യു.ഡി.എഫില്‍ സംഭവിക്കുന്നതും
 എല്‍.ഡി.എഫ് കാത്തിരിക്കുന്നതും
 യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കേട്ടുകൊണ്ടിരിക്കുന്ന പല്ലവിയാണ് ഈ ഗവണ്‍മെന്റിന് അല്‍പ്പായുസ്സ് മാത്രമേ ഉണ്ടാകൂവെന്നത്. രണ്ട് പേര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ താഴെ വീഴുന്ന ഗവണ്‍മെന്റ് എന്നതായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പ്രതിപക്ഷം ചാര്‍ത്തി നല്‍കിയ പട്ടം. നേര്‍ത്ത ഭൂരിപക്ഷത്തിന്റെ അകമ്പടിയില്‍ മൂത്രമൊഴിക്കാന്‍ പോലും ആകാതെ അഞ്ച് വര്‍ഷം ഭരിക്കുക എന്നതിന്റെ പൊല്ലാപ്പ് ആരെക്കാള്‍ കൂടുതല്‍ അറിയുന്ന പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് നീട്ടിവിരിച്ച വലയില്‍ കുടുങ്ങിയ നെയ്യാറ്റിന്‍കരക്കാരന്‍ ശെല്‍വ്വരാജ് സര്‍ക്കാരിന്റെ മൂത്രശങ്കക്ക് അല്‍പ്പം ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യം മൂത്രസ്തംഭനത്തിലേക്കാണ് സര്‍ക്കാരിനെ എത്തിച്ചിരിക്കുന്നത്. ഇമവെട്ടാതെ, ഇലയനങ്ങാതെ സര്‍ക്കാരിനെ കാത്ത് കൊണ്ട് നടക്കാന്‍ എത്രകാലം കഴിയുമെന്ന കാര്യത്തില്‍ കപ്പിത്താനായ ഉമ്മന്‍ചാണ്ടിക്ക് തന്നെ ഉറപ്പില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ പതിനെട്ടടവും പയറ്റുന്ന ഇടത് മുന്നണിയുടെ അധികാരാവകാശ പ്രഖ്യാപനം സര്‍ക്കാരിന്റെ ഉറക്കം തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. കണ്ണിറുക്കി വിളിച്ചാല്‍ കൂടെപ്പോകാന്‍ ഹൃദയം തുടിക്കുന്നവരാണ് തന്റെയൊപ്പമുള്ളതെന്ന തിരിച്ചറിവ് ഈ സര്‍ക്കാരിന്റെ ഒന്നാം തിയ്യതി മുതല്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് വ്യക്തതയുള്ളതാണ്. 
യു.ഡി.എഫിന്റെ ഭാഗമായുള്ള ഘടക കക്ഷികളില്‍ കോണ്‍ഗ്രസ്സിനൊപ്പം അവസാന ശ്വാസം വരെ ഉണ്ടാകുമെന്ന് ഉറപ്പ് പറയാന്‍ കരുത്തുള്ളവര്‍ ആരൊക്കെയെന്നത് അവര്‍ക്ക് തന്നെ ബോധ്യമില്ലാത്ത കാര്യമാണ്. ഐക്യമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയെന്ന നിലയില്‍ മുസ്ളിം ലീഗിന്റെ കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് പറയാന്‍ ഒരു പക്ഷെ ഭരണത്തിന്റെ തുടക്കത്തില്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഭരണപരമായ കാര്യങ്ങളില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം മുസ്ളിം ലീഗിനെ മുള്‍മുനയില്‍ നിര്‍ത്തിയവരില്‍ കോണ്‍ഗ്രസ്സിലെ സുന്ദരമുഖങ്ങള്‍ മുന്നില്‍ നിന്നുവെന്നത് പരസ്യമായ രഹസ്യമാണ്. സാമുദായിക സംഘടനകള്‍ ഉയര്‍ത്തിയ നെറികെട്ട നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ളിം ലീഗിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമം നടത്തിയവരില്‍ രാഷ്ട്രീയ എതിരാളികളേക്കാള്‍ ഏറെ മുന്നില്‍ നിന്നത് കോണ്‍ഗ്രസ്സിലെ യുവ തുര്‍ക്കികളായിരുന്നു. വിദ്യാഭ്യാസ വകുപ്പിലേതുള്‍പ്പെടെ ഭരണപരമായ കാര്യങ്ങളില്‍ സാമുദായിക സംഘടനകളുയര്‍ത്തിയ ആരോപണങ്ങള്‍ പൊട്ടിത്തെറിയിലേക്കെത്താതെ മയപ്പെട്ടുപോയത് മുസ്ളിം ലീഗ് കൈക്കൊണ്ട പക്വതയാര്‍ന്ന സമീപനത്തിന്റെ ഭാഗമായിട്ടായിരുന്നു. ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉയര്‍ത്തിയിരുന്ന ആക്ഷേപങ്ങള്‍ മുസ്ളിം ലീഗിന്റെ മതേതര അടിത്തറയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. ഇതിന്റെ മറ്റൊരു മുഖമാണ് സാമുദായിക സംഘടനകള്‍ക്ക് വേണ്ടി മുസ്ളിം ലീഗിനെതിരെ യുവ രക്തങ്ങള്‍ കൈക്കൊണ്ടത്. ലീഗിനെതിരെ മുന്നണി മര്യാദയുടെ ലംഘനം പലപ്പോഴും കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് തുടര്‍ന്നപ്പോഴും ലീഗ് നേതൃത്വം സംയമനത്തിന്റെ വഴി സ്വീകരിച്ചതാണ് യു.ഡി.എഫ് സംവിധാനത്തെ പോറലേല്‍ക്കാതെ നിലനിര്‍ത്തിയത്. അവസാന ശ്വാസം വരെ മുസ്ളിം ലീഗ് കോണ്‍ഗ്രസ്സിനൊപ്പം ഉണ്ടാകുമോ എന്ന കാര്യത്തില്‍ നൂറു ശതമാനത്തിന്റെ ഉറപ്പ് പഴയപോലെ ഉണ്ടാകാനിടയില്ല. 
മൂന്നാം കക്ഷിയായ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിന്റെ കാര്യമാകട്ടെ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണെങ്കിലു ധനകാര്യമന്ത്രി കെ.എം മാണിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിച്ച മാണി സാറിന്റെ ശൈലി യു.ഡി.എഫ് സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. വി.എസിന്റെ ക്ഷണത്തോട് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന മാണി സാറിന്റെ മറുപടി ആലോചിക്കാന്‍ സമയമുണ്ടെന്നതിലേക്ക് സൂചന നല്‍കുന്നതാണ്. വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പാകാം മാണി സാറിന്റെ പുനരാലോചനക്കുള്ള സമയ പരിധി. രണ്ട് ലോക സഭ സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസ്സ് ആവശ്യപ്പെടുമെന്നത് തീര്‍ച്ചയാണ്.  സീറ്റ് നല്‍കിയില്ലെങ്കില്‍ ചീട്ട് കീറുമെന്ന മുന്നറിയിപ്പായിരിക്കും കെ.എം മാണി കോണ്‍ഗ്രസ്സിന് മുന്നില്‍വെക്കുക. മാണി ആവശ്യപ്പെടുന്ന രണ്ടാമത്തെ സീറ്റ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കാന്‍ തയ്യാറായാലും മലയോര മേഖലയിലെ കോണ്‍ഗ്രസ്സിന്റെ പുലിക്കുട്ടികള്‍ പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ക്കും. സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്ത് ചാടാന്‍ മാണി രണ്ടാമതൊന്ന് ആലോചിക്കാന്‍ ഇടയില്ല. സഭ ഇക്കാര്യത്തില്‍ ഇടങ്കോലിടില്ലെന്ന ഉറപ്പും മാണി സാറിനുണ്ട്. നസ്രാണിയായ കുഞ്ഞൂഞ്ഞിനേക്കാള്‍ ഭേദം ദൈവനിഷേധികളായ കമ്മ്യൂണിസ്റുകളാണെന്ന ദിവ്യബോധനം കഴിഞ്ഞ കുറച്ചു കാലങ്ങളായി സഭയിലെ കുഞ്ഞാടുകള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മാണി സാറിന്റെ തീരുമാനങ്ങള്‍ക്ക് വഴിമുടക്കാന്‍ ആരെങ്കിലും വന്നാല്‍ പാല് കൊടുത്ത കൈകൊണ്ട് തെന്നെ പിളര്‍ത്താനും മടിയില്ലെന്ന നിലപാടായിരിക്കും സ്വീകരിക്കുക. വളരുകയും പിളരുകയും ചെയ്യുകയെന്നത് കേരള കോണ്‍ഗ്രസ്സിന് മാത്രം അവകാശപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ.
നിയമസഭയില്‍ രണ്ടംഗങ്ങളുള്ള വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ് ജനതയും ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കാറ്റില്‍ ആടിയുലയാന്‍ സാധ്യതയുണ്ട്. എല്‍.ഡി.എഫിലായിരുന്ന കാലത്ത് വിരേന്ദ്രകുമാറിന് കുത്തകയായിരുന്ന കോഴിക്കോട് സീറ്റ് തിരിച്ചുകിട്ടാന്‍ ഇത്തവണ സോഷ്യലിസ്റ് ജനത ആവശ്യമുന്നയിക്കും. കോണ്‍ഗ്രസ്സിന്റെ പ്രസ്റീജ് സീറ്റായ കോഴിക്കോട് വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ വീരനും കൂട്ടരും പഴയ കൂടാരത്തിലേക്ക് വഴി തേടുമെന്നതില്‍ അത്ഭുതമില്ല. സോഷ്യലിസ്റ് പാരമ്പര്യം പേരിലുള്ളതിനാല്‍ ഇവരെ കൂടെ കൂട്ടാന്‍ ഇടത് മുന്നണിക്ക് തടസ്സമില്ലെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. വ്യക്തി വൈരാഗ്യത്തില്‍ അധിഷ്ഠിതമായ ഇവരുടെ അകല്‍ച്ച പരിഹരിക്കപ്പെടുമെന്നു തന്നെയാണ് ഇടതുകോട്ട കണക്കാക്കുന്നത്. ഭരണമാറ്റം സംബന്ധിച്ച വിവാദങ്ങളില്‍ കക്ഷിചേര്‍ന്ന് വിരേന്ദ്രകുമാര്‍ ഭരണ പങ്കാളിത്തം പ്രശ്നാധിഷ്ടിതമാണെന്ന് പരോക്ഷമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മകന്‍ അച്ഛന്‍ പോരിന്റെ വിളനിലമായ കേരള കോണ്‍ഗ്രസ്സ് (ബി) യു.ഡി.എഫിനോട് വളരെ മുമ്പുതന്നെ യുദ്ധ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഏക എം.എല്‍.എ യായ മകനാണ് തുറുപ്പ് ചീട്ടെന്നതിനാല്‍ യു.ഡി.എഫ് അച്ഛനെ തല്‍ക്കാലം കരക്കിരുത്തിയിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പരിചയസമ്പന്നനായ ബാലകൃഷ്ണപിള്ള ഭരണമാറ്റം സംബന്ധിച്ച ഇടതുമുന്നണി നീക്കങ്ങള്‍ വെറുതെയാകില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. പുരക്ക് മുകളിലേക്ക് ചാഞ്ഞ മരമെന്ന നിലയില്‍ മകനെ വെട്ടിമാറ്റാന്‍ കമ്മ്യൂണിസ്റ് സൈന്ദാന്തിക ചിന്തകളെ നെഞ്ചേറ്റാനും ഈയച്ഛന്‍ മടി കാണിക്കില്ല. ശത്രു പട്ടികയില്‍ തന്നെ ജയിലിലാക്കിയ വി.എസ് അച്ചുതാനന്ദന് മുകളിലാണ് മകന്‍ ഗണേഷ്കുമാറിന്റെ സ്ഥാനമെന്നത് അച്ഛനായ ബാലകൃഷ്ണപിള്ളയെ എന്ത് കടുംകൈക്കും പ്രേരിപ്പിക്കും. ആറ്റ് നോറ്റ് കിട്ടിയത് ഒരു എം.എല്‍.എ യെ മാത്രമാണെന്നതാണ് ഈയച്ഛനെ തളര്‍ത്തുന്നത്.

വിപ്ളവത്തിന്റെ തീപന്തങ്ങളായിരുന്ന പഴയ രണ്ട് സഖാക്കള്‍ അവഗണനയുടെയും, അതൃപ്തിയുടെയും കൊടുമുടിയില്‍ നിന്നാണ് യു.ഡി.എഫില്‍ കഴിച്ചുകൂട്ടുന്നത്. യു.ഡി.എഫ് വിടുമെന്ന ഭീഷണിയുമായി എം.വി രാഘവനും, കെ.ആര്‍ ഗൌരിയമ്മയും കാലമേറെയായി പരിതപിക്കാന്‍ തുടങ്ങിയിട്ടെങ്കിലും ഒരു എം.എല്‍.എ പോലും ഇല്ലാത്തതിനാല്‍ കൂടെ നിറുത്താന്‍ യു.ഡി.എഫിനോ, കൂട്ടികൊണ്ടുപോകാന്‍ എല്‍.ഡി.എഫിനോ വലിയ താല്‍പര്യമില്ല. വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ല. ഷിബു ബേബി ജോണിന്റെ പാര്‍ട്ടിയുടെ കാര്യവും മറിച്ചല്ല.
സംസ്ഥാനത്ത് ഭരണ മാറ്റത്തിന് സമയമായെന്ന കൊണ്ടുപിടിച്ച പ്രചരണത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ ഇടതുമുന്നണിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളുടെ പട്ടിക ഇനിയും നീളും. കുതിരക്കച്ചവടത്തിലൂടെയുള്ള ഭരണ മാറ്റത്തിന് തങ്ങളില്ലെന്ന് ഇടതുമുന്നണി ആവര്‍ത്തിക്കുമ്പോള്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുമെന്ന് ഇവര്‍ ജനങ്ങളുടെ മുന്നില്‍ ആവര്‍ത്തിച്ച് വിശദീകരിക്കുന്നു. ലോകസഭ തെരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാന ഭരണത്തിന്റെ സമവാക്യങ്ങളില്‍ മാറ്റത്തിന് കാത്തിരിക്കുകയെന്ന പ്രത്യാശയും ഇടത് മുന്നണി നല്‍കുന്നുണ്ട്. കോണ്‍ഗ്രസ്സിനും, ബി.ജെ.പിക്കും ബദലായി കേന്ദ്രത്തില്‍ ഇടതുപക്ഷ കൂട്ടായ്മക്കൊരുങ്ങുന്ന സി.പി.എം കേരളത്തിലും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുക്കാന്‍ സജീവ തയ്യാറെടുപ്പിലാണ്.


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്