സൌഹൃദത്തിന്റെ പൊന്നാനി മോഡല്‍
പുഴയും, കടലും, കായലും, കനാലും ചുറ്റപ്പെട്ട പൊന്നാനി വിവിധ സംസ്ക്കാരങ്ങളുടെ സംഗമഭൂമിയാണെന്ന് പറഞ്ഞാല്‍ അതിശയോക്തമല്ല. എന്തിനേയും ഉള്‍ക്കൊള്ളാനും, വിശാലതയോടെ സ്വീകരിക്കാനും പൊന്നാനിക്ക് പണ്ട് മുതലേ സാധിച്ചിട്ടുണ്ട്. സാംസ്ക്കാരിക പ്രഭാവം തിളങ്ങി നിന്ന പൊന്നാനിയുടെ ഭൂമിക കൈരളിയുടെ മുഖശ്രീയായിരുന്നു. ഇടശ്ശേരിയും, ഉറൂബും, കടവനാട് കുട്ടികൃഷ്ണനും, ഭട്ടതിരിപ്പാടും, അക്കിത്തവും പൊന്നാനിയുടെ സാംസ്കാരിക മുഖത്തിന് തിളക്കമേകി. മതവിജ്ഞാന രംഗത്ത് പൊന്നാനി ലോകത്തിന് നല്‍കിയ വെളിച്ചം മലബാറിന്റെ മക്കയെന്ന സ്ഥാനപ്പേരിന് അര്‍ഹമാക്കി. ലോകത്തിന് മുന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന സൈനുദ്ധീന്‍ മഖ്ദൂം തന്റെ സംഭാവനകള്‍ക്ക് വിത്തിട്ടതും, വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചതും പൊന്നാനിയുടെ മണ്ണില്‍ നിന്നു തന്നെ. വവിധ മതവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടം മതസൌഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായാണ് വിശേഷിപ്പിക്കപ്പെടാറ്. വാണിജ്യ വ്യാപാരരംഗത്ത് ചരിത്രത്തിന്റെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ട ഒരു തുറമുഖവും ഇവിടെയുണ്ട്. പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശ കാലത്ത് മലബാറിന്റെ ഗേറ്റ് ഓഫ് വേ ആയിരുന്ന പൊന്നാനി തുറമുഖം ബലി പെരുന്നാളിന് മറ്റൊരു ചരിത്രത്തിന് കൂടി സാക്ഷ്യം വഹിച്ചു. സൌഹൃദവും, സാഹോദര്യവും നെഞ്ചേറ്റി ശീലമുള്ള പൊന്നാനിയുടെ മണ്ണില്‍ നടന്ന സംയുക്ത പെരുന്നാള്‍ നമസ്കാരത്തിന് വേദിയായത് തുറമുഖത്തെ മണല്‍ പരപ്പായിരുന്നു. മനുഷ്യ സൌഹൃദമെന്ന വിശാല കാഴ്ചപ്പാടിന് വഴി തുറക്കുന്നതായിരുന്നു സംയുക്ത പെരുന്നാള്‍ നമസ്ക്കാരത്തിനായി സംഘടിപ്പിക്കപ്പെട്ട തുറമുഖത്തെ ഈദ് ഗാഹ്.
അഭിപ്രായ ഭിന്നതകളും, ആദര്‍ശ വിയോജിപ്പുകളും നിലനിറുത്തികൊണ്ട് യോജിക്കാവുന്ന മേഖലകളില്‍ എങ്ങിനെ ഒത്തൊരുമയോടെ നിലനില്‍ക്കാമെന്നതിന്റെ നേര്‍ ചിത്രമായിരുന്നു സംയുക്ത ഈദ് ഗാഹ്. യാതൊരു വിധ പ്രതികൂല സാഹചര്യങ്ങളോ, അടിച്ചേല്‍പ്പിക്കലുകളോ ഇല്ലാതെയാണ് പൊന്നാനിയില്‍ ഇത്തരമൊരു സൌഹൃദ കൂട്ടായ്മ ഒരുക്കിയതെന്നത് ഏറെ ശ്രദ്ദേയമാണ്. വ്യത്യസ്ത കേന്ദ്രങ്ങളില്‍ എല്ലാവിധ സൌകര്യങ്ങളോടും കൂടെ നടത്തി വന്നിരുന്ന ഈദ് ഗാഹുകളാണ് ഒരൊറ്റ കമ്മിറ്റിക്ക് കീഴില്‍ സംയുക്ത രൂപത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നത്. ഏതാനും വ്യക്തികള്‍ മുന്നോട്ട് വെച്ച ഈ ആശയത്തെ ലാഭ നഷ്ടങ്ങള്‍ നോക്കാതെ സ്വീകരിക്കാന്‍ തയ്യാറായ സംഘടനകളെ അഭിനന്ദിക്കാതെ തരമില്ല. വിമര്‍ശനങ്ങളുടെയും, വിയോജിപ്പുകളുടേയും വഴികള്‍ കൊട്ടിയടച്ചായിരിക്കണം സൌഹൃദങ്ങളുടെ ഐക്യരൂപങ്ങള്‍ സ്ഥാപിക്കേണ്ടതെന്നത് മനുഷ്യ സഹചമല്ല. വിയോജിപ്പുകളെ നിലനിറുത്തി കൂട്ടായ്മകള്‍ യാഥാര്‍ത്ഥ്യമാകുപോള്‍ പുലരുന്നത് മനുഷ്യ സാഹോദര്യത്തിന്റെ നേര്‍ ചിത്രങ്ങളാണ്. പൊന്നാനി തുറമുഖത്തെ പെരുന്നാള്‍ നമസ്കാരത്തില്‍ ദൃശ്യമായത് അതായിരുന്നു. മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ നിലനില്‍ക്കുന്ന വിജോയിപ്പുകളെ നിലനിറുത്തി കൊണ്ടു തന്നെയായിരുന്നു ഈ സൌഹൃദസംഗമം സാധ്യമാക്കിയത്. ഡോ.അബ്ദുല്ല ബാവ, സി.വി.അബു സാലിഹ്, ജാവ അഷ്റഫ് എന്നിങ്ങനെ മൂന്ന് വ്യക്തികള്‍ മുന്നോട്ടു വെച്ച ആശയത്തെ രണ്ട് പ്രമുഖ മുസ്ളിം സംഘടനകള്‍ സ്വീകരിക്കുവാനും, ഇവര്‍ ഒരുമിച്ച് നടത്തിയ ആഹ്വാനം കലര്‍പ്പില്ലാതെ സമൂഹം ഉള്‍കൊള്ളാനും തയ്യാറായി എന്നത് ശുഭസൂചനയായാണ് കാണേണ്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറായിരത്തില്‍ പരം ആളുകള്‍ സംയുക്ത ഈദ് ഗാഹിന്റെ ഭാഗമാകാന്‍ പൊന്നാനി തുറമുഖത്തെത്തി. ആശയപരമായ ഭിന്നതകള്‍ നിലനിറുത്തി പൊതു വിഷയങ്ങളിലുള്ള ഐക്യപ്പെടല്‍ സമൂഹം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് പൊന്നാനി തുറമുഖത്തെത്തിയ ഈ ജനസാഗരം.
സംഘടന സങ്കുചിതത്തം മനസ്സുകളെ ചുരുക്കികളയുന്നുവെന്ന ആക്ഷേപം തകര്‍ത്തെറിയുന്നതായിരുന്നു സംയുക്ത ഈദ് ഗാഹിന്റെ സംഘാടനം. വിത്യസ്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തോളോടു തോളുരുമ്മി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങി. ക്രിയാത്മകവും, ശാസ്ത്രീയവും, ആസൂത്രിതവുമായിരുന്നു ഈദ് ഗാഹിനുള്ള ഒരുക്കങ്ങള്‍. സംഘടന സംവിധാനങ്ങളില്‍ നിന്ന് എന്നും അകലം പാലിച്ചവര്‍ ഈ സംരംഭവുമായി യോജിച്ച് പ്രവര്‍ത്തിച്ചു. കാലാവസ്ഥ പലഘട്ടങ്ങളിലും പ്രതികൂല സാഹചര്യം സൃഷ്ടിച്ചെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ഓരോ പ്രവര്‍ത്തകനും സ്വയം പാകപ്പെട്ടു. അഭിപ്രായ ഭിന്നതകളെ സഹിഷ്ണുതയോടെ ഉള്‍കൊള്ളാനും, ക്രിയാത്മകമായ പ്രതികരണങ്ങളിലൂടെ ഉദ്ബുദ്ധത നിലനിറുത്താനും സംഘടന പ്രവര്‍ത്തകരെ പരിപവര്‍ത്തിപ്പിക്കുന്നതായിരുന്നു പൊന്നാനിയിലെ സംയുക്ത ഈദ് ഗാഹ്.
എന്നെ പോലെയുള്ള പ്രവാസികള്‍ക്ക് ഇതൊരു വലിയ നഷ്ടമാണ്...ഇന്ശാ അല്ലാഹ് അടുത്ത കൊല്ലവും ഇനിയുള്ള എല്ലാ കൊല്ലവും ഒന്നിച്ചുള്ള ഈദ് ഗാഹില്‍ പങ്കെടുക്കുവാന്‍ പടച്ചോന്‍ തൌഫിഖ് നല്‍കട്ടെ... ആമീന്‍
ReplyDelete