സ്ത്രീ സുരക്ഷയും സൂര്യനെല്ലിയും


ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ നടന്ന കൂട്ട ബലാത്സംഗവും, അതിനെത്തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവവും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധ പരിപാടികള്‍ക്കും, ക്രിയാത്മക ചര്‍ച്ചകള്‍ക്കുമാണ് ഈ സംഭവം വഴി വെച്ചത്. ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നു. കേസിലെ പ്രതികള്‍ക്കെതിരായ കുറ്റപത്ര സമര്‍പ്പണവും, വിചാരണയും അതിവേഗമാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ ആഴ്ചകള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ജീവപര്യന്തമാണ് ശിക്ഷയായി വര്‍മ്മ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും വധശിക്ഷ വരെ ആകാമെന്ന നിലപാടിലായിരുന്നു രാജ്യത്തെ ഭരണകൂടം.
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനും, സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിയമത്തിലെ കാര്‍ക്കശ്യവും, കടുത്ത ശിക്ഷ നടപടികളും അനിവാര്യമാണെന്നതായിരുന്നു ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ചര്‍ച്ചകളുടെ കാതല്‍. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിയമനിര്‍മ്മാണവും, നിയമഭേദഗതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയില്‍ നില്‍ക്കവെയാണ് സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസ് വീണ്ടും സജീവ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഭാഗമായാണ് വീണ്ടും പൊതു സമൂഹത്തിന് മുന്നില്‍ വിചാരണക്കെത്തിയിരിക്കുന്നത്. സൂര്യനെല്ലി കേസിന്റെ പശ്ചാത്തലവും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളും വിവരണം ആവശ്യമില്ലാത്തവിധം മലയാളക്കരയില്‍ സുപരിചിതമാണ്.
    ഒന്നര പതിറ്റാണ്ട് പഴക്കമുള്ള കേസ് സുപ്രീം കോടതി ഇടപെടല്‍ മൂലം സജീവ ചര്‍ച്ചകള്‍ക്ക് വഴിമാറുമ്പോള്‍ പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ കാര്യത്തില്‍ ആശങ്കകളും, പ്രതീക്ഷകളും ഒരു പോലെയാണ് പ്രകടമാക്കപ്പെടുന്നത്. കേസില്‍ ഹൈക്കോടതിയെടുത്ത നിലപാടിനെ പരിപൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണമുണ്ടായിരിക്കുന്നത്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ അതീവ ഗൌരവമായ ചിന്തകളിലേക്ക് നയിക്കപ്പെടുന്നതാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി രാജ്യം വലിയൊരു മുന്നേറ്റത്തിന് വഴി തുറക്കുന്ന ഘട്ടത്തിലാണ് സൂര്യനെല്ലി പീഡന കേസിലെ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുന്നതെന്നത് അവിചാരിതമാകാം. സ്ത്രീ സുരക്ഷയെന്ന മൌലിക അവകാശം നിറവേറ്റുന്നിടത്ത് സമൂഹത്തിന്റെ മുഴുവന്‍ മേഖലകളില്‍ നിന്നുമുള്ള കലര്‍പ്പില്ലാത്ത പിന്തുണയും നീതിയുക്തമായ ഇടപെടലുകളും അനിവാര്യമാണ്. ഭരണകൂടവും, നീതിന്യായ വ്യവസ്ഥയും, രാഷ്ട്രീയ നേതൃത്വവും അതിലുപരി പൊതുസമൂഹവും ഇച്ഛാശക്തിയോടെയുള്ള നിഷ്പക്ഷ ഇടപെടലുകള്‍ സാധ്യമാക്കുമ്പോള്‍ മാത്രമേ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിയമം മൂലം പ്രതിരോധിക്കാന്‍ ഭാഗികമായെങ്കിലും സാധ്യമാകൂ. അങ്ങിനെയെങ്കില്‍ സൂര്യനെല്ലി കേസ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പര്യാപ്തമാകുന്ന തരത്തില്‍ ആലോചനകള്‍ക്ക് വിധേയമാക്കണം.
സൂര്യനെല്ലി പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായെന്നത് വസ്തുതപരമായ കാര്യമാണ്. 1996 ജനുവരി 16 ന് വിവാഹ വാഗ്ദാനം നല്‍കി സ്കൂള്‍ ഹോസ്റലില്‍ നിന്ന് ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയ 16 കാരിയെ 42 പേര്‍ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചുവെന്നതാണ് കേസ്. കോട്ടയത്തെ പ്രത്യേക വിചാരണ കോടതി 2000 സെപ്തംബര്‍ ആറിന് 35 പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചു. തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. 2005 ല്‍ പ്രതികളില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവരെ വെറുതെ വിട്ടുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. മുഖ്യപ്രതി ധര്‍മ്മരാജിന്റെ ജീവപര്യന്തം ശിക്ഷ അഞ്ച് വര്‍ഷമായി ചുരുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ചയാണ് നടന്നതെന്നായിരുന്നു ഹൈക്കോടതി വിധി പ്രഖ്യാപനത്തിലെ പരാമര്‍ശം. ഇതിനെ അവിശ്വസനീയമെന്ന് പറഞ്ഞ് തള്ളികൊണ്ടാണ് ഹൈക്കോടതി വിധിയെ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. കേസ് പരിഗണിച്ചതില്‍ ഹൈക്കോടതിക്ക് സാങ്കേതിക പിഴവുണ്ടായെങ്കില്‍ കഴിഞ്ഞ 16 വര്‍ഷമായി നീതി ഇരയുടെ പക്ഷത്തായിരുന്നില്ലെന്നത് വ്യക്തം. പൊതു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ കേസായിരുന്നിട്ടും പ്രതികള്‍ സാങ്കേതിക പിഴവിന്റെ പേരില്‍ കുറ്റവിമുക്തരാക്കപ്പെട്ടുവെങ്കില്‍ നിയമത്തിന്റെയും നീതി നിര്‍വ്വഹണത്തിന്റെയും കാര്യത്തില്‍ സസൂക്ഷ്മമായ നിരീക്ഷണത്തിന്റെ അനിവാര്യതയാണ് പ്രകടമാക്കുന്നത്.
   സ്ത്രീ പീഡനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള ആയുധമായി കാണുന്നിടത്ത് നിന്ന് മാറാന്‍ ഉദ്ബുദ്ധമെന്നവകാശപ്പെടുന്ന കേരളീയ സമൂഹം പോലും ഇനിയും പാകമായിട്ടില്ലെന്നതാണ് സൂര്യനെല്ലി കേസിന്റെ രണ്ടാം ഘട്ടവും പ്രകടമാക്കുന്നത്. കോണ്‍ഗ്രസ്സ് നേതാവ് പി.ജെ കുര്യന് കേസില്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകളാണ് സൂര്യനെല്ലി പീഡനത്തെ അന്നും ഇന്നും സജീവമാക്കിയത്. സംഭവത്തിന്റെ മെറിറ്റ് എന്നതിനപ്പുറത്ത് പി.ജെ കുര്യനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുകയെന്നത് മാത്രമാണ് സൂര്യനെല്ലി കേസിനെ മുന്നോട്ട് നയിക്കുന്നതില്‍ ഉയര്‍ന്നു നിന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെ പീഡിച്ചവരുടെ പട്ടികയില്‍ കുര്യന്റെ പേര് ആദ്യം മുതലേ ചേര്‍ത്ത് പറയുന്നുണ്ടെങ്കിലും തെളിവ് കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിജയിക്കാനായില്ല. കേസ് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നു തന്നെ ഉണ്ടായത് തെളിവുകള്‍ കാണാതെ പോവുകയായിരുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായത് മുതല്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ സൂര്യനെല്ലി കേസിനെ കുഴിച്ചുമൂടാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉദ്യോഗസ്ഥ ഭരണ വര്‍ഗ്ഗങ്ങളില്‍ നിന്നുമുണ്ടായ താല്‍പര്യങ്ങളിലേക്കാണ് സൂചന നല്‍കുന്നത്.
പതിനാറ് കൊല്ലം മുമ്പ് നടന്ന സംഭവമായിരുന്നിട്ടും സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ലഭ്യമായില്ലെന്നതാണ് പുതിയ സാഹചര്യത്തിലെ വെളിപ്പെടുത്തലുകളും സുപ്രീം കോടതി പരാമര്‍ശങ്ങളും വ്യക്തമാക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പൂര്‍ണ്ണമായ മാനസികാവസ്ഥയോടെ ജീവിച്ചിരിക്കുമ്പോഴും അതിക്രമം പ്രവര്‍ത്തിച്ചവര്‍ സ്വതന്ത്രരായി വിരാജിക്കുന്നു എന്ന കാര്യം കൂടി ചേര്‍ത്തു വെക്കേണ്ടതാണ്. തന്നെ ഇന്നയിന്ന ആളുകള്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി അക്കമിട്ടു നിരത്തുമ്പോഴും നിയമവും നിയമവ്യവസ്ഥയും മൂകമായി നോക്കി നില്‍ക്കുന്നിടത്താണ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പിറവിയെടുക്കാന്‍ കാത്ത് നില്‍ക്കുന്നത്. ഭരണകൂടവും ഉദ്യോഗസ്ഥ വര്‍ഗ്ഗവും സ്ത്രീ പീഡനങ്ങളും പെണ്‍വാണിഭങ്ങളും മറച്ചുവെക്കാനും അട്ടിമറിച്ച് ഇല്ലാതാക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നിടത്ത് നിയമത്തിന്റെ കരുത്തില്‍ സ്ത്രീ സുരക്ഷ സാധ്യമാകുമോ എന്ന മറു ചോദ്യം കൂടി ഉയര്‍ത്തപ്പെടുന്നുണ്ട്. പെണ്‍വാണിഭക്കാരെ കയ്യാമം വെച്ച് പൊതുനിരത്തിലൂടെ നടത്തിക്കുമെന്ന് വീരവാദം മുഴക്കി അധികാരത്തിലേറിയ ഒരു ഭരണകര്‍ത്താവിന്റെ നിസ്സഹായാവസ്ഥ കണ്ടു മറന്നവരല്ല മലയാളികള്‍. പെണ്‍വാണിഭവും സ്ത്രീ പീഡനവും സുരക്ഷിതമല്ലാത്ത സമൂഹത്തിന്റെ ഉത്പന്നങ്ങളാണെന്നതില്‍ തര്‍ക്കമില്ല. എതിരാളികളെ നിഷ്പ്രഭമാക്കാനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രചരണായുധമാക്കാനും പീഡന വാണിഭ കഥകളെ ഉപയോഗിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട കക്ഷികള്‍ മാറി നില്‍ക്കേണ്ടതുണ്ട്. അധികാരത്തിലുണ്ടായിരുന്ന സമയത്ത് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നവര്‍ പുറത്തിരുന്ന് വിടുവായിത്തം വിളമ്പുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ഇവര്‍ സ്വീകരിക്കുന്ന നിലപാടുകളിലെ ആത്മാര്‍ത്ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 
       സ്ത്രീ സുരക്ഷക്കായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച ഘട്ടം കൂടിയാണിത്. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിച്ച വര്‍മ്മ കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും അംഗീകരിച്ചിട്ടില്ലെങ്കിലും കടുത്ത ശിക്ഷാനടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓര്‍ഡിനന്‍സിലെ നിര്‍ദ്ദേശങ്ങള്‍. മാനഭംഗത്തിനിടയില്‍ ഇര കൊല്ലപ്പെടുകയോ ജീവച്ഛവമാവുകയോ ചെയ്യുന്ന അത്യപൂര്‍വ്വ കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ ഓര്‍ഡിനന്‍സ് ശുപാര്‍ശ ചെയ്യുന്നു. ലൈംഗിക പീഡനത്തിന് ചുരുങ്ങിയത് പത്ത് വര്‍ഷവും പരമാവധി ജീവപര്യന്തവുമാണ് തടവു ശിക്ഷ. ഇരയുടെ മുന്‍കാല ചരിത്രം പ്രസക്തമല്ലെന്നും, ഇരയുടെ വാക്കായിരിക്കും അന്തിമമായി സ്വീകരിക്കപ്പെടുക എന്നും ഓര്‍ഡിനന്‍സ് ശുപാര്‍ശ ചെയ്യുന്നുണ്ട്. ദുരുദ്ദേശ്യത്തോടെയുള്ള സ്പര്‍ശനവും, വാക്കും, ആംഗ്യവും, പ്രവര്‍ത്തിയും സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമെന്ന നിര്‍വ്വചനത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂവാല•ാര്‍ക്കും, വായ്നോട്ടക്കാര്‍ക്കും ഒരു വര്‍ഷമാണ് തടവ്. അപവാദ പ്രചരണം, ഭീഷണിപ്പെടുത്തല്‍ എന്നിവക്കും ശിക്ഷ നിര്‍ദ്ദേശിക്കുന്ന ഓര്‍ഡിനന്‍സ് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
പുതിയ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ സൂര്യനെല്ലി കേസ് വിശകലനത്തിന് വിധേയമാക്കിയാല്‍ ഇരക്കു നേരെയുള്ള നീതി നിഷേധത്തിന്റെ വ്യാപ്തിയാണ് പ്രകടമാവുക. നാല്‍പ്പതിലേറെ ആളുകള്‍ കൂട്ട മാനഭംഗത്തിനിരയാക്കപ്പെട്ടിട്ടും ഒരാളൊഴിച്ച് ബാക്കിയുള്ളവരെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടതിനു പകരം സ്വസമ്മതപ്രകാരമാണ് ലൈംഗിക വേഴ്ചക്ക് വിധേയമായതെന്ന തരത്തില്‍ പരാമര്‍ശം പരസ്യപ്പെടുത്തി ഉത്തരവാദപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നു തന്നെ സമൂഹമധ്യത്തില്‍ അപമാനിതയാകേണ്ടി വന്നു. തന്നെ പീഡിപ്പിച്ചയാളെ പലതവണ ചൂണ്ടിക്കാണിച്ചിട്ടും ഇരയെ അവിശ്വസിക്കുന്ന തരത്തില്‍ നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു അധികൃതര്‍ താല്‍പര്യം പ്രകടിപ്പിച്ചത്. വ്യക്തമായ സാക്ഷി മൊഴികളുണ്ടായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചു. ഏറ്റവുമൊടുവില്‍ ഉന്നത നീതിപീഠത്തിന്റെ മുന്നിലെത്തിയെങ്കിലും കേസ് പരിഗണനയ്ക്കെടുക്കാന്‍ 8 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് ഇരക്കുമുന്നില്‍ പ്രതീക്ഷകള്‍ നല്‍കുന്ന തരത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നതെങ്കിലും കേസ് പരിഗണിക്കുന്നതിനെടുത്ത കാലദൈര്‍ഘ്യം നീതിയുടെ മറ്റൊരു നിഷേധമുഖമാണ് പ്രകടമാക്കിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നടപടികളുടെ പശ്ചാത്തലത്തില്‍ വൈകിയാണെങ്കിലും സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായ ഇടപെടലിനെ നിറഞ്ഞ പ്രതീക്ഷയോടെയാണ് സൂര്യനെല്ലി പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ കാണുന്നത്. വിവാദങ്ങളും രാഷ്ട്രീയ ലാഭ നഷ്ടങ്ങളും മാറ്റിവെച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ഇരയുടെ പക്ഷത്ത് നില്‍ക്കാനുള്ള ആര്‍ജ്ജവം പൊതു സമൂഹത്തിന്റെ ഭാഗമായുള്ള എല്ലാവര്‍ക്കുമുണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്