തെരുവ് നായ്ക്കളിലെത്തുന്ന തീവ്രവാദം 
അഥവാ
പ്രചാര വേലകളുടെ ഉട്ടോപ്യന്‍ രീതി ശാസ്ത്രം

 പൊന്നാനി നഗരസഭയിലെ നെയ്തല്ലൂരിനടുത്ത് വളര്‍ത്തു നായ കൂട്ടിനകത്ത് രക്തം വാര്‍ന്ന് ചത്ത് കിടക്കുന്നത് കണ്ടാണ് അന്ന് വീട്ടുകാര്‍ ഉണര്‍ന്നത്. നായയുടെ ദാരുണ അന്ത്യം നിമിഷാര്‍ദ്ദം കൊണ്ട് ചൂടുവാര്‍ത്തയായി നാടാകെ പരന്നു. നായയെ വെട്ടിക്കൊന്നു എന്നതായിരുന്നു പ്രചാരണത്തിന് ചൂട് നല്‍കിയ കാര്യം. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വ്യാപകമായി നടന്നുവന്നിരുന്ന നായ്ക്കള്‍ക്ക് “വെട്ടേല്‍ക്കുന്ന” സംഭവം പൊന്നാനിയിലും ഉണ്ടായിരിക്കുന്നു എന്നതാണ് കൂട്ടിനകത്ത് ചത്തുകിടന്ന നായയെ വീര പരിവേഷത്തിലേക്കുയര്‍ത്തിയത്. നായയുടെ ചെവിക്ക് താഴെ കഴുത്തിനോട് ചേര്‍ന്ന് കാണപ്പെട്ട മുറിവ് വാളുകൊണ്ടുള്ളവെട്ടാണെന്ന തരത്തില്‍ പ്രചരണം പരന്നതോടെ പോലീസ് പാഞ്ഞെത്തി. പ്രഥമിക പരിശോധനക്കായി തൊട്ടടുത്ത വെറ്റിനറി ക്ളിനിക്കിലേക്കെത്തിച്ചപ്പോള്‍ വെട്ടേറ്റുവെന്ന പ്രചരണം അടിയേറ്റുവെന്ന നിഗമനത്തിലേക്കെത്തി. പോസ്റ്മോര്‍ട്ടത്തിനായി മണ്ണുത്തി വെറ്റിനറി കോളേജിലേക്ക് കൊണ്ടുപോയ നായയെ കീറിമുറിച്ച് ഫലം പുറത്ത് വന്നപ്പോള്‍ വിദേശ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയുടെ അന്ത്യം വെട്ടേറ്റല്ല മറിച്ച് പാമ്പ് പോലുള്ള ഏതോ വിഷ ജീവിയുടെ കടിയേറ്റാണെന്ന് തെളിഞ്ഞു. ഏത് ഇനത്തില്‍പ്പെട്ട നായയായാലും പാമ്പ് കടിയേറ്റോ മറ്റോ ചത്താല്‍ ആഴത്തിലൊരു കുഴിയുണ്ടാക്കി അതില്‍ കുഴിച്ചു മൂടിയിരുന്ന പതിവില്‍ നിന്ന് മാറി നായക്കുണ്ടാകുന്ന ഓരോ പരിക്കും പരിശോധനകളുടേയും നിരീക്ഷണത്തിന്റേയും വഴിയിലേക്കെത്തിയതിന് പിന്നില്‍ പ്രചാരവേലകളുടെ ഗുരുതര രീതി ശാസ്ത്രത്തിന്റെ സ്വാധീനം പതിയിരിക്കുന്നുവെന്നു വേണം കരുതാന്‍.

തീവ്രവാദം എന്ന നാലക്ഷരം ചാര്‍ത്തി നല്‍കാന്‍ എന്ത് തരം താണ പ്രചാരണങ്ങളും അനുയോജ്യമാണെന്ന തരത്തിലേക്ക് നാട് മാറിയിരിക്കുന്നുവെന്നത് ഗൌരവ ചിന്ത ഉണര്‍ത്തുന്നതാണ്. തെരുവ് നായ്ക്കള്‍ അവരുടെ സംഭോഗ സമയത്ത് പരസ്പരം മുഖം കടിച്ചു കീറിയിരുന്നതിനെ നായ്ക്കളെ വെട്ടിപ്പരുക്കേല്‍പ്പിക്കുന്നതായി ചിത്രീകരിക്കുകയും അതിന് തീവ്രവാദത്തിന്റെ മുഖം നല്‍കുകയും ചെയ്ത ഉദ്ബുദ്ധ സമൂഹമാണിത്. മലപ്പുറം ജില്ലയുടെ തെരുവുകളില്‍ കഴിഞ്ഞ ഒന്ന് രണ്ട് മാസത്തിനിടെ കാണപ്പെട്ട ചില നായ്ക്കളുടെ മുഖം മുറിവേറ്റ നിലയിലുള്ളതായിരുന്നു. മുഖത്തുണ്ടായ വ്രണത്തിന്റെ വേദനയില്‍ പുളഞ്ഞ നായ്ക്കളുടെ ദീനരോധനം കണ്ട് മനസ്സലിഞ്ഞവര്‍ സമൂഹത്തിന്റെ സഹതാപം കിട്ടാന്‍ വേണ്ടിയാകണം നായ്ക്കളുടെ മുഖത്തെ മുറിവ് വെട്ടേറ്റത് മൂലമാണെന്ന പ്രചാരണത്തിലേക്കെത്തിയത്. നായ്ക്കള്‍ക്ക് വേണ്ടി വാദിക്കാനിറങ്ങിയവരുടെ ഹിഡന്‍ അജണ്ട തീവ്രവാദ ആരോപണത്തിലൂടെ പുറത്തുവരികയും ചെയ്തു. തീര്‍ത്തും ബാലിശമായ ഈ പ്രചാരവേല ഉത്തരവാദപ്പെട്ട ചില മാധ്യമ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും തീവ്രവാദ ആരോപണങ്ങളുടെ പാറ്റന്റെടുത്തവര്‍ക്ക് കരുത്ത് പകരുകയും ചെയ്തു. നായ്ക്കളുടെ മുഖത്തെ മുറിവ് ഗൌരവത്തോടെ കണ്ട പോലീസ് അധികൃതര്‍ കൃത്യമായ അന്വേഷണവുമായാണ് മുന്നോട്ടു പോയത്. വെട്ടേറ്റതായി ചിത്രീകരിക്കപ്പെട്ട നായ്ക്കളെയെല്ലാം വെറ്റിനറി വിഭാഗത്തിലെ വിദഗ്ദര്‍ക്ക് മുന്നില്‍ പരിശോധനക്ക് വിധേയമാക്കി. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രചാരവേലകളെ ചീട്ട് കൊട്ടാരം പോലെ തകര്‍ത്തു. പ്രത്യേക സമയങ്ങളില്‍ നായ്ക്കള്‍ സംഭോഗത്തിലേര്‍പ്പെടുമ്പോള്‍ കാമാസാക്തികൊണ്ട് കടിച്ചുവലിക്കുന്നതാണ് മുഖത്തെ മുറിവുകള്‍ക്ക് കാരണമാകുന്നതെന്നായിരുന്നു വെറ്റിനറി വിദഗ്ദരുടെ കണ്ടെത്തല്‍. നായ്ക്കളുടെ മുഖത്തെ മുറിവുകളൊന്നും ആഴത്തിലുള്ളവയോ, അസ്ഥികള്‍ക്ക് ക്ഷതമേല്‍ക്കുന്ന തരത്തിലുള്ളതോ ആയിരുന്നില്ല. ഉമിനീരുകൊണ്ട് ഉണങ്ങുന്ന തരത്തിലുള്ളതായിരുന്നു മുറിവുകളെന്നുമായിരുന്നു കണ്ടെത്തല്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചരണം ഒരു ജനവിഭാഗത്തെ കുറച്ചുകാലമെങ്കിലും സംശയത്തിന്റെ ദൃഷ്ടിയില്‍ നിറുത്താനായെന്നത് നായ്ക്കളുടെ മുഖത്തെ മുറിവിനെ ഹിഡന്‍ അജണ്ടയുടെ ഭാഗമായെടുത്തവരുടെ വിജയമായി തന്നെ കാണാവുന്നതാണ്.
ആഗോളതലത്തില്‍ ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തീവ്രവാദ പ്രചാര വേലകളുടെ പ്രാദേശിക മുഖമായി നായ്ക്കളുടെ മുറിവേറ്റ മുഖത്തെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അതിനെ കുറ്റം പറയാനാകില്ല. മുസ്ലിം നാമവും, മുസ്ലിം താടിയും തീവ്രവാദത്തിന്റെ ചിഹ്നങ്ങളായി ആഗോളതലത്തില്‍ ഇന്നും നിലനില്‍ക്കുന്നവയാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങളിലേയും, അമേരിക്കന്‍ ഐക്യനാടുകളിലേയും എയര്‍പോര്‍ട്ടുകളില്‍ മുസ്ലിം നാമധാരിയായ സഞ്ചാരിക്ക് ഇന്നും ഗ്രീന്‍ ചാനല്‍ അനുവദിക്കപ്പെടാത്തത് ആഗോളതലത്തിലെ പ്രചാരവേലകളില്‍ ഇന്നും അവശേഷിക്കുന്ന ബാക്കി പത്രങ്ങളാണ്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുല്‍കലാം രണ്ടില്‍ കൂടുതല്‍ തവണ വിദേശ എയര്‍പോര്‍ട്ടുകളില്‍ ദേഹപരിശോധനക്ക് വിധേയമാക്കപ്പെട്ടുവെന്നതും, ഷാറൂഖ് ഖാന് മൈ നൈം ഈസ് ഖാന്‍; ഐ ആം നോട്ട് എ ടററിസ്റ് എന്ന് പറയേണ്ടിവന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.
 സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമാണ് ആഗോളതലത്തില്‍ തീവ്രവാദ പ്രചാരവേലകള്‍ക്ക് പൊതു സ്വഭാവം കൈവരുന്നത്. മുസ്ലിം സമൂഹത്തേയും, ഇസ്ലാമിനേയും ഭീതിയോടെയും, അപരിഷ്കൃതമായും നിലനിറുത്താനും, പരിചയപ്പെടുത്താനും തീവ്രവാദ പ്രചാര വേലകളെ സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. ഇസ്ലാമോ ഫോബിയ എന്ന ചിന്ത കടന്നു വന്നതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. തീവ്രവാദമെന്ന ചിന്താധാരയുടെ മൊത്തം കുത്തക അവകാശം മുസ്ലിം സമുദായത്തിനുമേല്‍ ചാര്‍ത്തി നല്‍കുന്നതില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയം കൊയ്യുകയായിരുന്നു. സാമ്രാജ്യത്വ അധിനിവേശത്തിനുള്ള സുഗമമായ പാതയൊരുക്കുകയെന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. ഇസ്രയേല്‍ ഇടക്കിടെ ഗാസയില്‍ നടത്തുന്ന നരഹത്യക്ക് കാരണമായി ഉന്നയിക്കപ്പെടാറുള്ളതും തീവ്രവാദത്തിനെതിരായ പോരാട്ടമെന്നതാണ്. ഇസ്രയേലിന്റെ മിസൈലുകള്‍ക്കും, തോക്കുകള്‍ക്കും ഇരയാകേണ്ടി വന്ന പിഞ്ചോമനകള്‍ ഏത് തീവ്രവാദത്തിന്റെ വക്താക്കളാണെന്ന മറു ചോദ്യം പലപ്പോഴും നിശബ്ദമായി പോകുന്നത് ലോകത്തിന് മുന്നില്‍ സ്ഥാപിക്കപ്പെട്ട പ്രചാരവേലകളുടെ സ്വാധീനത്തിന്റെ ഭാഗമായാണ്.
എല്ലാ മുസ്ലിംങ്ങളും ഭീകരവാദികളല്ല എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്ലിംങ്ങളാണെന്ന മുന്‍ ലോകസഭ പ്രതിപക്ഷ നേതാവ് എല്‍.കെ.അധ്വാനിയുടെ അതി ഭയനീയ പ്രസ്താവനയാണ് രാജ്യത്തെ തീവ്രവാദ പ്രചാരവേലകള്‍ക്ക് സംഘപരിവാര്‍ ആപ്തവാക്യമായി സ്വീകരിക്കുന്നത്. സംഝോത എക്സ്പ്രസ്സിലേയും, ഹൈദരാബാദ് മക്ക മസ്ജിദിലേയും സ്ഫോടനങ്ങള്‍ മുസ്ലിംങ്ങളുടെ തലയില്‍ കെട്ടിവെക്കാനും, ആദ്യഘട്ടത്തില്‍ പൊതുസമൂഹത്തെ വിശ്വസിപ്പിക്കാനുമായെന്നത് തീവ്രവാദം, ഭീകരത എന്നിവക്ക് നല്‍കിയ വിശദീകരണത്തിന്റെ സ്വാധീനഫലമായിരുന്നു. ഗുജറാത്തിലെ വംശഹത്യയും, ആസാമിലെ വംശവെറിയും ഭീകരതയുടെ മുഖമായി ചിത്രീകരിക്കുന്നതില്‍ ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ കാണിക്കുന്ന നിസ്സംഗത മാപ്പര്‍ഹിക്കാത്തതാണ്.
തീവ്രവാദ പ്രചാരവേലകളുടെ ആഴവും പരപ്പും ബോധ്യമാകുന്നതായിരുന്നു ലൌ ജിഹാദ്. ഇതര സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രേമം നടിച്ച് വശീകരിച്ച് മതം മാറ്റുന്ന മുസ്ലിം യുവാക്കള്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതായിരുന്നു ലൌ ജിഹാദ് എന്ന സുന്ദര നാമത്തിലുള്ള അപസര്‍പ്പക കഥ. സംഘപരിവാര്‍ തൊടുത്തുവിട്ട വിശം ചീറ്റുന്ന തിരക്കഥക്ക് കരുത്തുപകരാന്‍ മാധ്യമ രംഗത്തെ കാരണവ•ാരും കൂടെയുണ്ടായിരുന്നു. പോലീസ് രഹസ്യമായും പരസ്യമായും സമഗ്ര അന്വേഷണം ഇക്കാര്യത്തില്‍ നടത്തുകയും ലൌ ജിഹാദെന്ന സുന്ദര രാക്ഷസനെ മരുന്നിന് പോലും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. മതത്തിന്റെ മതില്‍ കെട്ടുകളെ മാറ്റി നിറുത്തി സൌഹൃദത്തിന്റെ വിശാലതയില്‍ പരസ്പരം നോക്കികണ്ട ആണ്‍ പെണ്‍ ചങ്ങാതിക്കൂട്ടങ്ങളെ ലൌ ജിഹാദെന്ന കുപ്രചരണത്തിലൂടെ അല്‍പ്പകാലത്തേക്ക് അകറ്റി നിറുത്താന്‍ കുപ്രചാരകര്‍ക്ക് സാധിച്ചുവെന്നത് വസ്തുതയാണ്.
മനുഷ്യാവകാശ ലംഘനത്തിന്റേയും, നീതി നിഷേധത്തിന്റേയും ആള്‍ രൂപമാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെന്ന ബോധ്യം ഇല്ലാത്തവരെല്ല കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകര്‍. എന്നിട്ടും ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നുള്ള മഅ്ദനിയുടെ മോചനത്തിനായി ശബ്ദമുയര്‍ത്താന്‍ ഇവരെ പിന്തിരിപ്പിക്കുന്നതിന് പിന്നില്‍ ഭയമായി നിലനിറുത്തുന്നത് കുപ്രചാരകളുടെ പ്രചാരവേലകളാണെന്നതില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പ് സമയത്ത് മഅ്ദനിയെ വേദിയിലിരുത്തിയവര്‍ക്ക് കേള്‍ക്കേണ്ടിവന്ന പഴി ദുസ്വപ്നമായി കൊണ്ടുനടക്കുന്നത് കൊണ്ടാകാം മഅ്ദനിയുടെ മോചനമെന്നത് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജണ്ടയായി മാറാത്തത്. അതല്ല മഅ്ദനിക്ക് വേണ്ടി ശബ്ദിച്ചാല്‍ ശബ്ദമുയര്‍ത്തിയവര്‍ ഭീകരവാദികളായി ചിത്രീകരിക്കപ്പെടുമെന്ന ആശങ്കയാണോ ഇതിന് പിന്നിലെന്നും നിശ്ചയമില്ല.



Comments

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്