കൊലപാതകം കമ്മ്യൂണിസ്റ്റ് രീതിയല്ല



പന്ന്യന്‍ രവീന്ദ്രന്‍
(സി പി ഐ സംസ്ഥാന സെക്രട്ടറി)
രാഷ്ട്രീയ പ്രവര്‍ത്തനം സമൂഹ നന്മക്കും പുരോഗതിക്കുമുള്ളതാണ്. സമാധാന അന്തരീക്ഷത്തിലും വിനയാന്വിതമായും ചെയ്തുതീര്‍ക്കേണ്ട ഒന്നാണത്. ആശയങ്ങള്‍ ബോധ്യപ്പെടുത്തിയായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. ഈ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ആര്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. തങ്ങളുടെ ആശയത്തോടൊപ്പം നിന്നില്ലെന്നതിനാല്‍ കൊലപാതക രാഷ്ട്രീയത്തിലൂടെ മറുപടി നല്കുന്നത് കാടത്തമാണ്.
കൊലപാതക രാഷ്ട്രീയം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനോട് യോജിക്കാനാകില്ല. അത് ഏത് രാഷ്ട്രീയകക്ഷി ചെയ്താലും തെറ്റാണ്.
ടി പി ചന്ദ്രശേഖരന്‍, ഫസല്‍, ശുക്കൂര്‍, അനീഷ് രാജന്‍ ഏറ്റവുമൊടുവില്‍ കാസര്‍ക്കോട്ടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ മനോജ്കുമാര്‍ വരെയുള്ള സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളും ദു:ഖത്തിന്റെയും ദുരന്തത്തിന്റെയും കഥയാണ് പറയുന്നത്. ഏത് രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനും ജനാധിപത്യ സമൂഹമെന്ന നിലയില്‍ പൗരന് അവകാശമുണ്ട്, അധികാരമുണ്ട്. ഇത് ഹനിക്കാന്‍ പാടില്ല. ഭീകരവാദത്തിനെതിരെ സ്വീകരിക്കുന്ന നടപടിയാണ് രാഷ്ട്രീയ ആശയങ്ങള്‍ മാറി സ്വീകരിച്ചുവെന്ന കാരണത്താല്‍ നടപ്പാക്കുന്നത്. ഇത് ആവര്‍ത്തിക്കപ്പെടരുത്. വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ആവശ്യം. എന്നാല്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ അവരുടെ വീക്ഷണത്തിനനുസരിച്ചാണ് കൊലപാതക രാഷ്ട്രീയത്തെ കൈക്കാര്യം ചെയ്യുന്നത്. തങ്ങള്‍ക്കിഷ്ടമുള്ളവരാണ് കൊല നടത്തിയതെങ്കില്‍ അതിനെ പുണ്യകൊല എന്ന രീതിയില്‍ എടുക്കുകയും മറുപക്ഷമാണെങ്കില്‍ മുതലെടുപ്പിന്റെ രാഷ്ട്രീയം സ്വീകരിക്കുകയും ചെയ്യുന്നു.
യു ഡി എഫ് സര്‍ക്കാര്‍ കൊലപാത രാഷ്ട്രീയത്തെ എങ്ങനെ വോട്ടാക്കി മാറ്റാം എന്നതിനെ കുറിച്ചാണ് ഗവേഷണം നടത്തുന്നത്. കൊലപാതകത്തെ കൊലപാതകമായി കാണാതെ രണ്ട് രീതിയില്‍ ഇതിനെ കാണുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏറ്റവും ഒടുവില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. ടി പി ചന്ദ്രശേഖരന്‍, അരിയില്‍ ശുക്കൂര്‍, തലശ്ശേരിയിലെ ഫസല്‍ കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച കാര്‍ക്കശ്യവും ശക്തമായ നടപടികളും കുനിയില്‍ ഇരട്ടക്കൊലപാതക കേസിലും അനീഷ് രാജന്‍, മനോജ് കുമാര്‍ വധത്തിലും ഉണ്ടായില്ല. കുനിയില്‍ കൊലപാതകത്തില്‍ മുസ്്‌ലിംലീഗ് എം എല്‍ എ പ്രതിചേര്‍ക്കപ്പെട്ടിട്ടും ഇദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇഷ്ടമുള്ളവരെ സംരക്ഷിച്ചും പ്രതിയോഗികളെ ക്രൂശിച്ചുമുള്ള നിലപാടുകളിലൂടെ രാഷ്ട്രീയ കൊലപാതകമെന്ന സാമൂഹ്യ വിപത്തിനെ തുടച്ചുനീക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയണം. രാഷ്ട്രീയത്തിനും വോട്ടുബാങ്കിനും ഇടം നല്കാതെ മുഖംനോക്കാതെയുള്ള നടപടിയാണ് ഇക്കാര്യത്തില്‍ വേണ്ടത്. 
നല്ല ജീവിതവും സമാധാനവുമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കൊലയാളികളെ സൃഷ്ടിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുകയെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയല്ല. എല്ലാ കൊലപാതകങ്ങള്‍ക്കും പാര്‍ട്ടി എതിരാണ്. മനുഷ്യസ്‌നേഹമാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്. ഒരു കൊലപാതകത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത് കുടുംബത്തിന്റെയും നാടിന്റെയും കണ്ണുനീര്‍ മാത്രമാണ്. ഭാര്യമാര്‍ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും അനാഥത്വവും തീരാദു:ഖവും സമ്മാനിക്കാന്‍ മാത്രമേ ഇതിലൂടെ സാധിക്കൂ. കൊലപാതകങ്ങളിലൂടെ ഒരു ആശയവും വളരില്ല. കൊലപാതകം അരുത് എന്ന മുദ്രാവാക്യം ഉയരേണ്ടതുണ്ട്. പക്ഷികളെ വേട്ടയാടാന്‍ ശ്രമിച്ച കാട്ടാളന്മാര്‍ക്കു മുന്നില്‍ മാനിഷാദ പാടിയ നാടാണിത്. കൊല്ലരുത് കാട്ടാളാ എന്ന് പാടിയ അതേ സ്വരത്തിലും തീവ്രതയിലും മാ രാഷ്ട്രീയക്കാരാ; അരുത് രാഷ്ട്രീയക്കാരാ എന്ന് വിളിച്ചു പറയേണ്ട സമയമാണിത്. ഇതിനായി എല്ലാ രാഷ്ട്രീയക്കാരും ഒരുമിച്ച് മുന്നോട്ടു വരേണ്ടതുണ്ട്. കൊലപാതകത്തിന് ഞങ്ങളില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ഞങ്ങളുടെ പിന്തുണയുണ്ടാവില്ലെന്ന് ഒരേ മനസ്സോടെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇനിയൊരു ഭാര്യയുടെയും ഒരൊറ്റ മക്കളുടെയും ഒരു പിതാവിന്റെയും മാതാവിന്റെയും കണ്ണുനീര്‍ ഞങ്ങള്‍ കാരണം പൊഴിയില്ലെന്ന് പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. മാനമായി ജീവിക്കാന്‍, സമാധാനപരമായി പൊതുപ്രവര്‍ത്തനം നടത്താന്‍ സാഹചര്യമൊരുക്കിയാല്‍ വോട്ടുനേടാന്‍ മറ്റൊരു തടസ്സവുമുണ്ടാവില്ല. അധികാരത്തിലെത്താനും പാര്‍ട്ടി വളര്‍ത്താനും ഇത് സഹായകമാവുകയും ചെയ്യും.
കൊലപാതക അക്രമ രാഷ്ട്രീയങ്ങളില്‍ സി പി ഐയുടെ കൈ പരിശുദ്ധമാണ്. ഇത്തരം രീതികള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കാനും രംഗത്തുവരുവാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുഖം നോക്കേണ്ടതില്ല. അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നത് പൊതുസമൂഹത്തിന്റെ ആഗ്രഹമാണ്. നാടും നാട്ടുകാരും വെറുക്കുന്ന പ്രവര്‍ത്തന രീതി കയ്യൊഴിയാന്‍ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മടിക്കുന്നതെന്തിന്.
സ്വയം മാറാന്‍ സന്നദ്ധമായില്ലെങ്കില്‍ കര്‍ശന നടപടികളിലൂടെ തിരുത്തിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകേണ്ടതുണ്ട്. അതിക്രമങ്ങള്‍ക്കെതിരായ നടപടിയില്‍ രാഷ്ട്രീയ പക്ഷപാതിത്വമുണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണ്.
രക്തം ചിന്തി ജീവന്‍ വെടിയേണ്ടി വരുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായാലും ഇവര്‍ കുടുംബത്തിനും നാടിനും നല്കുന്ന നഷ്ടം നികത്തപ്പെടാത്തതാണ്. ആശയങ്ങളുടെ പേരില്‍ കൊന്നു തള്ളുന്നവര്‍ക്ക് പ്രതിയോഗിയുടെ ജീവനെടുത്താലുണ്ടാകുന്ന നഷ്ടം നികത്താനാകാറില്ല. നികത്തപ്പെടാനാകാത്തത് കവര്‍ന്നെടുക്കാന്‍ പൊതുസമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും തയ്യാറാകരുത്. രാഷ്ട്രീയത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ പട്ടിക മനോജ്കുമാര്‍ വരെ എത്തിനില്‍ക്കുമ്പോള്‍ ഇനി താഴോട്ട് മറ്റൊരുപേര് കൂടി ചേര്‍ക്കാന്‍ അവസരം ഒരുക്കില്ലെന്ന് പറയേണ്ടവര്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ്. സമാധാനപൂര്‍ണ്ണ സമൂഹം ആഗ്രഹിച്ച് എല്ലാ രാഷ്ട്രീയക്കാരും ഒരുമിച്ച് മുന്നോട്ടുവരേണ്ടതുണ്ട്. ഇനിയും സന്നദ്ധമല്ലെങ്കില്‍ മാനിഷാദ എന്ന് പാടിയ നമ്മുടെ നാട് മാ രാഷ്ട്രീയക്കാരാ എന്ന് മാറ്റിപ്പാടും.
(തയ്യാറാക്കിയത്: കെ വി നദീര്‍)

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്