തിരിച്ചു പോകുന്ന മഅ്ദനിയും
 തിരിച്ചു വരാത്ത നാവികരും
ബംഗളൂരു സ്ഫോടനക്കേസില്‍ രണ്ടര വര്‍ഷമായി വിചാരണ തടവുകാരനായി കര്‍ണ്ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി ജാമ്യ കാലാവധിക്ക് ശേഷം ജയിലിലേക്ക് തന്നെ തിരിച്ചു പോകുകയാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെ ലഭിച്ച അഞ്ച് ദിവസത്തെ ജാമ്യത്തിന് ശേഷമാണ് കേരളത്തില്‍ നിന്ന് മഅ്ദനി തിരിച്ച് പോകുന്നത്. ഇതേയവസരത്തില്‍ പുറത്തു വന്ന മറ്റൊരു വാര്‍ത്ത കടല്‍ക്കൊല കേസില്‍ അറസ്റിലായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടാണ്. സുപ്രീം കോടതി അനുമതിയോടെ ഇറ്റാലിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടിയാണ് നാവികരെ ജാമ്യാവസ്ഥയില്‍ ഇളവ് അനുവദിച്ച് നാട്ടിലേക്കയച്ചത്. ഇറ്റലിയിലേക്ക് പോകുന്ന നാവികരെ വിചാരണ നേരിടുന്നതിനായി തിരികെ എത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇറ്റാലിയന്‍ അംബാസിഡര്‍ക്കായിരിക്കുമെന്ന് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്ന സമയത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികളായ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റാലിയന്‍ നിലപാടിലൂടെ ജാമ്യ വ്യവസ്ഥയുടെ നഗ്ന ലംഘനവും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണുണ്ടായിരിക്കുന്നത്.
നീണ്ടകരയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലാണ് എന്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ ഇന്ത്യയില്‍ വിചാരണ നേരിട്ടുകൊണ്ടിരുന്നത്. നേരത്തെ ക്രിസ്മസ്സ് ആഘോഷിക്കുന്നതിനായി നാട്ടില്‍ പോയ ഇവര്‍ വ്യവസ്ഥപ്രകാരം തിരിച്ചെത്തിയിരുന്നു. കടല്‍ കൊലയുമായി ബന്ധപ്പെട്ട വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലിലായതിനാല്‍ വിചാരണ നടപടികള്‍ ഇറ്റലിയില്‍ നടത്തണമെന്നായിരുന്നു ഇറ്റാലിയന്‍ അധികൃതരുടെ നിലപാട്. ഇതേ കാരണങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിന് കേസില്‍ ഇടപെടാനും വിചാരണ നടത്താനും അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇത് പ്രകാരം ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലേക്ക് ഇവരെ മാറ്റുകയും ചെയ്തു. ഒടുവില്‍ പരമോന്നത നീതിപീഠത്തെ കബളിപ്പിച്ച് സ്വന്തം മണ്ണിലേക്ക് ഇറ്റാലിയന്‍ ഭരണകൂടത്തിന്റെ തണലില്‍ നാവികര്‍ തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു.
വിചാരണ തടവുകാരെന്ന നിലയിലാണ് ഇറ്റാലിയന്‍ നാവികരും അബ്ദുന്നാസര്‍ മഅ്ദനി ഉള്‍പ്പെടെയുള്ളവരും താരതമ്യത്തിന് വിധേയമാക്കപ്പെടേണ്ടത്. കടലില്‍ വെച്ച് അരുംകൊല നടത്തിയവരെന്ന് വ്യക്തതയുണ്ടായിട്ടും നാവികരുടെ കാര്യത്തില്‍ ഇറ്റാലിയന്‍ ഭരണകൂടം കാണിച്ച നിലപാടിന്റെ മാനുഷിക മുഖം ഇന്ത്യയിലെ വിവിധ ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്നവരുടെ കാര്യത്തില്‍ രാജ്യത്തിന്റെ ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നില്ലെന്നത് വസ്തുതയായി നിലനില്‍ക്കുന്നതാണ്. സംശയകരമായ സാഹചര്യമെന്ന ഒറ്റക്കാരണം ഉയര്‍ത്തി വര്‍ഷങ്ങളായി വിചാരണ തടവ് നേരിടുന്നവരില്‍ ബഹുഭൂരിപക്ഷവും മുസ്ളിം സമുദായത്തില്‍ നിന്നുള്ളവരാണെന്നതും വസ്തുതയാണ്. രാഷ്ട്രപതിക്കും, പാര്‍ലിമെന്റിനും മുന്നില്‍ ഇത് സംബന്ധിച്ച രേഖകളും, പ്രസ്താവനകളും ഇതിനകം നിരവധിയാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നടത്തുകയും, സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സംഘടനകള്‍ രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
        വിചാരണ തടവുകാരായ നാവികര്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാനും വോട്ടും ചെയ്യാനും മൈലുകള്‍ അകലെയുള്ള ഇറ്റലിയിലേക്ക് പോകാന്‍ നിയമത്തിന്റെയും നീതി നിര്‍വ്വഹണത്തിന്റെയും ചങ്ങലക്കെട്ടുകള്‍ ഒരു ഘട്ടത്തിലും തടസ്സം സൃഷ്ടിച്ചില്ല. ഇറ്റലിയിലേക്ക് പോയാല്‍ തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാതെ തന്നെയാണ് രണ്ട് ഘട്ടത്തിലും ജാമ്യം അനുവദിച്ചത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ പോയപ്പോള്‍ നല്‍കിയ ഉറപ്പ് വോട്ട് ചെയ്തശേഷം ഉണ്ടായില്ലെന്നതാണ് നാവികര്‍ തിരിച്ചുവരില്ലെന്ന അറിയിപ്പിലൂടെ പ്രകടമായത്. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്ത സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മഅ്ദനിക്ക് ജാമ്യമെന്ന അവകാശം എല്ലാ ഘട്ടത്തിലും നിഷേധിക്കപ്പെട്ടതാണ് അനന്തമായി തുടരുന്ന വിചാരണ തടവിലേക്ക് നയിക്കപ്പെട്ടത്. കടുത്ത ആരോഗ്യപ്രശ്നം നേരിട്ട മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നിയമയുദ്ധത്തിന്റെ തന്നെ ആവശ്യം വേണ്ടിവന്നു. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം വിചാരണ തടവ് നേരിട്ട മഅ്ദനിക്ക് ഇക്കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ ജയില്‍ വാസം നിരാശയോ, ആശങ്കയോ ഉണ്ടാക്കില്ലെങ്കിലും  നീതിയെന്ന രണ്ടക്ഷരത്തിന്റെ പ്രസക്തിയും വിലയും ചോദ്യം ചെയ്യപ്പെടുമെന്നത് മറച്ചുവെക്കാനാകില്ല.
ഐ.എസ്.എസ് രൂപീകരിച്ച ശേഷം മഅ്ദനി നടത്തിയ പ്രസംഗങ്ങളിലെ തീവ്രത അതിരുവിട്ടതും, അതീവ ഗുരുതരമായിരുന്നുവെന്നതില്‍ അദ്ദേഹത്തിന് പോലും തര്‍ക്കമില്ല. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ ശേഷം ശംഖ്മുഖം കടപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ മഅ്ദനി ഇത് തുറന്ന് പറഞ്ഞതുമാണ്. കേരളീയ സമൂഹത്തോട് ഇതിന്റെ പേരില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. ഒമ്പതര വര്‍ഷത്തെ വിചാരണ തടവില്‍ അദ്ദേഹത്തിനുണ്ടായ സകല നഷ്ടങ്ങളും മുന്‍കഴിഞ്ഞ കാലത്തെ ആവേശം അലതല്ലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി കണക്കാക്കി ആശ്വസിക്കാം. ഒരു വ്യക്തി തന്റെ പഴയ കാലത്തെ അപക്വമായ പ്രവര്‍ത്തനങ്ങളെ ഏറ്റുപറഞ്ഞ് മാനസാന്തരത്തിലൂടെ ന•യുടെ വഴിയെ നടക്കാന്‍ സന്നദ്ധമായാല്‍ അതിനെ വിശാലതയോടെ സ്വീകരിക്കേണ്ടതിന് പകരം മഞ്ഞക്കണ്ണടയുമായി അരിഞ്ഞു വീഴ്ത്താന്‍ തുനിഞ്ഞിറങ്ങിയാല്‍ അനുഭവം മഅ്ദനിയുടേതായിരിക്കുമെന്ന ഗുണപാഠം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് കറുത്ത കുത്ത് മാത്രമായിരിക്കും സമ്മാനിക്കുക. രണ്ടാം ഘട്ട വിചാരണ തടവിന്റെ കാരണമായി മഅ്ദനിയുടെ മേല്‍ ചാര്‍ത്തുന്ന ബംഗളൂരു സ്ഫോടന കേസിലെ ഗൂഡാലോചന വിചാരണവേളയില്‍ തെളിയിക്കപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ തൂക്കിലേറ്റപ്പെടുക ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയായിരിക്കും. ഒരു കാലില്ലാത്ത, ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട, ആന്തരികാവയവങ്ങള്‍ പൂര്‍ണ്ണതയോടെ കാര്യക്ഷമമല്ലാത്ത ഒരു മനുഷ്യനു മുന്നില്‍ ജാമ്യമെന്ന അവകാശം കൊട്ടിയടക്കുമ്പോള്‍ കരിഞ്ഞു പോകുന്നത് നീതിയെന്ന പ്രകാശകിരണമാണ്. ബംഗളൂരു സ്ഫോടനത്തില്‍ സാക്ഷി മൊഴികള്‍ മഅ്ദനിക്കെതിരാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുമ്പോഴഉം അതിനുള്ള സാഹചര്യ തെളിവുകളിലേക്ക് പോലുമെത്താന്‍ പുറത്തു നിന്ന് നിരീക്ഷിക്കുന്നവര്‍ക്കാകുന്നില്ല. മാധ്യമ പ്രവര്‍ത്തകയായ കെ.കെ ഷാഹിന നടത്തിയ അന്വേഷണാത്മക പത്ര പ്രവര്‍ത്തനവും, അതിന്റെ അനന്തര ഫലങ്ങളും മായാത്ത വിവരങ്ങളായി നിലനില്‍ക്കുന്നവയാണ്.
ബംഗളൂരു ജയിലില്‍ വിചാരണ തടവുകാരനായി അടക്കപ്പെട്ടതു മുതല്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ മഅ്ദനിയും ബന്ധപ്പെട്ടവരും ആരംഭിച്ചിരുന്നുവെങ്കിലും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. ഒടുവില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന നിബന്ധനകളോടെ അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചെങ്കിലും സാങ്കേതികത്തങ്ങള്‍ ഉയര്‍ത്തി അര ദിവസം അദ്ദേഹത്തില്‍ നിന്ന് മുറിച്ചെടുക്കാന്‍ ബോധപൂര്‍വ്വമോ അല്ലാതെയോ സാധിച്ചു. വിചാരണ തടവെന്ന പേരില്‍ മഅ്ദനി നേരിടുന്ന നീതി നിഷേധത്തിന് അടിസ്ഥാന കാരണമായി പലതും വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സംഘപരിവാര്‍ അജണ്ടയുടെ ഇരയെന്നതായിരിക്കും കൂടുതല്‍ അനുയോജ്യമാകുക. ഐ.എസ്.എസ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അക്കാലത്തെ പ്രസംഗങ്ങളും മഅ്ദനിയെ നിരന്തര വേട്ടയാടലുകള്‍ക്ക് വിധേയമാക്കാന്‍ കാരണമായിട്ടുണ്ട്. ഒരു വ്യക്തിയെ വേട്ടയാടാന്‍ ഇത്തരം കാര്യങ്ങള്‍ കാരണമാകുമെങ്കില്‍ മഅ്ദനി മാത്രമാണോ കരിമ്പട്ടിയില്‍ ഇടം നേടേണ്ടതെന്ന മറുചോദ്യം വികൃതമാക്കപ്പെടുന്നത് നീതിയുടെ മുഖത്തെയാണ്. രാജ്യത്തെ നടുക്കിയ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഭരണാധികാരികളും, ഇതര സമുദായക്കാരന്റെ അടിവയറിലേക്ക് ത്രിശൂലം കയറ്റാന്‍ ആഹ്വാനം ചെയ്യുന്ന വിഷലിപ്ത നാവുകളും, വായ തുറന്നാല്‍ വര്‍ഗ്ഗീയതമാത്രം പ്രസംഗിക്കുന്ന ആചാര്യ•ാരും ഇന്ത്യന്‍ മതേതര സങ്കല്‍പങ്ങളെ കുത്തിക്കീറുമ്പോള്‍ കാരാഗൃഹത്തിന്റെ ഇരുമ്പഴികള്‍ തുറക്കപ്പെടാതെ പോകുന്നത് തല്ലിക്കെടുത്തുക സാമൂഹ്യ നീതിയിലൂന്നിയ രാഷ്ട്ര പ്രതീക്ഷകളെയാണ്.
മഅ്ദനിക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനവും, നീതി നിഷേധവുമാണെന്നതില്‍ കേരളീയ പൊതു സമൂഹത്തിന് തര്‍ക്കമില്ല. മഅ്ദനിയെ രാജ്യദ്രോഹിയും, ഭീകരവാദിയുമാക്കാന്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് കൊണ്ടു പിടിച്ച ശ്രമങ്ങള്‍ തുടരുമ്പോഴും അതിനെ മുഖവിലക്കെടുക്കാന്‍ കേരളീയ സമൂഹം തയ്യാറല്ലെന്നതാണ് മഅ്ദനിയുടെ മകളുടെ വിവാഹ ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം അണി നിരന്ന നേതാക്കളുടെ നീണ്ട നിര പ്രകടമാക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃനിരയെ സാക്ഷിയാക്കിക്കൊണ്ട് മഅ്ദനി പറഞ്ഞ കാര്യങ്ങള്‍ നിതിയുക്തമായ രാഷ്ട്ര ഘടനയെ സ്വപ്നം കാണുന്ന സുമനസ്സുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുന്നതായിരുന്നു. നീതിയുടെ പ്രകാശ കിരണം പോലും തന്നില്‍ പതിക്കുമെന്ന പ്രതീക്ഷയില്ലെന്ന് മഅ്ദനി പറയുമ്പോള്‍ തലകുനിക്കേണ്ടി വരുന്നത് ഓരോ ഇന്ത്യക്കാരനുമാണ്. സമ്പൂര്‍ണ്ണ നീതിന്യായ വ്യവസ്ഥയുടെ പരിഛേദമാണ് ഇന്ത്യയെന്ന മഹാരാജ്യമെന്ന് അറിയാനും, കേള്‍ക്കാനുമാണ് ഇവിടത്തെ ഓരോ പൌരനും ആഗ്രഹിക്കുന്നത്.
മകളുടെ വിവാഹവേദിയില്‍ മഅ്ദനി നടത്തിയ പ്രഭാഷണത്തിലൂടെ പുറത്ത് വന്നത് നീതി നിഷേധിക്കപ്പെട്ടവന്റെ നിസ്സഹായമായ നൊമ്പരങ്ങളായിരുന്നു. എന്നാലിതിനെ തീവ്രവാദത്തിന്റെ മുഖപടം നല്‍കി മൂക്കോളം മുങ്ങിയവനെ ആഴക്കയങ്ങളിലേക്ക് വീണ്ടും ചവിട്ടിത്താഴ്ത്താന്‍ ചില മഞ്ഞക്കണ്ണട ധാരികള്‍ അപശബ്ദങ്ങളായി ഉണ്ടായിരുന്നുവെന്നത് കാണാതെ പോയിക്കൂട. വിചാരണ തടവെന്നത് മഅ്ദനിക്ക് മുന്നില്‍ മരണം വരെയുള്ള ജീവപര്യന്തമാക്കി മാറ്റാന്‍ വിവാഹവേദിയിലെ പ്രഭാഷണത്തില്‍ നിന്ന് എന്തെങ്കിലും കിട്ടുമോയെന്ന് ഭൂതക്കണ്ണാടി വെച്ച് ഇവര്‍ നിരീക്ഷണം നടത്തിയിട്ടുണ്ടാകുമെന്നതിലും തര്‍ക്കമില്ല. അഞ്ച് ദിവസത്തെ ജാമ്യത്തിന് ശേഷം മഅ്ദനി വീണ്ടും പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങുമ്പോള്‍ ഉടന്‍ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിനില്ല. താന്‍ നിരപരാധിയാണെന്നും, കുറ്റവാളിയോ, രാജ്യദ്രോഹിയോ, തീവ്രവാദിയോ അല്ലെന്നും, പിറന്ന മണ്ണിനെ സ്നേഹിക്കുന്നവനാണെന്നും ദൈവത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചശേഷമാണ് മഅ്ദനി കേരളത്തോട് വീണ്ടും യാത്ര പറയുന്നത്.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്