രണഭൂമിയിലെ പെണ്‍വീര്യം


സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഇതിഹാസ വനിത ക്യാപ്റ്റന്‍ ദീദിക്ക് ആനക്കര വടക്കത്ത് തറവാട്ടിന്റെ സല്യൂട്ട്. സ്വാതന്ത്ര്യ സമരത്തിന്റെ രണമുഖങ്ങളില്‍ പെണ്‍പടയുടെ കരുത്തായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മി ഇനി ഓര്‍മകളുടെ പോരാട്ട ഭൂമിയില്‍ തിളങ്ങുന്ന നക്ഷത്രമായിരിക്കും.2005ല്‍, അവസാനമായി ആനക്കരയിലെ വടക്കത്ത് തറവാട്ടിലെത്തിയപ്പോള്‍ സഹോദരി സുശീലാമ്മയോട് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന യാത്രാ മൊഴിയോടെയാണ് കാണ്‍പൂരിലേക്ക് പോയത്. എന്നാലിപ്പോള്‍, ആനക്കര തറവാട്ടിലെ ഏക ബന്ധു സുശീലാമ്മ, രാജ്യത്തിനുവേണ്ടി പെണ്‍കരുത്തായി നിറഞ്ഞുനിന്ന തന്റെ പ്രിയ ലക്ഷ്മികുട്ടി മരണത്തിന് കീഴടങ്ങിയ വിവരമറിയാതെ വാര്‍ധക്യ സഹചമായ രോഗങ്ങളാല്‍ അബോധാവസ്ഥയില്‍ കഴിഞ്ഞുകൂടുകയാണ്.

1914ല്‍ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി ആനക്കര വടക്കത്ത് തറവാട്ടില്‍ ജനിച്ച ലക്ഷ്മി ജന്‍മനാടിനോട് എക്കാലത്തും അടുത്ത ബന്ധം വെച്ചു പുലര്‍ത്തിയിരുന്നു. വര്‍ഷങ്ങളായി കാണ്‍പൂരില്‍ കുടുംബസമേതം താമസമാക്കിയ ഇവര്‍ ഇടയ്ക്കിടെ ജന്മനാടിനെയും വീട്ടുകാരെയും കാണാനെത്തിയിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ വിപ്ലവ മുന്നേറ്റങ്ങളുടെ കഥ തറവാട്ടിലെത്തുമ്പോള്‍ പിന്‍ തലമുറകള്‍ക്ക് കൈമാറാന്‍ അവര്‍ പ്രത്യേക താല്പര്യം കാണിച്ചു.
സുഭാഷ് ചന്ദ്രബോസിന്റെ പട്ടാളത്തില്‍ പെണ്‍പടയുടെ കരുത്തായിരുന്ന ലക്ഷ്മി അക്കാലത്തെ അനുഭവങ്ങള്‍ തറവാട്ടിലെത്തുന്നവരുമായി പങ്കുവെക്കാന്‍ പ്രത്യേക സമയം കണ്ടെത്തിയിരുന്നു.

ക്യ്ാപ്റ്റന്‍ ലക്ഷ്മിയുടെ വളര്‍ച്ചയും പഠനവും മദിരാശയിലായിരുന്നു. അമ്മ അമ്മു സ്വാമിനാഥന്റെ രാഷ്്ട്രീയ സാഹചര്യങ്ങള്‍ മകള്‍ ലക്ഷ്മിയെയും ആ മേഖലയിലേക്ക് ആകര്‍ഷിപ്പിച്ചു. രണ്ടുതവണ മദിരാശി അസംബ്ലിയിലേക്കും ഒരു തവണ ലോക്‌സഭ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട അമ്മു സ്വാമിനാഥന്റെ വീട് രാഷ്ട്രീയ ചതുരംഗങ്ങളുടെ സര്‍വകലാശാലയായിരുന്നു. ലക്ഷ്മി മദിരാശിയില്‍ പഠിക്കുന്ന കാലത്താണ് ഭഗത് സിംഗിനെ തൂക്കിക്കൊലുന്നത്. ഇതില്‍ പ്രതിഷേധിച്ച് രാജ്യം ഇളകി മറിഞ്ഞപ്പോള്‍ ആ വികാരത്തില്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മിയും പങ്കാളിയായി. ഇതോടെ ലക്ഷ്മി കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തില്‍ സജീവ പ്രവര്‍ത്തകയായി.
ലക്ഷ്മിയെ സ്വതന്ത്ര കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത് സ്വന്തം പിതാവാണെങ്കിലും വിപ്ലവ പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ചത് സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനിയും അവരുടെ ഭര്‍ത്താവ് എ സി നാരായണന്‍ നമ്പ്യാരുമാണ്. സുഭാഷ് ചന്ദ്രബോസിന്റെ നിര്‍ദ്ദേശത്തിലാണ് ഡോക്്ടറായിരുന്ന ലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ സേനാ വ്യൂഹം ഉണ്ടായത്. ഏകദേശം ആയിരം സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക സേന വിഭാഗത്തിന്റെ ചുമതല ലക്ഷ്മിക്കായിരുന്നു. അങ്ങിനെ ഡോക്ടര്‍ ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായി.
ഇതിനിടയില്‍ ജയിലിലുമായി. 

തന്റെ ആശുപത്രിയിലെത്തുന്ന അശരണര്‍ക്കും നിര്‍ധനരായ രോഗികള്‍ക്കും ആശ്വാസമേകി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ ജീവിതത്തിന്റെ സായാഹ്ന ഘട്ടത്തിലും പ്രസരിപ്പോടെ നിലകൊണ്ടു. ഇടതുപക്ഷ ചേരിയില്‍ ശക്തമായി നിലകൊണ്ട ഇവര്‍ രാഷ്ട്രപതിയായി മത്സരിക്കുകയും ചെയ്തു. 97-ാം വയസില്‍ ഇതിഹാസ തുല്യമായ പോരാട്ട ജീവിതത്തിന് തിരശീലയിടുമ്പോള്‍ രാജ്യത്തോടൊപ്പം ആനക്കര വടക്കത്ത് തറവാടും ക്യാപ്റ്റന്‍ ലക്ഷ്മിക്ക് വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണ്.
 

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്