
തീരവാസികള്‍ മനുഷ്യരല്ലെ... 'ഞങ്ങടെ ദുരിതം കാണാത്തോരോട് പടച്ചോന്‍ പൊറുക്കൂല' എന്ന് പൊന്നാനി തീരദേശത്തെ കടലെടുത്ത വീടിനു മുന്നിലിരുന്നു ആയിശുമ്മ എന്ന വൃദ്ധ നിറകണ്ണുകളോടെ പറഞ്ഞത് ഭരണകൂടത്തോടും, ഉദ്യോഗസ്ഥ വര്‍ഗ്ഗത്തോടുമുള്ള ഉഗ്രശേഷിയുള്ള പ്രതിഷേധം കണക്കെയായായിരുന്നു. നേരം ഇരുട്ടി വെളുക്കുമ്പോഴേക്ക് ജീവിത സമ്പാദ്യം മുഴുവന്‍ കടല്‍ കവര്‍ന്നെടുക്കുന്ന സ്ഥിതി കാലങ്ങളായി നേരിടുന്നവരാണ് തീരദേശ വാസികള്‍. ആദിവാസികളെ പോലെ അവഗണനയും ചൂഷണവും നേരിടാന്‍ മാത്രം വിധിക്കപ്പെട്ട തീരദേശത്തെ മനുഷ്യക്കോലങ്ങള്‍ വോട്ട് ബാങ്കെന്ന പരിഗണനക്കപ്പുറത്തേക്ക് ഇനിയും ഇടം പിടിച്ചിട്ടില്ല. വര്‍ഷത്തിന്റെ പകുതിയും ദുരിതം നേരിടേണ്ടവരായി ഇവര്‍ മാറ്റപ്പെട്ടിട്ടും ശാശ്വത പരിഹാരമാര്‍ഗ്ഗങ്ങള്‍ തീരത്തേക്ക് കടല്‍കടന്നെത്തുന്നില്ല. തിരമാലകളില്‍ നിന്ന് തീരത്തെ സംക്ഷിക്കാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കപ്പെടാതിരുന്നതാണ് മുഴുവന്‍ കഷ്ടതകള്‍ക്കും വഴിവെച്ചത്. മഴ തുടങ്ങി അവസാനിക്കുന്നതുവരെ കടലാക്രമണത്തിന്റെ രൂക്ഷത അനുഭവിക്കേണ്ടി വരുന്നതിനാല്‍ ഓരോ വര്‍ഷവും ഭവനരഹിതരാക്കപ്പെടുന്നവര്‍ നിരവധിയാണ്. കടലോരത്തെ ഇപ്പോഴത്തെ താമസക്...