മുന്നില്‍ എന്നും വിലങ്ങുതടി തീര്‍ത്ത ഷാവേസ് പച്ചയായ പ്രതികരണങ്ങളിലൂടെ തന്റെയുള്ളിലെ വിപ്ളവ വീര്യം നിരന്തരം പ്രകടമാക്കി. അമേരിക്കയുടെ അടുക്കളത്തോട്ടമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ മാറ്റാനുള്ള അധിനിവേശ തന്ത്രങ്ങളെ കരുത്തുറ്റ നീക്കങ്ങളിലൂടെ പ്രതിരോധിച്ചുകൊണ്ടാണ്  ഷാവേസ് വെനിസ്വലയുടെ പ്രിയപുത്രനായി മാറുന്നത്.
   കടുത്ത അനീതിയും അസമത്വവും നിറഞ്ഞു നിന്ന ലോകക്രമത്തിനോടുള്ള വിയോജിപ്പിന്റെയും പകയുടെയും ആള്‍രൂപമായിരുന്നു ഷാവേസ്. ദുരിതങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് വെനിസ്വലയുടെ ഭരണാധികാരിയെന്ന തലത്തിലേക്കുള്ള ഷാവേസിന്റെ വളര്‍ച്ചയും പ്രകടമാക്കപ്പെട്ടത് മുതലാളിത്തത്തിനെതിരായ ബദലിന്റെ ആവേശമായിരുന്നു. വാക്കിലും, നോക്കിലും, ശൈലിയിലും വിപ്ളവകാരിയുടെ ആകാര സൌന്ദര്യം നിറഞ്ഞു നിന്ന ഷാവേസ് ലോകത്ത് നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എന്നും ആവേശം കുത്തി നിറച്ചു. അമേരിക്കന്‍ ഭരണാധികാരികള്‍ക്കും നയനിലപാടുകള്‍ക്കുമെതിരെ പരസ്യമായി പ്രതികരിച്ച ഷാവേസിന്റെ ശൈലി അധിനിവേശം അടിച്ചമര്‍ത്തിയ സമൂഹങ്ങള്‍ക്ക് ഉയിര്‍പ്പിന്റെ സ്വപ്നം അവശേഷിപ്പിച്ചു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ വിമോചകനായ സൈമണ്‍ ബുളീവറിന്റെ ആശയങ്ങളെ തിരിച്ചു കൊണ്ടുവന്ന് വെനിസ്വലന്‍ ജനതയുടെ അസ്തിത്വത്തെ തട്ടിയുണര്‍ത്തിയ ഷാവേസ് ലോകത്തിന് മുന്നില്‍ ബദലിനുള്ള സാധ്യതകളെ തുറന്നുവെക്കുകയായിരുന്നു. അമേരിക്കന്‍ നയങ്ങളെ വെല്ലുവിളിച്ചും ചോദ്യം ചെയ്തും ലോകക്രമത്തിന് നിലനില്‍ക്കാന്‍ കഴിയുമെന്ന് വ്യക്തതയോടെ വരച്ച് കാണിക്കാനാണ് കഴിഞ്ഞ പതിനാല് വര്‍ഷത്തെ വെനിസ്വലന്‍ ഭരണത്തിലൂടെ ഷാവേസ് ശ്രമിച്ചത്. അമേരിക്കക്ക് മുന്നില്‍ സര്‍വ്വതും അടിയറ വെച്ച രാഷ്ട്രനേതാക്കളെ സഹതാപത്തിന്റെ ഭാഷയില്‍ വിമര്‍ശിച്ച ഷാവേസ് അമിരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിച്ചവരോട് ഐക്യപ്പെടാന്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചു. സാമ്രാജ്യത്വ വിരുദ്ധനിലപാടുകളില്‍ ഷാവേസിന് കരുത്തും ഊര്‍ജ്ജവുമായി നിലനിന്നത് ക്യൂബന്‍ വിപ്ളവകാരി ഫിഡല്‍ കാസ്ട്രോയോടുള്ള ഹൃദ്യമായ സൌഹൃദമായിരുന്നു. മനുഷ്യാവകാശ ധ്വംസകനും, ഏകാധിപതിയുമായി ഷാവേസിനെ സാമ്രാജ്യത്വം പരിചയപ്പെടുത്തിയപ്പോള്‍ തങ്ങളുടെ ഹൃദയത്തെ വാരിപ്പുണര്‍ന്ന ജനകീയ നേതാവായാണ് ഹ്യൂഗോ ഷാവേസിനെ വെനിസ്വലക്കാര്‍ നെഞ്ചോട് ചേര്‍ത്തത്. തുടര്‍ച്ചയായി നാലാം വട്ടവും ഷാവേസിനെ അധികാരത്തിലെത്തിച്ചത് ഒരു ജനത തങ്ങളുടെ ഭരണാധികാരിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമെന്നോണമായിരുന്നു.
       പുതിയ വെനിസ്വല, പുതിയ യുഗം എന്ന മുദ്രാവാക്യമുയര്‍ത്തി മാറ്റത്തിന്റെ വിപ്ളവത്തിന് മുന്നിട്ടിറങ്ങിയ ഷാവേസ് കാലത്തിന്റെ യവനികക്കുള്ളിലേക്ക് മായുമ്പോള്‍ താന്‍ മുന്നോട്ട് വെച്ച പരിഷ്കരണത്തിന്റെ ശ്രമങ്ങളൊക്കെയും തന്റെ ജനത മാറോട് ചേര്‍ത്തിട്ടുണ്ട്. ഭൂപരിഷ്കരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വെനിസ്വലന്‍ ജനതയെ സ്വയം പര്യാപ്തമാക്കിയാണ് അധിനിവേശത്തിനെതിരായ വിപ്ളവത്തിന്റെ തീജ്വാല കൂടുതല്‍ പ്രകാശിതമായി നിലനിര്‍ത്തിക്കൊണ്ട് ഷാവേസ് അരങ്ങൊഴിഞ്ഞിരിക്കുന്നത്. ബൊളിവേറിയന്‍ പദ്ധതികള്‍ എന്ന് ഷാവേസ് വിശേഷിപ്പിക്കുന്ന നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടപ്പാക്കി. ആഗോളതലത്തില്‍ ദരിദ്ര രാജ്യങ്ങള്‍ക്കായി ബദല്‍ സാമ്പത്തിക പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് മൂന്നാം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഷാവേസ് ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഒട്ടേറെ ദരിദ്ര രാജ്യങ്ങളെ തന്റെ ആശയങ്ങളിലേക്കടുപ്പിക്കാന്‍ ഇതിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. 
  സാമ്രാജ്യത്വത്തിനെതിരായ നിര്‍ഭയത്വമായിരുന്നു മറ്റുഭരണാധികാരികളില്‍ നിന്നും ഷാവേസിനെ വ്യത്യസ്തനാക്കിയത്. കടുത്ത കത്തോലിക്ക മത വിശ്വാസിയും, വൈദിക ശുശ്രൂഷകനുമായിരുന്ന ഹ്യൂഗോ ഷാവേസിനെ വിപ്ളവത്തിന്റെ പ്രതിരൂപമാക്കി മാറ്റിയത്. അടിച്ചമര്‍ത്തലിന്റെ വഴിയെ പോകുന്ന ലോകവ്യവസ്ഥയോടുള്ള അടങ്ങാത്ത പ്രതിഷേധാഗ്നിയായിരുന്നു. അനീതിയിലും അസമത്വത്തിലും പടുത്തുയര്‍ത്തിയ സാമ്രാജ്യത്വ നയങ്ങളെ അരിഞ്ഞു വീഴ്ത്തേണ്ടത് ജീവിത ദൌത്യമായി ഷാവേസ് കണ്ടിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനമാണ് ഭരണ ദൌത്യമെന്ന് പ്രഖ്യാപിച്ച ഷാവേസ് അതിന്റെ പച്ചയായ ആവിഷ്കരണം കൂടി ഭരണാധികാരി എന്ന നിലയില്‍ പ്രകടമാക്കി. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഭരണ പരിഷ്കാരങ്ങളായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലം വെനിസ്വലയെ നയിച്ചത്. തൊഴിലാളികളോടൊപ്പം നൃത്തം ചെയ്യുന്ന ഷാവേസ് ഭരണാധികാരികളെക്കുറിച്ചുള്ള സങ്കല്‍പങ്ങളെ പൊളിച്ചെഴുതി. അധികാരത്തിലെത്തുന്നതിന് മുമ്പും ശേഷവുമുള്ള ഷാവേസിനെ ജനകീയ നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ ലോകത്തു തന്നെ ഇത്ര കുറഞ്ഞ കാലത്തിനിടെ ജനാധിപത്യത്തിന്റെ വഴിയില്‍ ഇത്രയേറെ ജനപിന്തുണ തെളിയിച്ച മറ്റൊരു നേതാവില്ല എന്ന് സാക്ഷ്യപ്പെടുത്താനാകും.
                  കാന്‍സര്‍ ബാധിതനായി രോഗശയ്യയിലായിരുന്നപ്പോഴും ഭരണ കാര്യത്തില്‍ ശുഷ്കാന്തിയോടെ ഇടപെട്ട ഷാവേസ് അടുമുടി വിപ്ളവകാരിയായിരുന്നുവെന്ന് അവസാനകാലത്തെ ഓരെ നിമിഷങ്ങളും തെളിയിക്കപ്പെട്ടു. അമേരിക്ക വിഷം നല്‍കിയതാണ്  തന്റെ കാന്‍സറിന് കാരണമെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുമ്പോള്‍ ഇതിനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്കുള്ള കരുത്തും ഊര്‍ജ്ജവുമാക്കി മാറ്റാന്‍ അദ്ദേഹം ശ്രമിച്ചു. വെനിസ്വലയുടെ സമ്പത്തില്‍ കണ്ണും നട്ടിരുന്ന സാമ്രാജ്യത്വ കഴുക•ാരെ ഒരു വൃത്തത്തിനപ്പുറത്തു നിര്‍ത്തി ആട്ടിപ്പായിക്കാന്‍ പ്രകടമാക്കിയ കരുത്തും ആവേശവും മരണാസന്നനായിരുന്ന ഘട്ടത്തിലും ഷാവേസ് പ്രകടമാക്കിയിരുന്നു. അമേരിക്കന്‍ പണം പറ്റുന്ന ഉദ്യോഗസ്ഥര്‍ പലതവണ അട്ടിമറിക്ക് ശ്രമിച്ചപ്പോഴും അതിജീവനത്തിന്റെ പാതയില്‍ ശക്തമായി തിരിച്ചു വരാന്‍ ഈ വെനിസ്വലന്‍ പ്രസിഡണ്ടിനായി. ഒടുവില്‍ വിധിക്ക് കീഴടങ്ങി ജീവിത യവനികയ്ക്ക് പിന്നിലേക്ക് മായുമ്പോള്‍ ഷാവേസ് ഉയര്‍ത്തിവിട്ട സാമ്യ്രാജ്യത്വ വിരുദ്ധ വിപ്ളവ മുദ്ര ലോകത്തിന് മുന്നില്‍ അവശേഷിക്കും.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്