ചില മദ്യ കേരള ചിന്തകള്‍
 ദൈവത്തിന്റെ  സ്വന്തം നാടിന്റെ പ്രായം അമ്പത്തിയാറ്  പിന്നിട്ടിരിക്കുന്നു. ബാല്യവും, കൗമാരവും, യുവത്വവും പിന്നിട്ട് പക്വതയുടെ നിറചാര്‍ത്തോടെ നില്‍ക്കേണ്ട ഈ പ്രായത്തില്‍ കൊച്ചു കേരളം സ്വബോധം നഷ്ടപ്പെട്ട് നാലുകാലില്‍ കണ്ണ് മിഴിക്കാനാകാതെ ആടിയാടി നില്‍ക്കുകയാണെന്ന് എല്ലാവരും പറയുമ്പോള്‍ ലജ്ജിച്ച് തല താഴ്‌ത്തേണ്ടിവരികയാണ്. ഓരോ ആണ്ടറുതിയിലും മദ്യ വില്‍പനയുമായി ബന്ധപ്പെട്ട  കണക്ക് പുറത്ത് വരുമ്പോള്‍  വ്യക്തമാകുന്നത്  മലയാളിയും മദ്യവും തമ്മിലുള്ള ഇഴ പിരിയാനാകാത്ത ബന്ധമാണ്.
അമിതമായി ചായകുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് ഉള്‍പ്പെടെ ബോധവല്‍കരണ പരിപാടികള്‍ സക്രിയമായി നിലനില്‍ക്കുന്ന ഉദ്ബുദ്ധതയുടെ ഈ നാടാണ് മദ്യത്തോട്    വേര്‍പിരിയാനാകാത്ത വിധം  അടുത്ത്‌കൊണ്ടിരിക്കുന്നത്. ഓരോ ആഘോഷ സുദിനങ്ങള്‍  പിന്നിടുമ്പോഴും മദ്യ വില്‍പന  സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ്. ആഘോഷങ്ങള്‍  മദ്യപാനത്തിലേക്കുള്ള  ഹരിശ്രീ കുറിക്കപ്പെടുന്ന വിശേഷ നാളുകളായി കേരളത്തിന്റെ കൗമാര ഭാവം തെരഞ്ഞടുത്തിരിക്കുന്നു.
 മദ്യ  വില്‍പന ഓരോവര്‍ഷം പിന്നിടുമ്പോഴും 25 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തുന്നതോടെപ്പം  മദ്യസേവയിലും  അതിനോടുള്ള ഇടപഴകലുകളിലും  വലിയ മാറ്റം മലയാളി ആര്‍ജിച്ചിരിക്കുന്നു. അരയില്‍ തിരുകിയും, കക്ഷത്തൊളിപ്പിച്ചും മദ്യം വാങ്ങിയിരുന്ന ഇന്നലെകളില്‍ നിന്നുമാറി  വിദ്യാര്‍ത്ഥികള്‍ പുസ്തകവും, തൊഴിലാളികള്‍ പണിയായുധവും കയ്യിലേന്തുന്ന പോലെ മദ്യകുപ്പികളെ അഭിമാന സ്തംഭങ്ങളായി  ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ സ്വീകരിച്ചിരിക്കുന്നു. ആഘോഷ ദിവസങ്ങളില്‍ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്ന നീണ്ട നിര ക്യാമറയില്‍ പകര്‍ത്താനെത്തുന്ന  ചാനലുകാര്‍ക്കും, പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കും മുന്നില്‍ മുഖം കൊടുക്കാതെ ദൃശ്യങ്ങള്‍  പകര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച് പ്രതിരോധിച്ചിരുന്നവര്‍ ഇപ്പോള്‍ എത്ര സൗമ്യതയോടെയും, അതിലുപരി  അഭിമാന ബോധത്തോടെയുമാണ് മദ്യകുപ്പികള്‍ ഉയര്‍ത്തിപ്പിടിച്ച് ക്യാമറകള്‍ക്ക്  മുന്നില്‍ വാചാലരാകുന്നത്.  വൈകിട്ടത്തെ പരിപാടി ചോദിച്ച്  മലയാളക്കരയെ മുഴുവന്‍ കള്ളുകുടിയന്മാരാക്കാന്‍ തുനിഞ്ഞിറങ്ങിയ സൂപ്പര്‍താരത്തിന്റെ  സൂപ്പര്‍ ഡയലോഗുകള്‍ തോറ്റു പോകുന്ന  തരത്തിലായിരുന്നു മദ്യശാലക്ക്  മുന്നില്‍ വരിനില്‍ക്കുന്നവരുടെ വാചക കസര്‍ത്ത്.  മതസാഹോദര്യത്തിന്റെയും, ക്ഷമയുടേയും, സഹകരണ മനോഭാവത്തിന്റെയും ജീവിക്കുന്ന മാതൃകകള്‍ ജീവനോടെ കാണാന്‍ ആര്‍ക്കെങ്കിലും കൊതിയുണ്ടെങ്കില്‍ അവര്‍ കേരളത്തിലെ  ഏതെങ്കിലും ബീവറേജസ് ഔട്ട്‌ലെറ്റിന്റെ മുന്നിലെത്തിയാല്‍ മതിയാകും. നാനാമതസ്ഥര്‍ തോളോട് തോളുരുമി, മഴയും വെയിലും കൊണ്ട് കിലോമീറ്ററോളം  ദൈര്‍ഘ്യമുള്ള നീണ്ട നിരയില്‍ അക്ഷമരായി, നിയമപാലകര്‍ക്ക് പണിയുണ്ടാക്കാതെ, തങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തിനായി  കാത്തുനില്‍ക്കുന്നവരെ  മേല്‍ പറഞ്ഞിടത്തല്ലാതെ  ലോകത്തെവിടെയും കാണാനാകില്ല. വിലയെത്ര കൂടിയാലും ഗുണമെത്ര കുറഞ്ഞാലും പ്രതിഷേധിക്കാനോ, പ്രതികരിക്കാനോ മലയാളി തയ്യാറാകാത്ത ഏക ഇടവും ഇതു തന്നെ.
മദ്യപാനി ദൈവരാജ്യത്ത്  പ്രവേശിക്കില്ലന്നും. മദ്യം സകല തിന്മകളുടെയും  മാതാവാണെന്നും, മദ്യം അസുര ചെയ്തിയാണെന്നും  പഠിപ്പിക്കുന്ന വേദഗ്രന്ഥങ്ങളെ ഉള്‍കൊള്ളുന്നവര്‍ ജീവിക്കുന്ന നാട് 
കുടിയന്മാരുടെ  സ്വന്തം നാടായി മാറുന്നുവെന്നത് സങ്കടകരം തന്നെ. മദ്യപാനത്തിന്  അഭിമാനത്തിന്റെ പരിവേഷം ലഭിക്കുന്നുവെന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നു. മദ്യപിക്കാത്തവരെ കൂടെ കൂട്ടാനാകില്ലെന്ന പുതിയ തലമുറയുടെ മാനിഫെസ്‌റ്റോ മദ്യപാനത്തിന്റെ ആദ്യാക്ഷരം കുറിക്കല്‍ ഹൈസ്‌ക്കൂള്‍തലത്തി ലേക്കെത്തച്ചിരിക്കുന്നു. എട്ടാം ക്ലാസുകാരന്റെ ബാഗില്‍ നിന്ന് പുസ്തകത്തോടൊപ്പം  തണുത്തുറഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം മദ്യസംസ്‌കാരത്തെ പുല്‍കാന്‍  തയ്യാറായ  പുതിയ തലമുറയുടെ പരിഛേദമായി വേണം കാണാന്‍ . മുഖം ചുവന്ന് തുടുക്കാനും , ശരീരം തടിച്ച് കൊഴുക്കാനും ബിയര്‍ കുടിക്കുന്നത്  നല്ലതാണെന്ന തെറ്റായ സന്ദേശം മീശ മുളക്കുന്നതിന് മുമ്പെ മദ്യപാനത്തിന്റെ ആദ്യ ചവിട്ടുപടിയിലേക്ക് കാലെടുത്ത് വെക്കാന്‍ വഴിതുറന്നു കൊടുത്തിട്ടുണ്ട്. ബിയര്‍ കുടിച്ച് തുടങ്ങിയവരാരും അതില്‍ തന്നെ തുടരുകയോ, അവസാനിപ്പിക്കുകയോ ചെയ്ത ചരിത്രമില്ലെന്നത്  വസ്തുതയാണ്.
പുതുവത്സരത്തലേന്നും,ഓണത്തിനും കുടിക്കുന്ന മദ്യത്തിന്റെ കണക്കാണ് ചാനലുകള്‍ പ്രൈം ന്യൂസായി പുറത്തുവിടാറുള്ളത്. ചാലക്കുടിയെ പിന്നിലാക്കി കരുനാഗപ്പള്ളി ഒന്നാമതെത്തിയെന്ന  വാര്‍ത്ത ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വാര്‍ത്തക്ക് വേണ്ടിയുള്ള വാര്‍ത്ത എന്നതിനുപരി  സമൂഹത്തിനുള്ള  സന്ദേശമായി മാറാറില്ല. മദ്യരാജാക്കന്മാരില്‍ നിന്ന് ലക്ഷങ്ങള്‍  വാങ്ങി പരസ്യം  നല്‍കാന്‍  സമയവും സ്ഥലവും നീക്കിവെക്കുന്ന മാ ധ്യമുതലാളികള്‍ക്ക് ആഘോഷവേളകളില്‍  പുറത്ത് വിടുന്ന   മദ്യവില്‍പ്പനയുടെ കണക്ക് പുതിയ മദ്യപാനിയെ എങ്ങിനെ സ്യഷ്ടിക്കാമെന്ന തരത്തില്‍  അവതരിപ്പിക്കാനെ ഉപകരിക്കുകയുള്ളു.
മദ്യം വിറ്റ് വരുമാനം  കൂട്ടില്ലെന്ന്  ഭരണത്തിന്റെ തുടക്കത്തില്‍  തന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും സര്‍ക്കാറിന്റെ പുതിയ മദ്യനയം അരക്കുടിയന്മാരെ  മുഴുകുടിയന്മാരും, എട്ടാം ക്ലാസില്‍  മദ്യപാനം തുങ്ങിയ  പുതിയ തലമുറയിലെ ശേഷിക്കുന്നവരെ  അഞ്ചാം ക്ലാസ് മുതല്‍ മദ്യപാനത്തിന്റെ അക്ഷരമാല പഠിപ്പിക്കാന്‍ സാഹചര്യമൊരുക്കുന്നതുമാണെന്ന് പറയാതെ വയ്യ.  തെരഞ്ഞെടുപ്പ്  പ്രചരണ രംഗത്ത്  പണമൊഴുക്കാനും, ജയിച്ചുകയറിയാല്‍ കുഞ്ചികസ്ഥാനങ്ങളില്‍ അവരോധിക്കപ്പെടാനും സഹായം വാരിക്കോരി നല്‍കുന്നവര്‍ അബ്കാരി മുതലാളിമാരും, മദ്യരാജാക്കന്മാരുമായതിനാല്‍ മദ്യത്തില്‍ തൊട്ടുള്ള കളിയൊന്നും  ഏത് നയത്തിന്റെ പേരിലായാലും  ചെയ്യാനാകില്ലായെന്നത് പകല്‍ പോലെ  തെളിച്ചമുള്ളതാണ്. മദ്യം വിഷമാണെന്ന് പഠിപ്പിച്ച നാരായണ ഗുരുവിന്റെ  ശിഷ്യന്മാര്‍ക്ക്  വരെ  നിരോധനമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ കലിയിളകുന്ന കലികാലമാണിത്.
മദ്യമില്ലാതെ എന്താഘോഷം എന്ന നിലയിലേക്ക്  മലയാളി മാറിയിരിക്കുന്നുവെന്നതാണ് പുതിയ കാലത്തിന്റെ വര്‍ത്തമാനം.  ജനനവും, മരണവും, കല്ല്യാണവും, അടിയന്തരവും എന്നുവേണ്ട നാലാള്‍ കൂടുന്നിടത്ത്  മദ്യം അഞ്ചാമനായി  സ്ഥാനം പിടിച്ചിരിക്കുന്നു. മദ്യപിക്കുന്നത് അയോഗ്യതയായി  കല്‍പ്പിക്കുന്നില്ലെന്ന് മാത്രമല്ല  ചെറുപ്പക്കാരുടെ നേരമ്പോക്കായി നിസ്സാരവത്കരിക്കുക കൂടി ചെയ്തിരിക്കുന്നു.  സിനിമ, ക്രിക്കറ്റ് താരങ്ങള്‍ മിനി സ്‌ക്രീനുകളില്‍ മദ്യത്തിന്റെ പ്രചാരകരായി നിറയുമ്പോള്‍ ഊണിലും ഉറക്കിലും ഇവരെ പിന്തുടരുന്ന യുവ സമൂഹം കുടിയന്മാരായില്ലെങ്കിലേ അതിശയപ്പെടാനുള്ളു.  സമൂഹത്തില്‍ തങ്ങള്‍ക്കുള്ള  വിശ്വാസ്യത ഉപയോഗപ്പെടുത്തി താരങ്ങള്‍  മദ്യമെന്ന സാമൂഹ്യവിപത്തിന്റെ  പ്രചാരകവേഷം എടുത്തണിയുന്നത്   തടയാന്‍ സര്‍ക്കാരുകള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ടതാണ്. താരങ്ങള്‍ പൊതു വ്യക്തിത്വങ്ങളാണെന്നത്അവരുംസര്‍ക്കാരും തിരിച്ചറിയണം.സകല മേഖലകളേയും മദ്യം വരിഞ്ഞ്  മറുക്കിയിരിക്കുന്നുവെന്നതില്‍ അതിശയോക്തിയില്ല. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന  വിഭാഗം  മദ്യാസക്തിക്കെതിരെ ക്യാമ്പയിന്‍ പ്രഖ്വാപിച്ചു. ക്യാമ്പയിനിന്റെ  പ്രചാരണകാലം ഇവര്‍ക്ക് പകുതിയായി വെട്ടിച്ചുരിക്കേണ്ടിവന്നു. മദ്യത്തിന്റെ ആസക്തി ബാധിച്ചവര്‍ സംഘടനയുടെ താഴെതലം തൊട്ട്  തന്നെയുണ്ടെന്ന  തിരിച്ചറിവാണ് സമൂഹത്തോടുള്ള പറച്ചില്‍ തല്‍ക്കാലം നിറുത്തിവെക്കാന്‍ ഇവരെ  പ്രേരിപ്പിച്ചത്.
ഇന്ന് രാജ്യത്ത്  ഏറ്റവും  ഉയര്‍ന്ന ശരാശരി മദ്യോപയോഗം കേരളത്തിലാണെന്നത് കണക്കുകളുടെ സാക്ഷ്യമാണ്. മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമുള്ള  കേരളത്തിലാണ് രാജ്യത്തെ മൊത്തം മദ്യവില്‍പ്പനയുടെ 16 ശതമാനവും നടക്കുന്നത്. ഇക്കാര്യത്തില്‍ പരമ്പരാഗതമായി   കടുത്ത മദ്യപാനശീലമുള്ള പഞ്ചാബിനേയും ഹരിയാനയേയും  കേരളം കടത്തിവെട്ടിയിരിക്കുന്നു. ശരാശരി 11 ലിറ്റര്‍  മദ്യം ഒരു വര്‍ഷം മലയാളി  അകത്താക്കുന്നുവെന്നത് കണക്കിന്റെ പിന്‍ബലമുള്ള വസ്തുതയാണ്. ഇതില്‍ ഏഴ് ലിറ്റര്‍ വീര്യം കൂടിയ ഇന്ത്യന്‍ നിര്‍മ്മിത 'വിദേശ 'മദ്യമാണ് കുടിക്കുന്നത്. സാധാരണ ഗതിയില്‍ മദ്യപാന ശീലമില്ലാത്ത സ്ത്രീകളേയും കുട്ടികളേയും  മറ്റ് പുരുഷന്മാരേയും  ഒഴിവാക്കിയാല്‍ കേരളത്തിലെ മദ്യപാനികളുടെ മദ്യ ഉപയോഗത്തിന്റെ ശരാശരി അളവ് 11 ലിറ്റര്‍  എന്നതിന്റെ അഞ്ചിരട്ടിയെങ്കിലും വരും. കേരളത്തിലെ മദ്യപാനികളില്‍ ഏറെയും 35 വയസ്സില്‍ താഴെയുള്ളവരാണ്.  ഭൂരിപക്ഷവും പ്ലസ്ടു കാലഘട്ടത്തില്‍ തന്നെ ഈ ശീലം തുടങ്ങിയവരാണത്രെ.  കഴിച്ചു തുടങ്ങുന്ന പ്രായം പത്ത് വര്‍ഷം മുമ്പ് 17 വയസ്സായിരുന്നുവെങ്കിലും ഇപ്പോഴത് 12 വയസ്സിലേക്കെത്തിയെന്ന  സര്‍വ്വെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. യുവ മദ്യപാനികളില്‍ 42% കടുത്ത മദ്യപാനികളാണത്രെ.  അതായത് 180 മി.ലി  മദ്യത്തില്‍ കൂടുതല്‍ ഒറ്റയിരുപ്പിന് അകത്താക്കുന്നവര്‍. കടുത്ത മദ്യപാനികളില്‍ ഏറെ പേരും രാവിലെ മുതല്‍ തന്നെ മദ്യം കഴിച്ചു തുടങ്ങന്നവരാണ്. തികച്ചും അസാധാരണ പ്രവര്‍ത്തിയായാണ് ഇതിനെ ആരോഗ്യശാസ്ത്രജഞര്‍ കാണുന്നത്. മദ്യം വ്യക്തിയെ വീഴുന്നതിന്റെ തുടക്കമാണിത് .കേരളത്തിലെ മൊത്തം മദ്യപാനികളില്‍ 58% വും കടുത്ത തോതില്‍ മദ്യം കഴിക്കുന്നവരാണ്. ഇവരിലേറെയും  ദിവസകൂലിക്കാരായ  തൊഴിലാളികളും  വിദ്യാര്‍ത്ഥികളുമാണ്. മിതമായ തോതില്‍ മദ്യം കഴിക്കുന്നവര്‍ 34% ആണ്. 3 ദിവസം മുതല്‍ 5 ദിവസം വരെ  മദ്യപിക്കുന്നവര്‍ 23% വരും.  മദ്യം കഴിക്കുന്നത് സാമൂഹികമായോ സാംസ്‌ക്കാരികമായോ തെറ്റ്  കാണാത്തവരാണ് മദ്യപാനികളില്‍ 83% വും. ഓണം, ക്രിസ്തുമസ്, ന്യൂ ഇയര്‍ , തുടങ്ങിയ വിശേഷദിവസങ്ങളിലും, ഹര്‍ത്താല്‍ ദിവസങ്ങളുടെ തലേന്നുമാണ് മദ്യവില്‍പ്പന കേരളത്തില്‍ പൊടി പൊടിക്കുന്നത്. 2009, 2010, 2011 വര്‍ഷങ്ങളില്‍ ഓണനാളുകളിലെ മദ്യ വില്‍പ്പന യഥാക്രമം 132 കോടി ,156കോടി ,236കോടി എന്നിങ്ങനെയാണ്. ബീവറേജ്  കോര്‍പ്പറേഷന്‍ വഴി  വില്‍ക്കപ്പെടുന്ന മദ്യത്തിന്റെ കണക്ക് മാത്രമാണിത്. അല്ലാതെയുള്ള മദ്യത്തിന്റെ വില്‍പ്പന കൂടി കണക്കാക്കിയാല്‍ പുറത്ത് വരുന്ന സംഖ്യയുടെ ഇരട്ടിയിലേറെയായിരിക്കും തുകയുടെ വലിപ്പം. കേരളം എത്രത്തോളം മദ്യത്തില്‍ മുങ്ങിയിരിക്കുന്നുവെന്ന് സൂച്ചിപ്പിക്കാന്‍ പര്യാപ്തമാണ് ഈ കണക്കുകള്‍.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്