കലാകാരനായ കലാപകാരി...
  ഭാവാഭിനയത്തിന്റെ നവരസങ്ങള്‍ പൂര്‍ണതയോടെ ഉള്‍ക്കൊണ്ട് അഭിനയ തികവിന്റെ സര്‍വ്വ മേഖലകളും തന്റേതാക്കി മാറ്റിയപ്പോള്‍ സിനിമയിലെ അനാരോഗ്യ പ്രവണതകളോട് പച്ച മനുഷ്യനെ പോലെ കലഹിച്ച കലാകാരനായ കലാപകാരിയായിരുന്നു മലയാളത്തിന്റെ മഹാനടന്‍ തിലകന്‍. സിനിമയും അഭിനയവും സമൂഹത്തോട് സംവദിക്കേണ്ട സുതാര്യമായ മാധ്യമഘടനയാണെന്ന് തിരിച്ചറിഞ്ഞ തിലകന് സിനിമയുടെ പേരിലുള്ള കോക്കസുകളോട് സന്ധി ചെയ്യാന്‍ ഒരു ഘട്ടത്തിലും സാധിച്ചില്ല. ഉള്ളില്‍ അടക്കിവെച്ച നീരസവും സിനിമാ മേഖലയെ കറകളഞ്ഞതും നീതിയുക്തവുമായ തൊഴില്‍ സംരംഭമാക്കി മാറ്റണമെന്ന അടങ്ങാത്ത മോഹവും പൊട്ടിത്തെറിയുടെയും കലാപങ്ങളുടെയും വഴിയിലേക്ക് തിലകനെ പ്രതിഷ്ഠിച്ചു. തന്റെ യുദ്ധ പ്രഖ്യാപനം താരരാജാക്കന്‍മാര്‍ക്കും സാങ്കേതികപ്രതിഭകള്‍ക്കും എതിരെയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളിലെ ശോഭ തെല്ലും കുറയാതെ നിലനിര്‍ത്തിയത് സ്വയം ആവാഹിച്ചെടുത്ത അഭിനയ തികവിന്റെ പരിപൂര്‍ണതയിലായിരുന്നു. താരസംഘടനയായ അമ്മയും സാങ്കേതിക വിഭാഗമായ ഫെഫ്കയും വിതരണക്കാരുടെ മാക്ടയും ഒരുപോലെ അവഗണനയുടെയും വിലക്കിന്റെയും വഴികള്‍ തിലകന് മേല്‍ ചാര്‍ത്തിയെങ്കിലും ഈ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വബോധം മായുന്നതു വരെ മലയാള സിനിമയുടെ സജീവ സാന്നിധ്യമാവാന്‍ ഈ മഹാനടന് കരുത്തായി മാറിയത് തുല്യതയില്ലാത്ത അഭിനയ ബോധമായിരുന്നു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കാന്‍ തിലകന്‍ കാണിച്ച സൂഷ്മതയും, പച്ചമനുഷ്യന്റെ ഭാവഭേദങ്ങളോടെ കഥാപാത്രങ്ങളെ പൂര്‍ണതയിലെത്തിക്കാനുള്ള മികവും ശക്തരായ എതിര്‍പക്ഷത്തെ പോലും നിഷ്പ്രഭരും നിരായുധരുമാക്കുകയായിരുന്നു. താരസംഘടനയായ അമ്മയോട് പരസ്യമായ നിസഹകരണം പ്രഖ്യാപിച്ചിട്ടും അഭിനയ രംഗത്ത് സജീവതയോടെ പിടിച്ചു നില്ക്കാനായത് പകരം വെക്കാനില്ലാത്ത അഭിനയ ശ്രേഷ്ടതകൊണ്ട് മാത്രമാണ്. തിലകന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മലയാള സിനിമയിലെ താരപ്രഭാവങ്ങളുടെ മൂടുപടം വലിച്ചു കീറുന്നതായിരുന്നു. താരവലയത്തില്‍ ഞെരിഞ്ഞമര്‍ന്ന മലയാള സിനിമയെ സ്വതന്ത്രമാക്കുക എന്ന ദൌത്യമാണ് താന്‍ ഉയര്‍ത്തുന്നതെന്നാണ് തിലകന്റെ വാദം. താന്‍ മുന്നോട്ട് വെച്ച വിമര്‍ശനങ്ങളില്‍ നിന്ന് പിന്നാക്കം പോകുവാനോ മയപ്പെടുത്തുവാനോ അദ്ദേഹം ഒരു ഘട്ടത്തിലും തയ്യാറെടുത്തിരുന്നില്ല. അഭിനയത്തിലൂടെ കഥാപാത്രങ്ങള്‍ക്ക് നല്കുന്ന പരിശുദ്ധിയും പരിപൂര്‍ണതയും പോലെയാണ് തന്റെ നിലപാടുകളെന്ന് തിലകന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. സിനിമാ അഭിനയം ഉണ്ടാക്കിത്തരുന്ന നക്ഷത്ര പരിവേഷത്തില്‍ മതിമറക്കുകയും തങ്ങളുടെ സാമ്രാജ്യ വികാസത്തിന് വേണ്ടി മറ്റുള്ളവരെ ചവുട്ടി മെതിക്കുകയും ചെയ്തിരുന്ന താരഅപ്രമാദിത്വത്തെ തിലകന്‍ എക്കാലവും ചോദ്യം ചെയ്തിട്ടുണ്ട്.  താരസംഘടനയായ അമ്മയോട് തുടക്കം മുതല്‍ അകലം പാലിക്കാന്‍ പ്രേരണയായത് അദ്ദേഹത്തിന്റെ ഈ നിലപാടാണ്. സിനിമയുണ്ടാക്കിത്തരുന്ന സാമൂഹ്യ അംഗീകാരത്തേക്കാള്‍ അഭിനയമെന്ന കലയോടുള്ള ആര്‍ത്തിയായിരുന്നു തിലകനെ നയിച്ചിരുന്നത്. രണ്ടര വര്‍ഷത്തിലേറെ നീണ്ട സിനിമയിലെ വിലക്ക് തിലകനെന്ന നടനെ നിര്‍വീര്യമാക്കാതിരുന്നതും ഇതുകൊണ്ടാണ്. തന്നെ വേണ്ടാത്ത സിനിമയെ തനിക്കും വേണ്ടെന്ന് പ്രഖ്യാപിച്ചു നാടകത്തിന്റെ വഴിയിലേക്ക് തിരിച്ചു നടക്കാനാണ് തിലകന്‍ ഈ കാലഘട്ടം ഉപയോഗപ്പെടുത്തിയത്.
 സിനിമയിലെ വിലക്കിന്റെ കാലം ആലപ്പുഴയിലെ അക്ഷരജ്വാല തീയറ്ററിന് വേണ്ടി തിലകന്‍ അഭിനയിച്ചു തീര്‍ത്തു. 104 വേദികളില്‍ ഊന്നുവടിയുടെ സഹായത്തോടെയായിരുന്നു ഈ മഹാനടന്റെ അഭിനയ പകര്‍ച്ച പ്രകടമായത്. നവരസങ്ങള്‍ മിന്നി മാഞ്ഞ അഭിനയ മൂര്‍ത്തിയുടെ മുഖഭാവങ്ങളെ ഏറെക്കാലം വിലക്കിന്റെ മണിച്ചിത്രത്താഴില്‍ ബന്ധിക്കാന്‍ മലയാള സിനിമക്കായില്ല. ഒരിടവേളക്ക് ശേഷം മലയാളത്തിലെ മുന്‍ നിരക്കാരായ താരങ്ങള്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമൊപ്പം ക്യാമറക്ക് മുന്നില്‍ വേഷപകര്‍ച്ചയോടെ തിലകന്‍ അഭിനയഗുണം പുറത്തെടുത്തു. താന്‍ നേരത്തെ ഉയര്‍ത്തിയ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും തിരുത്തുകയോ, പിന്‍വലിക്കുകയോ ചെയ്യാതെ തന്നെ ഒടുവില്‍ കലാകാരനിലെ കലാപകാരിയായിക്കൊണ്ട് തന്നെ ജീവിതയവനികയിലേക്ക് മായുകയും ചെയ്തു.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്