സ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍...................


ഒരു കുടവയറന്‍ എ.സി.പിയുടെ ഉന്നമില്ലാ വെടികളെ പാശ്ചാത്തലമാക്കി ഇങ്ങിനെയൊരു സിനിമ ചെയ്യാന്‍ സാധിച്ചത് മഹാഭാഗ്യമായാണ് ആസ്വാദക സമൂഹം വിലയിരുത്തുന്നത്. ഇത്തരം സിനിമകള്‍ ഇനിയും പിറന്നാല്‍ ചൂണ്ടുവിരലില്‍ മഷി പുരളാന്‍ ഭാഗ്യം ലഭിച്ചവര്‍ കൃതാര്ത്തരാകും. ഉന്നമില്ലാ വെടിയുടെ പേരില്‍ സ്പീക്കറുടെ ഡയസ്സിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന സീന്‍ എറെ പാടുപെട്ടാണ് ചിത്രീകരിച്ചത്. സുരക്ഷ വലയം തീര്‍ത്ത ഉദ്യോഗസ്ഥന്റെ തൊപ്പി തട്ടിമാറ്റുന്നതും, വനിത ഉദ്യോഗസ്ഥക്കെതിരെ കയ്യേറ്റം നടന്നതായി വരുത്തുന്നതുമൊക്കെ അഭ്രപാളിയിലെത്തിച്ചത് ക്യാമറ ടെക്നിക്കിന്റെ ആധുനിക രീതികള്‍ ഉപയോഗപ്പെടുത്തിയാണ്. അതേ ഷോട്ടില്‍ ചിത്രീകരിച്ച യുവജന വിപ്ളവ നേതാവിന്റെ കരച്ചിലിന് മാറ്റ് കൂട്ടാന്‍ ഗ്ളിസറിന്‍ വാങ്ങിയതിന് കണക്കില്ലത്രെ. കരച്ചില് ഓവറായെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലെങ്കിലും, വിപ്ളവ പ്രസ്ഥാനത്തിന്റെ നേതാവായതിനാല്‍ ഇത്രയുമാകാമെന്നാണ് സിനിമ രംഗത്തെ വചക്ഷണരുടെ അഭിപ്രായം. തൊട്ടടുത്ത സീനിലെ സ്പീക്കറുടെ റൂളിംഗും അനുബന്ധ സംഭവങ്ങളും തിരക്കഥയുടെ മികവ് പ്രകടമാക്കുന്നതായിരുന്നു. ഇതിനിടയിലാണ് കടത്തനാടന്‍ കളരിയുടെ പുനരാവിഷ്കാരം ത•യത്തത്തോടെ അവതരിപ്പിക്കപ്പെട്ടത്. ഇടതുകാല് പതിച്ചുവെച്ച് വലത് കാല് മേല്‍പ്പോട്ടുയര്‍ത്തി നെഞ്ചകം പിളര്‍ക്കുമാറ് ആഞ്ഞ് ചവിട്ടുന്ന സീന്‍ ഒറ്റ ഷോട്ടില്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതിയായിരുന്നു പിന്നണി പ്രവര്‍ത്തകര്‍ക്ക്. പൊതുവെ സൌമ്യനായ ഈ മന്ത്രി ആര്‍ട്ടിസ്റിന്റെ മെയ് വഴക്കം കണ്ട് ഒപ്പമുള്ളവര്‍ അന്തം വിട്ട് നിന്നപ്പോള്‍ ചിലര്‍ക്ക് സംശയം മന്ത്രി കാല് പൊക്കിയപ്പോള്‍ അര്‍ദ്ധ നഗ്നനായോ എന്നതായിരുന്നു. നഗ്നത പ്രകടമാക്കല് കുറ്റമോ കുറവോ അല്ലാത്തതിനാല്‍ രണ്ടാമതൊരു ടേക്കിനു നിന്നില്ല. സഭാ നടുത്തളത്തില്‍ സത്യാഗ്രഹമിരിക്കലാരംഭിച്ചതോടെ സിനിമ ഇടവേളയിലേക്ക് കടന്നു.
രണ്ടാം പകുതി ആരംഭിച്ചത് കിടിലന്‍ ഡയലോഗോടെ. സിറ്റി പോലീസ് കമ്മീഷണര്‍ ഭരത് ചന്ദ്രന് ഐ.പി.എസ്സിനെ അസിസ്റ് ചെയ്ത് പ്രവര്‍ത്തന പാരമ്പര്യമുള്ള അച്ഛന്റെ മകന് മന്ത്രികുമാരന്റെ വകയായിരുന്നു സൂപ്പര്‍ ഡയലോഗ്. കേട്ടിരുന്നവരെ കോരിത്തരിപ്പിച്ച വാക് ശരങ്ങള്‍ പഴയ ഡയലോഗുകാരന്റെ മണ്ടക്കിട്ടായിരുന്നു. സഭ്യതയുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു ഡയലോഗെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയപ്പോള്‍ കാലങ്ങളായി സഭയില്‍ ഇരിപ്പുറപ്പിച്ചവരുടെ മറുവാദം. പത്തനാപുരത്തെ സിനിമാ മന്ത്രിയുടെ സൂപ്പര്‍ ഡയലോഗിനെ കടത്തി വെട്ടുന്ന ഭാഷാ പ്രയോഗങ്ങള്‍ കാരണവരുടെ ഭാഗത്ത് നിന്നും പലതവണ സഭയ്ക്കകത്തു തന്നെ ഉണ്ടായതായി ഇവര്‍ പറയുന്നു. കാരണവര്‍ ഇങ്ങനെയാണെങ്കില്‍ ബാക്കിയുള്ളവരും മോശക്കാരാകില്ലല്ലോ. സൂപ്പര്‍ ഡയലോഗുകളുടെ കൂട്ടത്തില്‍ മന്ത്രി കുമാരനോടൊപ്പം സഭയിലെ വി.ഐ.പി യുമുണ്ട്. മികച്ചതേതെന്ന് തിരഞ്ഞെടുക്കാന്‍ ജൂറിയംഗങ്ങള്‍ക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും. സ്ഫുടതയും, ഗാംഭീര്യവും, വേഗതയും സമം ചേര്‍ത്തുള്ള പത്തനാപുരം ഡയലോഗുകള്‍ പ്രേക്ഷകരെ അനുഭൂതിയുടെ മുള്‍മുനയിലെത്തിച്ചു. സാംസ്കാരിക കേരളത്തിന്റെ ഭാവി പ്രതീക്ഷകളാണിവരെന്ന് പ്രേക്ഷകസമൂഹം ഒന്നിച്ച് വിധിയെഴുതി. ഡയലോഗ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ വിശദീകരണവുമായെത്തിയ അച്ഛന്റെ മകന് അഭിനയത്തിന്റെ സകല ഭാവങ്ങളും ഒരുമിച്ച് പുറത്തെടുത്തു. നവരസങ്ങള്‍ മുഖത്ത് മിന്നി മാഞ്ഞു. ഞാനും ഒരു മകനാണെന്ന വാക്കുകള്‍ മുഴുവന്‍ പ്രേക്ഷകരെയും കണ്ണീരണയിച്ചു. ഇടവേളയ്ക്കു മുമ്പത്തെ ഷോട്ടില്‍ വിപ്ളവ യുവജന നേതാവിന്റെ വാവിട്ടു കരച്ചില് ഇതോടെ ഒന്നുമല്ലാതായി. സിനിമാ മന്ത്രിയുടെ പെര്‍ഫോമന്‍സ് കണ്ട് ഒട്ടേറെ സംവിധായകര്‍ തിയ്യതി ചോദിച്ച് സെക്രട്ടേറിയറ്റിലെത്തിയതായാണറിവ്. മന്ത്രിസഭയെ കുളിപ്പിച്ച് കിടത്തിയ ശേഷം വൈകാതെ തന്നെ ഡേറ്റ് തരാമെന്നാണ് സെക്രട്ടേറിയറ്റില്‍ നിന്നും അറിയിച്ചതത്രെ. ഇത്തരത്തിലുള്ള സൂപ്പര്‍ ഡയലോഗുകള്‍ ഒന്ന് രണ്ട് തവണ കൂടി ആവര്‍ത്തിച്ചാല്‍ ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വല്ലാതെ താമസമുണ്ടാകില്ല. സിനിമ തുടരട്ടെ. ഇനി കാര്യത്തിലേക്ക് വരാം.
ജനാധിപത്യം, നിയമസഭ, മന്ത്രി, എം.എല്‍.എ എന്നതൊക്കെ അത്യാധരവോടും, ബഹുമാനത്തോടും കാണേണ്ട സംഗതികളാണ്. നിയമസഭ കാലച്ചന്തകളേക്കാള് മ്ളേച്ചമാവുകയും, ജനപ്രതിനിധികള്‍ കൂലിത്തല്ലുകാരെപ്പോലെ തരം താഴുകയും ചെയ്യുന്നത് നമ്മുടെ നാടിന്റെ രാഷ്ട്രീയ ഘടനയ്ക്ക് ഭൂഷണമല്ല. എന്തും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി ജനപ്രതിനിധികള്‍ മാറരുത്. മാപ്പെന്ന രണ്ടക്ഷരം കൊണ്ട് തീരുന്നതല്ല ഇത്തരം നാക്ക് പിഴകള്‍. മന്ത്രി കെ.ബി.ഗണേഷ്കുമാര് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പറഞ്ഞ കാര്യങ്ങള്‍ സാംസ്കാരിക കേരളത്തിന് എന്നും കറുത്ത കുത്തായി അവശേഷിക്കും. പണ്ട് കെ.ഇ.എന്നിനെതിരെ വി.എസ് നടത്തിയ പദപ്രയോഗവും ഈ ഗണത്തില്‍ തന്നെ. പ്രസംഗത്തിന്റെ ആവേശത്തില്‍ എന്തും വിളിച്ചു പറയാമെന്ന പി.സി.ജോര്‍ജ്ജ് അച്ചായന്റെ വിശദീകരണം വിവരക്കേടിന് പൂഞ്ഞാറിലെ എം.എല്‍.എ യുടെ പേര് നല്‍കിയതിന് തുല്യമാണ്. പത്തനാപുരത്ത് പി.സി.ജോര്‍ജ്ജ് നടത്തിയ പ്രസംഗം വീട്ടിലുള്ള പെണ്ണുങ്ങളെക്കുറിച്ച് ബോധമുള്ളവന്റെ തൊലിയുരിക്കുന്നതാണ്. വി.എസിനെതിരെ അസഭ്യ പ്രയോഗം നടത്തി പ്രസംഗിക്കാന്‍ ഗണേഷ് കുമാറിനെ പ്രേരിപ്പിച്ചത് സ്വന്തം അച്ഛനെതിരെ വി.എസ് നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായുള്ളതാണെന്ന് മനസ്സിലാക്കാം. നിയമസഭയില്‍ താനുള്‍പ്പെടെയുള്ളവരുടെ സംരക്ഷണ ചുമതല ഏറ്റെടുത്തവരില്‍ പെട്ട ഒരു സ്ത്രീയെക്കുറിച്ച് അത്യന്തം മ്ളേച്ചമായ രീതിയില്‍ പ്രസംഗിക്കാന്‍ പി.സി.ജോര്‍ജ്ജിനെ പ്രേരിപ്പിച്ച വികാരമെന്തെന്നത് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടാത്തതാണ്. സമൂഹത്തിന് മാതൃക കാണിക്കേണ്ടവരാണ് ജനപ്രതിനിധികളെന്ന പൊതുബോധം നഷ്ടമാവുന്നിടത്താണ് ഇത്തരം വഷളത്തരങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നത്.
നിയമസഭാ സമ്മേളനം കാണാന്‍ സന്ദര്‍ശക ഗാലറിയില്‍ എത്തുന്നവര്‍ സഭയോട് അനാദരവ് കാണിക്കുന്ന തരത്തില്‍ ശരീര ചലനങ്ങള്‍ നടത്താന്‍ പോലും പാടില്ലെന്നാണ് അലിഖിതമായ പെരുമാറ്റച്ചട്ടം. എന്നാല്‍ സഭയുടെ അകത്തളത്തില്‍ ഇരിപ്പുറപ്പിച്ചവര്‍ക്ക് ഇത് ബാധകമല്ലെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ സംഭവവികാസങ്ങളും അരങ്ങേറിയത്. ചോദ്യോത്തരവേളയ്ക്ക് പുറമെയുള്ള ചില സെഷനുകള്‍ ചാനലുകളിലൂടെ പുറം ലോകത്തെത്തിയപ്പോള്‍ നമ്മുടെ മന്ത്രിമാരുടെയും, എം.എല്‍.എമാരുടെയും തനി നിറം പ്രകടമായി. സഭയ്ക്കകത്തെ പുലികളെ എലികളാക്കണമെങ്കില് നിയമസഭാ സമ്മേളനം പൂര്‍ണ്ണമായും പുറം ലോകത്തെത്തിക്കുന്ന സാഹചര്യമുണ്ടാകണം. നമ്മുടെ ജനപ്രതിനിധികളെ ഷണ്ഡീകരിക്കുക എന്നതല്ല ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. സഭാതലം പൊതുജനമെന്ന ലോകത്തിനു വേണ്ടിയുള്ള ധര്മ്മയുദ്ധഭൂമിയായതുകൊണ്ടു തന്നെ പോരാളികള്‍ക്ക് ധര്‍മ്മവും മൂല്യവും കൈവിടാതിരിക്കുവാന്‍ വേണ്ടിയാണിത്.
നിയമസഭ സമ്മേളനങ്ങള്‍ പ്രജകളുടെ ക്ഷേമ, ഐശ്വര്യങ്ങള്‍ക്കായുള്ള തീരുമാനങ്ങള്‍ രൂപപ്പെടേണ്ട വേദിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള നിയമനിര്‍മ്മാണങ്ങളുടെ കേന്ദ്രമായതിനാലാണ് സഭ ആദരവിന്റെ മൂര്‍ത്തീഭാവമായി മാറുന്നത്. എന്നാലിന്ന് നിയമസഭ സമ്മേളനങ്ങള്‍ ചേരുന്നത് പ്രതിപക്ഷത്തിന് ഇറങ്ങിപ്പോകാനാണെന്ന രൂപത്തിലേക്ക് മാറിയിരിക്കുന്നു. വാക്കൌട്ട് സഭയെ ബോയ്ക്കോട്ട് ചെയ്യുന്നതിലേക്കെത്തിയിരിക്കുന്നു. സഭയുടെ നടുത്തളം അങ്കത്തളമായി മാറുന്നു. സഭയില്‍ അംഗങ്ങളില്‍ പലരും മദ്യപിച്ചെത്തുന്നുവെന്ന് മന്ത്രിക്കു തന്നെ പറയേണ്ട ഗതികേടുണ്ടായി. ഇനി മുണ്ടുരിയലും, മുണ്ടുപൊക്കലും, കസേരയേറും വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ കാണാനാകും. കാണാനും കേള്‍ക്കാനും മാത്രം വിധിക്കപ്പെട്ടവര്‍ ഇതൊക്കെ കണ്ടും കേട്ടും ഇവിടെയൊക്കെത്തന്നെയുണ്ടാകും. ആഭാസങ്ങളുടെ കൂത്തരങ്ങായി നിയമനിര്‍മ്മാണ സഭയേയും, പൊതുവേദികളേയും മാറ്റുന്നതിനു മുമ്പ് നിങ്ങള്‍ മാന്യ•ാരുടെ പ്രതിനിധികളാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. നിങ്ങള്‍ പറയുന്നത് തത്സമയം കണ്ടും കേട്ടും പുതിയൊരു തലമുറ വളരുന്നുണ്ട്. പത്തനാപുരം മോഡല്‍ പ്രസംഗങ്ങള്‍ ഏത് വികാരത്തിന്റെ പുറത്തായാലും വളരുന്ന തലമുറയ്ക്ക് നല്കുന്ന സന്ദേശമെന്തെന്ന് തിരിച്ചറിയണം. മാന്യതയുടെ നിര്‍വ്വചനം ഓരോരുത്തര്‍ക്കും വ്യത്യസ്തമാകാം. എന്നാലത് പൊതുമാനദണ്ഡത്തിലൊതുങ്ങുന്നതാകണം. അല്ലായെങ്കില്‍ മഹത്തരമായ ജനാധിപത്യ സംവീധാനത്തിന്റെ മുഖത്തായിരിക്കും പുതുതലമുറ കാര്‍ക്കിച്ച് തുപ്പുക.
- കെ.വി.നദീര്‍
അസ്സലാമു അലൈക്കും. നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ മതിയാകില്ല നദീര്‍. മുഴുവനായും ഒന്നുക്കൂടി വായിക്കണം.നാട്ടിലേക്ക് വരാനുള്ള തിരക്കിലായതിനാല്‍ ഒന്ന് ഓടിച്ചു വായിക്കാനേ സാധിച്ചുള്ളൂ.
ReplyDeleteമറ്റു ലേഘനങ്ങളും വായിക്കാനുണ്ട്. ഈ രംഗത്ത് ഒരുപാടൊരുപാട് മുന്നേറാന്‍ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.
അസ്സലാമുഅലൈക്കും,
ReplyDeleteനദീര്‍, ചുറ്റുപാടുകളെ നിരീക്ഷിക്കുകയും അതിനെ e കാന്‍വാസില്‍ പകര്‍ത്തുകയും ചെയ്യുന്ന നമ്മുടെ പൊന്നാനിക്കാരന് സുഹൃത്തിന് എല്ലാ ഭാവുകങ്ങളും.